കുടുംബ ബിസിനസുകളെ കാലങ്ങളോളം നിലനിര്‍ത്താന്‍ പ്രൊഫഷണലൈസ് ചെയ്യാം

കേരളത്തില്‍ എത്ര കുടുംബ ബിസിനസുകളുണ്ട്? വിരല്‍ മടക്കിയും മനക്കണക്ക് കൂട്ടിയും എണ്ണാന്‍ വരട്ടെ. ചുറ്റിലുമൊന്ന് കണ്ണോടിച്ചാല്‍ മതി. നാട്ടിലെ പലചരക്ക് കടകള്‍, ഹോട്ടലുകള്‍ എന്നുവേണ്ട കേരളത്തിന്റെ യശസ്സ് ആഗോളതലത്തിലേക്ക് എത്തിച്ചിരിക്കുന്ന സിന്തൈറ്റ്, വി ഗാര്‍ഡ്, ലുലു ഗ്രൂപ്പ് എന്നിങ്ങനെ വന്‍കിട ഗ്രൂപ്പുകള്‍ വരെ കുടുംബ ബിസിനസുകളാണ്.

''കേരളത്തിലെ 90-95 ശതമാനം ബിസിനസുകളും കുടുംബ ബിസിനസുകളാണ്. ഇതില്‍ തന്നെ 10 കോടിക്കും 500 കോടിക്കുമിടയില്‍ വിറ്റുവരവുള്ള ബിസിനസുകളെ എടുത്താല്‍ അതില്‍ 97 ശതമാനവും ഈ ഗണത്തില്‍ പെടും'' കുടുംബ ബിസിനസുകളെ വെല്ലുവിളികള്‍ മറികടന്ന് വളരാനും അവയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനും വേണ്ട പിന്തുണ നല്‍കുന്ന ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ ഹ്യൂമണ്‍ ക്യാപിറ്റല്‍ സൊല്യൂഷന്‍സ് എല്‍.എല്‍.പിയുടെ ലീഡ് പാര്‍ട്ണര്‍ എം.ആര്‍ രാജേഷ് കുമാര്‍ പറയുന്നു.

ഇന്ത്യയില്‍ തന്നെ ടാറ്റ, റിലയന്‍സ്, ഹീറോഗ്രൂപ്പ്, മുരുഗപ്പ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ബജാജ് എന്നിങ്ങനെ നൂറുകണക്കിന് വമ്പന്‍ കോര്‍പ്പറേറ്റുകളുടെ വേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് കുടുംബങ്ങളിലാണ്. ആഗോളതലത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റാര്‍ട്ടപ്പ് രംഗത്തുമുണ്ട് കുടുംബ ബിസിനസുകളുടെ സ്വാധീനം. കുടുംബ ബിസിനസുകളിലെ പുതുതലമുറയുടെ സാരഥ്യത്തില്‍ വരുന്നവയും സഹോദരീ സഹോദരന്മാരും ജീവിത പങ്കാളികളും കൂടി ചേര്‍ന്ന് തുടക്കമിടുന്ന സ്റ്റാര്‍ട്ടപ്പുകളും ഒട്ടേറെയാണ്.

''കുടുംബാംഗങ്ങള്‍ കൈകാര്യം ചെയ്യുന്നവ മാത്രമല്ല എന്റെ അഭിപ്രായത്തില്‍ കുടുംബ ബിസിനസ്. യുക്തിസഹമായ തീരുമാനങ്ങള്‍ക്കൊപ്പം വൈകാരികതയ്ക്കും ഊന്നല്‍ നല്‍കുന്ന ബിസിനസുകളെല്ലാം കുടുംബ ബിസിനസുകളാണ്'' രാജേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു.

പഠനങ്ങള്‍ പറയുന്നു ഇക്കാര്യങ്ങള്‍

കേരളത്തിലെ കുടുംബ ബിസിനസുകളെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് പഠനങ്ങളുമായി തങ്ങള്‍ സഹകരിച്ചിരുന്നുവെന്ന് രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.ഐ.എം അഹമ്മദാബാദിലെ ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് ഫാക്കല്‍റ്റി പ്രൊഫ. ബിജു വര്‍ക്കിയുമായി ചേര്‍ന്ന് കോവിഡ് കാലത്തും പിന്നീട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യുമായി ചേര്‍ന്ന് മറ്റൊന്നും.

