യുവാക്കളിലെ ഹൃദയാഘാതം; നേരത്തെ തിരിച്ചറിയാനും തടയാനുമാകും, ഡോ. സുരേഷ് ഡേവിസ് എഴുതുന്നു

ഹൃദയാഘാതം (heart attack), ഓഹ് അത് അമ്പതുകള്‍ കഴിഞ്ഞവര്‍ക്ക് വരുന്ന രാഗമായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്, അതുകൊണ്ട് തന്നെ ചെറുപ്പക്കാര്‍ അതിനെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ അത്യാഹിത വിഭാഗത്തിലും സിസിയുവിലും ഞങ്ങള്‍ക്ക് പലപ്പോഴും ചെറുപ്പക്കാരായ രോഗികളെ കണ്ടുമുട്ടേണ്ടി വരാറുണ്ട്. ഇവരില്‍ പലരും അവരുടെ കുടുംബത്തിന്റെ അത്താണികളായതിനാലും പലരും അവരുടെ കുടുംബത്തിന്റെയും കരിയറിന്റെയും തുടക്കകാലത്തായതിനാലും യുവാക്കളിലെ ഹൃദയാഘാതവും മരണവും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദുഃഖകരമാണ്. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകള്‍, ചെറുപ്പക്കാരില്‍ കണ്ടുവരുന്ന ഹൃദയാഘാതത്തിന്റെ കാരണം, ഒരു പരിധിവരെ ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാം എന്നിവയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകള്‍ എന്തൊക്കെയാണ്?
നെഞ്ചിലെ അസ്വാസ്ഥ്യം:
ഇത് ഒരു വേദന മാത്രമായിട്ടല്ല, പകരം നെഞ്ചിലൊരു മുറുക്കം, അസ്വസ്ഥത, ഭാരം, വേദനയുടെ കൃത്യമായ സ്വഭാവം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ കൂടിയാണ് എന്നത് പലരും തിരിച്ചറിയാതെ പോകുന്ന വസ്തുതയാണ്. ഇത് ചിലപ്പോള്‍ വയറിന്റെ മുകളിലെ അസ്വസ്ഥത, ബെല്‍ച്ചിംഗ്, ഛര്‍ദ്ദി എന്നിവയ്ക്കൊപ്പം ഒരു വയറ് വേദനപോലെയും അനുഭവപ്പെടാം.
മറ്റു വേദനകള്‍:
ചിലപ്പോള്‍ താടിയെല്ലിലെ വേദന, കഴുത്തിലെ വേദന അല്ലെങ്കില്‍ നടുവേദന, ചിലപ്പോള്‍ നെഞ്ചില്‍ നിന്ന് ഇടത് തോളിലേക്കും കൈയിലേക്കും നീളുന്ന വേദനയായി പോലും പ്രത്യക്ഷപ്പെടാം. ഇത് സാധാരണയായി കുറച്ച് മിനിറ്റുകളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും എന്നതാണ് ഈ വേദനയുടെ ഒരു പ്രത്യേകത. ഒരാളുടെ ജീവിതത്തില്‍ അയാള്‍ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ വേദനയായിരിക്കാം ഇത്.
പ്രകടമായ വേദനയല്ലാത്ത ലക്ഷണങ്ങള്‍:
ചില രോഗികളുടെ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക് സാധാരണ വേദന അനുഭവപ്പെടില്ല, പകരം അവര്‍ക്ക് അസാധാരണമായ ശ്വാസതടസ്സം, ഹൃദയമിടിപ്പ്, തലകറക്കം അല്ലെങ്കില്‍ ക്ഷീണം എന്നിവ അനുഭവപ്പെടാം. ഇവയെ ആന്‍ജൈനല്‍ ഇക്വലന്റ്( Anginal equivalent )എന്ന് വിളിക്കുന്നു. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, കാരണം ഇത് വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.
യുവാക്കളില്‍ കണ്ടുവരുന്ന ഹൃദയാഘാതത്തിന്റെ പൊതുവായ കാരണങ്ങള്‍?
യുവാക്കളുടെ ഹൃദയാഘാതത്തിന്റെ ഏറ്റവും പൊതുവായ കാരണങ്ങളിലൊന്ന് പ്രമേഹത്തിന്റെ ആരംഭമാണ്, ഇത് പലപ്പോഴും കണ്ടെത്താന്‍ കഴിയാതെ പോകുന്നു. ഇന്ത്യ ഇപ്പോള്‍ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ്, ജനിതകപരമായി പ്രമേഹം വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് നമ്മള്‍ ഇന്ത്യക്കാര്‍ക്കാണ്.
