സ്പര്‍ശ ഗോള്‍ഡ് & ഡയമണ്ട്‌സ്: ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് 'ഫിജിറ്റല്‍' തരംഗം

ലോകത്തിന്റെ ഏത് കോണിലിരുന്നും സ്മാര്‍ട്ട്‌ഫോണിലെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം. വേണമെങ്കില്‍ ഏറ്റവും അടുത്ത സ്റ്റോറില്‍ പോയി നേരില്‍ കാണുകയുമാകാം. ഒരേസമയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ സൗകര്യവും ഓഫ്ലൈന്‍ സ്റ്റോറുകള്‍ക്ക് മാത്രം ഉറപ്പുനല്‍കാനാവുന്ന തൃപ്തിപ്പെട്ടുള്ള വാങ്ങലും ഒരുക്കുന്ന 'ഫിജിറ്റല്‍'ഫോര്‍മാറ്റിലൂടെ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് ശക്തമായ ചുവടുവെയ്പ് നടത്തുകയാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ചെറു പട്ടണങ്ങളിലും ഉള്‍ ഗ്രാമങ്ങളിലും മൈക്രോ, റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയൊരുക്കി, സുസജ്ജമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പിന്‍ബലത്തില്‍ സ്വര്‍ണാഭരണ വിപണന രംഗത്ത് വേറിട്ട സാന്നിധ്യമാവുക എന്നതാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ലക്ഷ്യം. അതോടൊപ്പം പുതുതലമുറയുടെ അതിവേഗം മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായ കുറഞ്ഞ തൂക്കത്തിലും വിലയിലുമുള്ള ആഭരണങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിക്കൊണ്ട് സ്വര്‍ണാഭരണ രംഗത്തും 'ഫാസ്റ്റ് ഫാഷന്‍' വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുന്നു.

''ഇന്ത്യയിലെ ആദ്യത്തെ ഫിജിറ്റല്‍ മൈക്രോ റീറ്റെയ്ല്‍ ജൂവല്‍റി ശൃംഖലയാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്,'' കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാകേഷ് രവീന്ദ്രനും ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്റ്ററായ രജീഷ് രാജനും പറയുന്നു. 2023 ജനുവരി 22നാണ് സ്പര്‍ശയുടെ ആദ്യ സ്റ്റോര്‍ തുറന്നത്. 2024 ഡിസംബര്‍ ആയപ്പോഴേക്കും കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഔട്ട്ലെറ്റുകളായി വളര്‍ന്നു. ഉദ്ഘാടനത്തിന് സജ്ജമായി മറ്റ് 12 ഷോപ്പുകളുമുണ്ട്. 2025 സാമ്പത്തിക വര്‍ഷാവസാനത്തില്‍ മൊത്തം 14 ഔട്ട്ലെറ്റുകള്‍ സ്പര്‍ശയ്ക്കുണ്ടാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി 300 ഓളം ഔട്ട്ലെറ്റുകളാണ് സ്പര്‍ശ വിഭാവനം ചെയ്യുന്നത്. തിരഞ്ഞെടുത്ത പട്ടണങ്ങളില്‍ ഇടത്തരം, വന്‍കിട റീറ്റെയ്ല്‍സ്റ്റോറുകളും വരും. ഇതോടൊപ്പം സുസജ്ജമായ മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകും. ''ടെക്നോളജിയുടെ പിന്‍ബലത്തില്‍ സ്വര്‍ണ, വജ്രാഭരണ റീറ്റെയ്ല്‍രംഗത്ത് നവീനമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതുതലമുറയുടെ താല്‍പ്പര്യത്തിന് ഏറെ അനുയോജ്യമായ ഒന്നായിരിക്കും ഇത്. അതുപോലെ തന്നെ സമൂഹത്തിലെ തികച്ചും സാധാരണക്കാരായ ജനകോടികള്‍ക്ക് ഏറെ ഉപകാരപ്രദവുമായിരിക്കും,'' സ്പര്‍ശയുടെ ബിസിനസ് മോഡലിന്റെ സവിശേഷത രാകേഷും രജീഷും തുറന്നുപറയുന്നു.