''ഈ രണ്ട് പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. കുടുംബ ബിസിനസുകളിലേക്ക് പുതുതലമുറ സജീവമായി കടന്നുവന്നിരിക്കുന്നു. ഇത് കൂടാതെ പുത്തന്‍ സാങ്കേതിക വിദ്യകളും വ്യാപകമായിരിക്കുന്നു. കോവിഡ് കാലത്താണ് ഈ രണ്ടു പ്രവണതകളും ശക്തമായത്. മറ്റൊന്ന് കുടുംബ ബിസിനസുകളിലേക്ക് എത്തുന്ന പുതുതലമുറയുടെ വൈദഗ്ധ്യം കൂട്ടുന്നതിനും സവിശേഷ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. കുടുംബ ബിസിനസുകള്‍ പഴയതുപോലെ പോയാല്‍ പോര. കൂടുതല്‍ സംഘടിത സ്വഭാവത്തോടെ പ്രൊഫഷണലൈസ് ചെയ്തു മുന്നോട്ട് പോകണമെന്ന ചിന്തയും മുമ്പത്തേക്കാള്‍ കൂടുതലായുണ്ട്'' രാജേഷ് കുമാര്‍ നിരീക്ഷിക്കുന്നു.

അതേസമയം കേരളത്തിലെ കുടുംബ ബിസിനസ് സാരഥികള്‍ അവര്‍ പ്രായോഗികമായി നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് തുറന്ന് സംസാരിക്കാനും മടിക്കുന്നുണ്ട്. ഇത്തരം മടികള്‍ മാറ്റി വെച്ച് കുടുംബ ബിസിനസുകളെ കാലോചിതമായി നവീകരിക്കാനും പ്രൊഫഷണലൈസ് ചെയ്യാനും മുന്നിലെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കാനും മുന്നോട്ട് വരുന്നവര്‍ പ്രകടമായ വളര്‍ച്ച നേടുന്നുമുണ്ട്. മാത്രമല്ല കേരളത്തില്‍ കുടുംബ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്ത് മുമ്പത്തേക്കാളും സ്ഥാപനങ്ങളും മാനേജ്മെന്റ് വിദഗ്ധരും സജീവമാണ്.

സമഗ്രമായ കാഴ്ച്ചപ്പാട്

സാധാരണ ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമാണ് കുടുംബ ബിസിനസിന്റെ സഹജമായ സങ്കീര്‍ണതകള്‍. അവിടെ കുടുംബാംഗങ്ങളുടെ രക്തബന്ധമുണ്ട്, വൈകാരിക തലങ്ങളുണ്ട്, തലമുറകളായി കൈമാറി വരുന്ന അലിഖിതമായ ചില കീഴ്വഴക്കങ്ങളുണ്ട്. മുതിര്‍ന്നവരും ഇളം തലമുറയും തമ്മിലുള്ള ആശയഭിന്നതയും ഇതില്‍ കാണും. കുടുംബ ബിസിനസിന്റെ പാരമ്പര്യം, മുതിര്‍ന്ന തലമുറയുടെ അനുഭവ പരിചയം, പുതുതലമുറയുടെ വൈദഗ്ധ്യം, ഭാവി സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിച്ചുള്ള സമഗ്രമായ മാനേജ്മെന്റ് സ്ട്രാറ്റജികളിലൂടെ മാത്രമേ ഇക്കാലത്ത് കുടുംബ ബിസിനസുകള്‍ക്ക് മുന്നോട്ട് പോകാനാവൂ.

''മാനുഷിക കാഴ്ച്ചപ്പാടുള്ള സ്ട്രാറ്റജികളിലൂടെ മാത്രമേ കുടുംബ ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യാനാകുകയുള്ളൂ. ബിസിനസിന് സാരഥ്യം നല്‍കുന്ന കുടുംബത്തെ പോലും പ്രൊഫഷണലൈസ് ചെയ്യണം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഓര്‍ഗനൈസേഷന്‍ പുന:ക്രമീകരണം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദഗ്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണ്'' രാജേഷ് കുമാര്‍ വിശദീകരിക്കുന്നു.