ഒട്ടും ആക്റ്റീവ് അല്ലാത്ത ജീവിതശൈലി, വയറിന്റെ ഭാഗത്തെ പൊണ്ണത്തടി, പാശ്ചാത്യ ഭക്ഷണ പാനീയങ്ങളോടുള്ള ആസക്തി എന്നിവ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും ആത്യന്തികമായി പ്രമേഹത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളമായി നമ്മുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചത് യുവാക്കളിലെ പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിയൊരുക്കി.
പുകവലിയും പുകയില ഉപയോഗവും കാന്‍സറുണ്ടാക്കുമെന്നത് മാത്രമല്ല ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. പുകവലിക്കുന്നവരില്‍ കൊറോണറി ആന്‍ജിയോഗ്രാം (coronary angiogram)ചെയ്യുമ്പോള്‍ രക്തകുഴലിലെ തടസ്സങ്ങള്‍ (blocks)കാണാന്‍ സാധിക്കില്ല, പകരം ചെറിയ വിള്ളലുകളുള്ള പ്ലേക്കുകളും ധാരാളം രക്തക്കട്ടകളുമാണ് കാണാന്‍ സാധിക്കുന്നത്.
പുകവലി രക്തക്കുഴലുകളെ പരിക്കേല്‍പ്പിക്കുകയും രക്തം കട്ടപിടിക്കുന്ന ഘടകങ്ങളെ സജീവമാക്കുകയും രോഗശാന്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവരില്‍ ഹൃദയത്തിലേക്കുള്ള ധമനികളിലെ കോച്ചിപിടുത്തം, ഹൃദയാഘാതം, പെട്ടെന്നുള്ള ഹൃദയ സ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്രോഗം(Cardio Vascular issues), പെട്ടന്നുള്ള ഹൃദയസ്തംഭനം(heart attack) എന്നിവ വന്നിട്ടുണ്ടെങ്കില്‍ അത് അവഗണിക്കരുത്. ഹൃദ്രോഗവും ഹൃദയാഘാതവുമുള്ള ചെറുപ്പക്കാരില്‍ സാധാരണയായി കണ്ടുവരുന്ന അപകട ഘടകങ്ങളിലൊന്നാണിത്. മാതാപിതാക്കളിലോ സഹോദരങ്ങളിലോ പുരുഷന്മാരില്‍ 55 വയസ്സിന് മുമ്പും സ്ത്രീകളില്‍ 65 വയസ്സിന് മുമ്പും, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍(Myocardial infarction ), കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി(coronary artery bypass surgery), ആന്‍ജീന പെക്‌റ്റോറിസ് (Angina pectoris).
അല്ലെങ്കില്‍ ഇസെമിയയുടെ (Ischemia) പോസിറ്റീവ് ട്രെഡ് മില്‍ ടെസ്റ്റ് ഡയഗ്‌നോസ്റ്റിക് (Positive treadmill test diagnostic)എന്നിവയുടെ ചരിത്രമുണ്ടെങ്കില്‍ അതിനെയാണ് കൊറോണറി ആര്‍ട്ടറി രോഗത്തിനുള്ള പോസിറ്റീവ് കുടുംബ ചരിത്രമായി നിര്‍വചിച്ചിരിക്കുന്നത്. ഈ കുടുംബങ്ങളില്‍ കണ്ടുവരുന്ന ഹൃദ്രോഗത്തിനുള്ള ജനിതക പ്രവണത അല്ലെങ്കില്‍ കുടുംബങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ലിപിഡ് ഡിസോര്‍ഡേഴ്‌സ് മൂലമാകാം ഇവ.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ്, ആക്റ്റീവ് അല്ലാത്ത ജീവിതശൈലി എന്നിവ പോലുള്ള മറ്റ് അപകട ഘടകങ്ങളെല്ലാം യുവാക്കളിലെ ഹൃദയാഘാതത്തിന് കാരണമാകുന്നു.
പ്രതിരോധം
ചികില്‍സയേക്കാള്‍ പ്രതിരോധമാണ് നല്ലത് (Prevention is better than Cure )എന്നത് ഒരു പഴഞ്ചൊല്ലാണ്, യുവാക്കളുടെ ഹൃദയാഘാതത്തെ (heart attcks in young) സംബന്ധിച്ചിടത്തോളം ഇത് വളരെ സത്യമാണ്. വ്യായാമത്തില്‍ നിന്ന് തുടങ്ങാം. 45 മിനിറ്റ് എയ്‌റോബിക് വ്യായാമം (Aerobic Excercise), നടത്തം, ഓട്ടം അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് ആകട്ടെ, ആഴ്ചയില്‍ 5 ദിവസമെങ്കിലും എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.