പതിറ്റാണ്ടുകളുടെ പഠനം, നിരീക്ഷണം

രാകേഷും രജീഷും സമപ്രായക്കാരാണ്, 39 വയസ്. പക്ഷേ ബിസിനസ് രംഗത്ത് ഇരുവര്‍ക്കും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ട്. ''14-ാം വയസില്‍ എനിക്ക് അച്ഛനെ നഷ്ടമായി. അന്ന് അച്ഛന്റെ സ്വര്‍ണാഭരണ നിര്‍മാണ, വില്‍പ്പന ബിസിനസിലേക്ക് കടന്നതാണ്. ഏഴ് വര്‍ഷത്തോളം അതില്‍ നിന്നു. പിന്നീട് മറ്റ് മേഖലകളിലേക്ക് മാറി.
2023ല്‍ വീണ്ടും തിരികെ ജൂവല്‍റി രംഗത്തേക്ക് കടന്നു. ഇത്രയും വര്‍ഷത്തെ അനുഭവങ്ങളും നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും കണ്ടറിഞ്ഞ സാധ്യതകളുമാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന പുതിയ സംരംഭത്തിന് ആശയമായതും അടിത്തറയിട്ടതും,'' രാകേഷ് രവീന്ദ്രന്‍ പറയുന്നു. രാകേഷിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് രജീഷ് രാജന്‍.
പേരെഴുതിയ മോതിരം, നവരത്ന മോതിരം, താലി എന്നിവയുടെ നിര്‍മാണത്തില്‍ പരമ്പരാഗതമായി കഴിവ് തെളിയിച്ചവരാണ് രാകേഷിന്റെയും രജീഷിന്റെയും കുടുംബം. ആഭരണ നിര്‍മാണത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി അറിയുന്നവര്‍. ഇരുവരുടെയും കുടുംബ വേരുകള്‍ തൃശൂര്‍ ജില്ലയിലാണെങ്കിലും സ്വന്തമായി സംരംഭം തുടങ്ങാന്‍ ഇവര്‍ കൊച്ചിയിലേക്കാണ് ചേക്കേറിയത്. 2009ല്‍ കൊച്ചി നഗരത്തിലെത്തി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഹോട്ടല്‍ ബിസിനസ്, ഗ്രോസറി ബിസിനസ് തുടങ്ങി നിരവധി രംഗങ്ങളില്‍ രാകേഷ് സംരംഭങ്ങള്‍ തുടങ്ങി.
തലമുറകളായി കൈമാറിക്കിട്ടിയ സ്വര്‍ണാഭരണ നിര്‍മാണ രംഗത്തുനിന്ന് വഴിമാറി നടന്നിട്ടും വീണ്ടും അതേ മേഖലയിലേക്ക് തന്നെ ഇരുവരും എത്തുകയായിരുന്നു. മറ്റ് മേഖലകളില്‍ ബിസിനസുകള്‍ നടത്തുമ്പോഴും ഇവര്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, ടെക്നോളജി തുടങ്ങിയ രംഗങ്ങളിലെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. പാരമ്പര്യത്തിന്റെ കരുത്തും പുതുസാങ്കേതിക വിദ്യയുടെ സാധ്യതയും സമന്വയിപ്പിച്ചാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കിയിരിക്കുന്നത്.

നൂതന ആശയം, കൃത്യമായ നടപ്പാക്കല്‍

പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ളതാണ് സ്പര്‍ശ ഗോള്‍ഡിന്റെ ബിസിനസ് മോഡല്‍. ''ആഭരണ നിര്‍മാണ, വിപണന രംഗത്തെ അടുത്തറിഞ്ഞിട്ടുള്ളവരാണ് ഞങ്ങള്‍. അതുപോലെ തന്നെ ഉയര്‍ന്ന സ്വര്‍ണ വില സാധാരണക്കാരെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നുമറിയാം. ഒപ്പം പുതുതലമുറ സ്വര്‍ണാഭരണങ്ങളില്‍ നിന്ന് മാറിപ്പോകുന്നതും കണ്ടറിയുന്നുണ്ട്. സ്വര്‍ണം എക്കാലവും മൂല്യമുള്ള ഒരു ആസ്തിയാണ്. ആര്‍ക്കും വാങ്ങാവുന്ന വിലയില്‍, ഏറ്റവും പുതിയ ഫാഷനില്‍ ആഭരണങ്ങള്‍ നല്‍കിയാല്‍ പുതുതലമുറ ഇതിലേക്ക് തിരിച്ചുവരും. സാധാരണക്കാര്‍ക്കും ആശ്വാസമാകും. ഒരുപോലെ യുവാക്കളെയും ആകര്‍ഷിക്കാം.
സാധാരണ കുടുംബങ്ങള്‍ അടങ്ങുന്ന മാസ് മാര്‍ക്കറ്റിനെയും കൂടെ നിര്‍ത്താം. ഇതിന്റെ അടിസ്ഥാനത്തിലാണ്സ്പര്‍ശയുടെ ബിസിനസ് മോഡല്‍ ആവിഷ്‌ക്കരിച്ചത്. ഒപ്പം ടെക്നോളജിയെയും കൂട്ടിയപ്പോള്‍ രാജ്യത്തെ ആദ്യ മൈക്രോ ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലയായി സ്പര്‍ശ മാറി,'' രാകേഷ് രവീന്ദ്രന്‍ പറയുന്നു.
മികവുറ്റ ടീമിന്റെ പിന്‍ബലത്തിലാണ് സ്പര്‍ശ ഗോള്‍ഡിന്റെ മുന്നേറ്റം. വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ള പ്രൊഫഷണലുകളാണ് ഓരോ വിഭാഗത്തിനും നേതൃത്വം നല്‍കുന്നത്. ''അടുത്ത അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ ഞങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണം, കുറ്റമറ്റ രീതിയിലുള്ള നടപ്പാക്കല്‍ ഇതിനു രണ്ടിനുമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്,'' രാകേഷ് പറയുന്നു.