ഫാമിലി ബിസിനസ് മാനേജ്മെന്റ് രംഗത്ത് തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ടുവരികയാണ് ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍. ''കേരളത്തിലെ കുടുംബ ബിസിനസുകള്‍ ഇത്തരം സ്ഥാപനങ്ങളുടെ സേവനം തേടിക്കൊണ്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് പോവുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലെ ബിസിനസുകള്‍ കൂടുതല്‍ വളരുകയും തൊഴിലുകള്‍ കൂടുതല്‍ സൃഷ്ടിക്കുകയും ചെയ്യണം. നമ്മുടെ പുതുതലമുറയെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ ഇതൊക്കെ അനിവാര്യമാണ്. എന്റെ ബിസിനസ്, എന്റെ കുടുംബം എന്നതില്‍ നിന്ന് വളരെ വിശാലമായ കാഴ്ച്ചപ്പാടിലേക്ക് വളരാന്‍ പുറത്തുനിന്നുള്ള പ്രൊഫഷണലുകളുടെ സേവനം തേടുക തന്നെ വേണം'' കേരളത്തിലെ ഒരു പ്രമുഖ ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് അഭിപ്രായപ്പെടുന്നു.

വെല്ലുവിളികള്‍ വിജയകരമായി മറികടക്കാം

ഫാമിലി ബിസിനസ് മാനേജ്മെന്റ് രംഗത്ത് വ്യത്യസ്തമായ കാഴ്ച്ചപ്പാടും അനുഭവ സമ്പത്തുമാണ് ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ സ്ഥാപകനും ലീഡ് പാര്‍ട്ണറുമായ എം.ആര്‍ രാജേഷ് കുമാറിനെ വേറിട്ട് നിര്‍ത്തുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെയും ഫാമിലി ബിസിനസിന്റെയും കൂടെ മൂന്ന് പതിറ്റാണ്ടോളം കാലത്തെ അനുഭവ പരിചയം ഇദ്ദേഹത്തിനുണ്ട്. ഫാമിലി ബിസിനസ് അഡൈ്വസറി രംഗത്തും എക്സിക്യൂട്ടീവ് കോച്ചിംഗ് മേഖലയിലും പ്രൊഫഷണല്‍ സേവനം നല്‍കുന്ന രാജേഷ് കുമാര്‍, ഇന്റര്‍നാഷണല്‍ കോച്ചിംഗ് ഫെഡറേഷന്റെ പ്രൊഫഷണല്‍ കോച്ചിംഗ് കോച്ച് അംഗീകാരം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സിക്യൂട്ടീവ് കോച്ചിംഗിന്റെ മെന്റര്‍ കോച്ച്, ഹൈദരാബാദ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ ഫാമിലി ബിസിനസ് ഫസിലിറ്റേറ്റര്‍ എന്നീ റോളുകള്‍ വഹിക്കുന്ന രാജേഷ് കുമാറിന്റെ സേവനം ദേശീയ, രാജ്യാന്തര തലത്തിലെ കമ്പനികളും കുടുംബ ബിസിനസും തേടുന്നുണ്ട്. കേരളത്തിലെ കുടുംബ ബിസിനസുകള്‍ പ്രൊഫഷണലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാജേഷ് കുമാര്‍ സംസാരിക്കുന്നു.

Q. കേരളത്തിലെ കുടുംബ ബിസിനസുകള്‍ എന്തിന് പ്രൊഫഷണലൈസ് ചെയ്യണം? കാലങ്ങളായി അവര്‍ പോകുന്ന രീതിയില്‍ നിന്ന് അതിവേഗം മാറേണ്ടതുണ്ടോ?

ഉ. മറ്റേതൊരു ബിസിനസുകളില്‍ നിന്നും വ്യത്യസ്തമായി കുടുംബ ബിസിനസ് സാരഥികള്‍ക്ക് മറ്റൊരു കടമ കൂടിയുണ്ട്. മുന്‍ തലമുറയില്‍ നിന്ന് കൈമാറിക്കിട്ടിയ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം അവരിലുണ്ട്. അതുപോലെ തന്നെ ഈ പ്രസ്ഥാനത്തോടൊപ്പം കാലങ്ങളായി നില്‍ക്കുന്ന ജീവനക്കാര്‍, വില്‍പ്പനക്കാര്‍, ഓഹരി ഉടമകള്‍ എന്നിവരെ കൂടി പരിഗണിക്കണം.

മാറ്റത്തിനനുസരിച്ച് മാറാത്തതുകൊണ്ട്, മുന്നിലെ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതുകൊണ്ട് ബിസിനസുകള്‍ തകരുമ്പോള്‍ അതൊരു സ്വകാര്യ വ്യക്തിക്ക് സംഭവിക്കുന്ന ഒറ്റപ്പെട്ട തകര്‍ച്ചയല്ല. അതിലും വലുതാണ് പ്രത്യാഘാതങ്ങള്‍. അതുകൊണ്ടാണ് പുതിയ കാലത്ത് കുടുംബ ബിസിനസുകള്‍ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി പ്രൊഫഷണലൈസ് ചെയ്യണമെന്ന് പറയുന്നത്.