ഹൃദയത്തിനുള്ള മികച്ച എയ്‌റോബിക് വ്യായാമങ്ങളായി ഭാരോദ്വഹനത്തേയും ബോഡി ബില്‍ഡിംഗിനേയും കണക്കാക്കരുത്, അവ ഹൃദയത്തിന് ഹാനികരമായേക്കാം. യോഗ, പ്രാണായാമം, സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ എന്നിവ നിങ്ങളുടെ പതിവ് വ്യായാമ ഷെഡ്യൂളില്‍ ചേര്‍ക്കാവുന്നതാണ്.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം (diet)ഹൃദയത്തിന് ഒരു വിരുന്നാണ്. വറുത്ത വസ്തുക്കളും ജങ്ക് ഫാസ്റ്റ് ഫുഡുകളും (junk foods)കഴിയുന്നത്ര ഒഴിവാക്കുക. റെഡ് മീറ്റിന്റെ (Red meat)ഉപയോഗം കുറയ്ക്കുക, മത്സ്യത്തെ അടിസ്ഥാനമാക്കിയുള്ള സസ്യാഹാരം(vegetarian food) മുന്‍ഗണന നല്‍കുക. പനീറിന് പകരം ടോഫൂ (tofu)കഴിക്കുന്നത് സസ്യഭുക്കുകള്‍ക്ക് കൂടുതല്‍ ആരോഗ്യകരമാണ്.
കൊറോണറി അപകടസാധ്യത ഘടകങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനുള്ള താക്കോലാണ്. എല്ലാ യുവാക്കളും 30 വയസ്സ് തികയുമ്പോഴേക്കും അതിനുമുമ്പ് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കുടുംബ ചരിത്രമുണ്ടെങ്കില്‍ പോലും അവരുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍(fasting bloos sugar,) ലിപിഡ് പ്രൊഫൈലുകള്‍(lipid profiles) എന്നിവ പരിശോധിക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ കൊറോണറി ആര്‍ട്ടറി രോഗം മാത്രമല്ല, സ്‌ട്രോക്കുകള്‍, കരോട്ടിഡ്, പെരിഫറല്‍ വാസ്‌കുലര്‍ രോഗം എന്നിവ ഉള്‍പ്പെടുന്നു.
ചികിത്സ
സെറം കൊളസ്‌ട്രോള്‍ 200 - 250 mg % നും LDL കൊളസ്‌ട്രോള്‍ 130 - 160 mg % നും ഇടയില്‍ ഉള്ള വ്യക്തികള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിച്ച് നിര്‍ത്തുന്നത് നാം പലപ്പോഴും കാണാറുണ്ട്. പെട്ടന്ന് മരുന്ന് നിര്‍ത്തിയാല്‍ കൊളസ്ട്രോളിന്റെ അളവ് വീണ്ടും ഉയരുമെന്നതിനാല്‍ ഇതുകൊണ്ട് പ്രയോജനമില്ല.
ജീവിതശൈലി പരിഷ്‌ക്കരണവും സൂക്ഷ്മമായ വ്യായാമവും പതിവായുള്ള മരുന്ന് ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും. ലിപിഡ് കുറയ്ക്കുന്ന സ്റ്റാറ്റിന്‍( Statin ) പോലുള്ള മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, പല പ്രാഥമിക പ്രതിരോധ പരീക്ഷണങ്ങളിലും, മോശം കൊളസ്ട്രോള്‍ സാധാരണ നിലയിലുള്ള രോഗികളില്‍പ്പോലും ഹൃദയ സംബന്ധമായ മരണനിരക്ക് കുറയ്ക്കുന്നതായി കാണിക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ സംശയിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്. A stitch in time saves nine but I tell you, a proper timely visit to a cardiologist saves life. പക്ഷേ ഞാന്‍ നിങ്ങളോട് പറയുന്നു, ശരിയായ സമയത്ത് ലക്ഷണങ്ങളെ അവഗണിക്കാതെ നിങ്ങളെടുക്കുന്ന മുന്‍കരുതലാണ് നിങ്ങളുടെ ആയുസ്സിന്റെ ദൈര്‍ഘ്യവും കൂട്ടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it