നിക്ഷേപ സാധ്യതയും തൊഴിലവസരവും

പത്ത് വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം ആയിരമാക്കി പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രസ്ഥാനമായി സ്പര്‍ശയെ വളര്‍ത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. യുവാക്കളുടെ ഹരമായ ലൈറ്റ്വെയ്റ്റ് ആഭരണ രംഗത്ത് നിക്ഷേപത്തിനുള്ള അവസരവും സ്പര്‍ശ തുറന്നുനല്‍കുന്നുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ സ്വന്തം നാട്ടില്‍ തന്നെ സ്വര്‍ണാഭരണ മേഖലയില്‍ സംരംഭം ആരംഭിക്കാനുള്ള അവസരമാണ് ഗ്രൂപ്പ് ഒരുക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും മൈക്രോ സ്റ്റോറുകള്‍, ചെറുപട്ടണങ്ങളില്‍ ചെറുകിട-ഇടത്തരം റീറ്റെയ്ല്‍ സ്റ്റോറുകള്‍, മെട്രോ നഗരങ്ങളില്‍ വന്‍കിട ഷോപ്പുകള്‍ എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകളിലാണ് സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സ്റ്റോറുകള്‍ തുറക്കുക. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവര്‍ക്ക് അവരുടെ ബജറ്റിനിണങ്ങും വിധം തൃപ്തികരമായി ഷോപ്പിംഗ് നടത്താനുള്ള സാഹചര്യമാണ് ഇവ ഒരുക്കുക. ''കുറഞ്ഞ തൂക്കത്തിലുള്ള, ചെറിയ ബജറ്റിലുള്ള ആഭരണങ്ങള്‍ ഷോപ്പില്‍ വളരെ പ്രാധാന്യ ത്തോടെ ഡിസ്പ്ലേ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കടയിലെത്തുന്ന സാധാരണക്കാര്‍ക്ക് നിറഞ്ഞ മനസോടെ, ചുരുങ്ങിയ തുകയില്‍ ആത്മാഭിമാനത്തോടെ ഷോപ്പിംഗ് നടത്താന്‍ ഇത് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അത് വലിയൊരു ബിസിനസ് പാഠമാണ്. ഇന്ന് സ്പര്‍ശയുടെ മൈക്രോ സ്റ്റോറുകള്‍ ചെയ്യുന്നതും അതാണ്,'' രാകേഷ് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് ഗ്രാമില്‍ നെക്ലെയ്സ്, മൂന്ന് ഗ്രാമില്‍ പണി തീര്‍ത്തമുതിര്‍ന്നവര്‍ക്ക് അണിയാന്‍ പറ്റുന്ന വളകള്‍, രണ്ട് പവന്‍ തൂക്കത്തില്‍ മൂന്ന് വിവാഹ മാലകളുടെ സെറ്റ് എന്നിങ്ങനെ കുറഞ്ഞ തൂക്കത്തില്‍ ശില്‍പ്പമികവോടെ ആഭരണശ്രേണിസ്പര്‍ശ ഒരുക്കിയിരിക്കുന്നു. ''ആഭരണങ്ങള്‍ ആളുകള്‍ ആഗ്രഹിച്ച് വാങ്ങാന്‍ വരുന്നവയാണ്. ഭംഗികണ്ട് ഇഷ്ടപ്പെട്ട് വില കണ്ട് വാങ്ങാതെ പോകുന്ന സാഹചര്യം ഒരിക്കലും സ്പര്‍ശ ഷോറൂമിലുണ്ടാവില്ല,'' രാകേഷും രജീഷും പറയുന്നു.
അതേസമയം സ്വര്‍ണം വാങ്ങല്‍ അങ്ങേയറ്റം 'സിംപ്ലിഫൈ' ചെയ്യുകയാണ് സ്പര്‍ശയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍. ഇതിലൂടെ തന്നെ സ്വര്‍ണാഭരണ നിക്ഷേപ പദ്ധതിയിലും അംഗമായി പ്രതിമാസം നിശ്ചിത തുക അടച്ച് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഒരിക്കല്‍ സ്പര്‍ശ ഗോള്‍ഡില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയവരുടെ വാക്കുകള്‍ കേട്ടാണ് പുതിയ ഉപഭോക്താക്കളില്‍ കൂടുതലും ഷോപ്പിലേക്ക് എത്തുന്നത്. ഇതാണ് തങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതെന്നും സാരഥികള്‍ വ്യക്തമാക്കുന്നു. ബിസിനസ് വിപുലീകരണത്തിനൊപ്പം സമൂഹത്തില്‍ കൈത്താങ്ങ് വേണ്ടവര്‍ക്കായി ഒട്ടേറെ പദ്ധതികളും സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആസൂത്രണം ചെയ്യുന്നുണ്ട്.