കുടുംബ ബിസിനസ് പ്രൊഫഷണലൈസ് ചെയ്താലുള്ള പ്രധാന മെച്ചങ്ങള്‍ ഇതൊക്കെയാണ്.

 • നല്ല ടീമംഗങ്ങളെ ലഭിക്കും: കേരളത്തിലെ കുടുംബ ബിസിനസുകളില്‍ പലതും 200-250 കോടി രൂപ വിറ്റുവരവ് എന്ന തലത്തിലെത്തിയ ശേഷം അടുത്ത തലത്തിലേക്ക് വളരാനാകാതെ സ്തംഭിച്ചുനില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇതിന് ഒരു കാരണം പ്രൊഫഷണലായ, ബിസിനസുകളെ അതിവേഗം വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിവുള്ളവരുടെ അഭാവമാണ്. ഇത്തരക്കാരെ ബിസിനസിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ കുടുംബ ബിസിനസുകള്‍ക്ക് പ്രൊഫഷണല്‍ പശ്ചാത്തലം വേണം. നല്ല ആളുകള്‍ വന്നാല്‍ കൂടുതല്‍ വേഗത്തില്‍ ബിസിനസുകള്‍ വളരും.

 • പുതുതലമുറയെ ആകര്‍ഷിക്കാം: കുടുംബത്തിലെ പുതുതലമുറ പരമ്പരാഗത ബിസിനസില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. 'ന്യൂ ജെന്‍' ബിസിനസിലേക്ക് വരണമെങ്കില്‍ കുടുംബ ബിസിനസില്‍ പ്രൊഫഷണലിസം തീര്‍ച്ചയായും വേണം.

 • കുടുംബ ബിസിനസില്‍ കൃത്യമായ സിസ്റ്റവും പ്രോസസും ഉണ്ടാവും: പീപ്പിള്‍, പ്രോസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇവ മൂന്നും ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഈ അടിത്തറയില്‍ നിന്ന് മാത്രമേ കരുത്തുറ്റ ബിസിനസ് കെട്ടിപ്പടുക്കാനാവൂ. ടീമംഗങ്ങള്‍ക്ക് ജോലിയും ഉത്തരവാദിത്തങ്ങളും വീതിച്ചു നല്‍കി കൃത്യമായ ഇടവേളയില്‍ അതിന്റെ നടത്തിപ്പ് ശരിയായ വിധത്തിലാണോയെന്ന് പരിശോധിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യം കുടുംബ ബിസിനസുകളിലുണ്ടായാല്‍ അതിന്റെ സാരഥികള്‍ക്ക് ഭാവിയിലേക്ക് വേണ്ട സ്ട്രാറ്റജികള്‍ മെനയാന്‍ കൂടുതല്‍ സമയം കിട്ടും. അല്ലെങ്കില്‍ നിത്യേനയുള്ള ജോലികളില്‍ മുഴുകി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാവാതെ പ്രയാസപ്പെടേണ്ടി വരും.


Q. എങ്ങനെയാണ് കുടുംബ ബിസിനസുകള്‍ പ്രൊഫഷണലൈസ് ചെയ്യേണ്ടത്?

ഉ. ഞങ്ങള്‍ ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ കാഴ്ച്ചപ്പാട് ഇക്കാര്യത്തില്‍ സമഗ്രമാണ്. മൂന്ന് സ്റ്റെപ്പുകളിലൂടെയാണ് ഞങ്ങള്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നത്. പ്രൊഫഷണലിസം എന്നാല്‍ കാലത്തിനൊത്ത് മാറുക എന്നതാണ്. ഇവയാണ് ആ മൂന്ന് സ്റ്റെപ്പുകള്‍:

 • സ്വയമേവ വരുത്തുന്ന പ്രൊഫഷണലൈസേഷന്‍: കുടുംബ ബിസിനസിന് നേതൃത്വം നല്‍കുന്ന വ്യക്തി പുതിയ കാലത്തിന് അനുയോജ്യമായ പ്രൊഫഷണല്‍ ബിസിനസ് സാരഥിയായി മാറ്റപ്പെടുന്ന പ്രക്രിയയാണിത്. ഇത് കണ്ടറിഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മാറ്റമാകാം. അല്ലെങ്കില്‍ പുറത്തുനിന്നുള്ളൊരു മെന്ററുടെയും കോച്ചിന്റെയും സഹായം തേടിക്കൊണ്ടുള്ളതാകാം. ഇത്തരമൊരു മാറ്റം ഈ കാലത്ത് തീര്‍ച്ചയായും വേണ്ട ഒന്നായതുകൊണ്ടാണ് ഞങ്ങളിതിന് ഊന്നല്‍ നല്‍കുന്നത്.

  ലോകം ആഴ്ച്ചയില്‍ നാല് ദിവസം ജോലി എന്ന തലത്തിലേക്ക് പോകുമ്പോള്‍ പഴയകാലത്തെ ശൈലി പിന്തുടരാന്‍ കുടുംബ ബിസിനസ് സാരഥി കടുംപിടിത്തം കാണിച്ചാല്‍ മികച്ച ജീവനക്കാര്‍ വിട്ടുപോകും. ചിലര്‍ ജോലി സ്വീകരിക്കുക തന്നെയില്ല. അതുപോലെ കമ്പനിയുടെ പേരില്‍ ഇ- മെയ്ല്‍ വിലാസം വേണം, ടീമംഗങ്ങള്‍ എങ്ങനെ തേച്ചുമിനുക്കി വിദഗ്ധരാകണമെന്ന് സാരഥി ആഗ്രഹിക്കുന്നുവോ അതുപോലെ സ്വയമായി മുന്നില്‍ നിന്ന് മാതൃക കാണിച്ചുകൊടുക്കേണ്ടവരാണ് സാരഥികള്‍. അവിടെയാണ് സ്വയമേവയുള്ള പ്രൊഫഷണലിസത്തിന്റെ പ്രസക്തി. ഇങ്ങനെയൊരു കാലോചിതമാറ്റമാണ് ഞങ്ങള്‍ ആദ്യപടിയായി ലക്ഷ്യമിടുന്നത്.

 • കുടുംബത്തിനെ പ്രൊഫഷണലൈസ് ചെയ്യുക: ഇത് അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമാണ്. കുടുംബത്തിലെ ഒരു വ്യക്തി കാലോചിതമായി മാറിയതുകൊണ്ട് കാര്യമില്ല. കുടുംബ ബിസിനസിന് നേതൃത്വം നല്‍കുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു പ്രൊഫഷണല്‍ കാഴ്ച്ചപ്പാട് ബിസിനസിനോട് വേണം. അല്ലെങ്കില്‍ പല കാര്യങ്ങളും എന്തിനാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള ധാരണ അവര്‍ക്ക് ലഭിക്കില്ല. മാത്രമല്ല കുടുംബ ബിസിനസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തതയും കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടായിരിക്കണം.

  അതിനായി ഒരു ഫാമിലി ചാര്‍ട്ടര്‍ അല്ലെങ്കില്‍ എഗ്രിമെന്റ് എഴുതി തയാറാക്കണം. കുടുംബത്തിലെ പുതുതലമുറ ബിസിനസില്‍ പ്രവേശിക്കുമ്പോള്‍ ഏത് റോളില്‍ നിന്ന് തുടങ്ങണം, അവരുടെ വേദനം എന്താകും, പെണ്‍കുട്ടികള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള ഘടനയാണോ എന്നിങ്ങനെ എല്ലാകാര്യത്തിലും വ്യക്തത വരുത്തി തികച്ചും പ്രൊഫഷണലായ രീതി കുടുംബത്തിലും കൊണ്ടുവരികയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്.

 • ഓര്‍ഗനൈസേഷനെ പ്രൊഫഷണലൈസ് ചെയ്യുക: പുറത്തുനിന്നുള്ള ഒരു സി.ഇ.ഒയെ ബിസിനസ് ഏല്‍പ്പിച്ചതുകൊണ്ട് കുടുംബ ബിസിനസില്‍ പ്രൊഫഷണലൈസേഷന്‍ വരണമെന്നില്ല. പരമ്പരാഗതമായുള്ള കുടുംബ ബിസിനസുകള്‍ക്ക് അതിന്റേതായ ചില മൂല്യങ്ങള്‍ കാണും. സംസ്‌കാരം കാണും. ഇവയ്‌ക്കെല്ലാം യോജിച്ച, മൂല്യങ്ങളെ മാനിക്കുന്ന, അനുയോജ്യനായ പ്രൊഫഷണലിന്റെ കൈകളില്‍ വേണം ബിസിനസിനെ ഏല്‍പ്പിക്കാന്‍.

  ഈ പ്രൊഫഷണലിന്റെയും കുടുംബ ബിസിനസിന്റെ സംസ്‌കാരവും മൂല്യങ്ങളും ഒത്തുപോകുന്നതാകണം. മാത്രമല്ല പുറത്തുനിന്നുള്ള പ്രൊഫഷണലിന് സ്വതന്ത്രമായി പ്രവര്‍ത്തിച്ച് റിസള്‍ട്ട് ഉണ്ടാക്കാന്‍ പറ്റുന്ന സംവിധാനവും ഓര്‍ഗനൈസേഷനില്‍ വേണം. അടിമുടി പ്രൊഫഷണലായ ഒരു കമ്പനിയില്‍ മാത്രമാണ് ഇതൊക്കെ സാധ്യമാവുകയുള്ളൂ. അതാണ് മൂന്നാമത്തെ സ്റ്റെപ്പിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ഓരോ കുടുംബ ബിസിനസിന്റെയും സാധ്യതകളും സാഹചര്യങ്ങളും എല്ലാം കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് ഇവ ഞങ്ങള്‍ നടപ്പാക്കുന്നതും.

ഗേറ്റ് വെയ്‌സ് ഗ്ലോബല്‍, കുടുംബ ബിസിനസുകള്‍ക്കായൊരു പ്രൊഫഷണല്‍ ടീം

കുടുംബ ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യാന്‍ വേണ്ടിയുള്ള അടിമുടി പ്രൊഫഷണലായ സേവനമാണ് ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ നല്‍കുന്നത്. ''മാനുഷിക വിഭവശേഷിയെ കേന്ദ്രബിന്ദുവാക്കി നിര്‍ത്തിക്കൊണ്ടുള്ള സ്ട്രാറ്റജിയാണ് ഞങ്ങളുടെ സവിശേഷത. കുടുംബ ബിസിനസ് മാനേജ്മെന്റ് രംഗത്ത് തികച്ചും കസ്റ്റമൈസ്ഡായുള്ള സേവനമാണ് ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ ഉറപ്പുനല്‍കുന്നത്'' എം.ആര്‍ രാജേഷ് കുമാര്‍ പറയുന്നു.

2018ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ ആദ്യ ക്ലയ്ന്റായ നസീം ഹെല്‍ത്ത് കെയര്‍ മുതലുള്ളവര്‍ തുടര്‍ച്ചയായി ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ സേവനം തേടിക്കൊണ്ടേയിരിക്കുന്നു. സിന്തൈറ്റ് ഗ്രൂപ്പ്, സിമേഗ, ഡബ്ള്‍ ഹോഴ്സ്, പോന്നൂര്‍ ഗ്രൂപ്പ്, ഇസാഫ്, ഇന്‍ഡല്‍ മണി, മറൈന്‍ ഹൈഡ്രോകൊളൈഡ്സ്, ഗുഡ് വീവ്, ജെ.ജി.എച്ച്, എ.വി.ടി ഗ്രൂപ്പ് എന്നിങ്ങനെ നിരവധി പ്രമുഖ കുടുംബ ബിസിനസുകള്‍ ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ സേവനങ്ങള്‍ തേടുന്നുണ്ട്.

സുസജ്ജമായ ടീം

കുടുംബ ബിസിനസിലെ മനുഷ്യവിഭവശേഷിയെ അതിന്റെ മികച്ച രീതിയില്‍ ഉപയോഗിച്ച് ഓര്‍ഗനൈസേഷന്റെ പ്രകടനം പലമടങ്ങ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത് ഗേറ്റ്വെയ്സ് ഗ്ലോബലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് വിജയ് ഗോപി അയ്യനാട്ടാണ്. സാലസ് കെ ഫ്രാന്‍സിസ്. ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ ക്ലയ്ന്റ്സുകള്‍ക്ക് ഫിനാന്‍സ് പ്രോസസ് രംഗത്ത് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.

ഗേറ്റ് വെയ്‌സ് ഗ്ലോബലിന്റെ സിനീയര്‍ കണ്‍സള്‍ട്ടന്റ് (ഫിനാന്‍സ്) ആണ് സാലസ് കെ ഫ്രാന്‍സിസ്. മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍, അഡ്മിനിസ്ട്രേഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനായി സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമായ ഷെഹ്സാന്‍ പി.പി, റോസ് മേരി എസ്, മേരി ക്രിസ്റ്റി എന്നിവരും ടീമിലുണ്ട്.

This story was published in the 31st March, 2023 edition of Dhanam Magazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it