പാരമ്പര്യത്തിന്റെ കരുത്ത്, യുവത്വത്തിന്റെ ഊര്‍ജം

അടുത്ത ബന്ധുക്കള്‍, സമപ്രായക്കാര്‍, ക@തും ഒരേ സ്വപ്നങ്ങള്‍... സ്പര്‍ശ ഗോള്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാകേഷ് രവീന്ദ്രനും ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്റ്ററായ രജീഷ് രാജനും തങ്ങളുടെ ലക്ഷ്യങ്ങള്‍ പങ്കുവെയ്ക്കുന്നു.

ഞങ്ങള്‍ '90's കിഡ്‌സ്!

സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ തലമുറകളുടെ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലമാണ് ഇരുവര്‍ക്കുമുള്ളത്. ചെറുപ്പം മുതല്‍ കണ്ടുവരുന്നതും ഇതുതന്നെ. മുതിര്‍ന്നപ്പോള്‍ പല മേഖലകളില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുമ്പോഴും ഭാവിയില്‍ ടെക്നോളജിയാകും ഗെയിംചേഞ്ചര്‍ എന്ന ധാരണ ഇരുവര്‍ക്കുമുണ്ടായിരുന്നു. ''ഞങ്ങള്‍ സാധാരണ ഫീച്ചര്‍ ഫോണില്‍ ടെക്നോളജി കണ്ട് പഠിച്ചവരാണ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇത്രയും വ്യാപകമാകും മുമ്പേ അത്തരം സാധ്യതകളെ കുറിച്ച് ചിന്തിച്ചവരും, ആ രംഗത്ത് ഒരുകൈ നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുമാണ്. അത് വിജയമായില്ല. എന്നാലും 2011 മുതല്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കളുമായി അടുത്ത ബന്ധമുണ്ടാക്കാനാവുമെന്ന ചിന്തയുണ്ടായി. പല കാരണങ്ങള്‍കൊണ്ട് അത് അപ്പോള്‍ നടന്നില്ല. കീ പാഡ് ഫോണുപയോഗിച്ച തലമുറയുടെ പ്രതിനിധികളാണ് ഞങ്ങള്‍. ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയും അറിയാം. ഈ അനുഭവസമ്പത്താണ് ഞങ്ങളുടെ കരുത്ത്.''

വമ്പന്മാരെ എന്തിന് ഭയക്കണം?

ഒട്ടനവധി കീഴ്മേല്‍ മറിക്കലുകള്‍ റീറ്റെയ്ല്‍ രംഗത്ത് നടക്കുന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ തന്നെ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തുണ്ട്. സ്പര്‍ശ ഗോള്‍ഡ് വിപണിയിലെ മത്സരങ്ങളെ ഭയക്കുന്നില്ല.
GenZ ന്റെ ഫാസ്റ്റ് ഫാഷൻ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് സ്പര്‍ശയുടെ ആഭരണ രൂപകല്‍പ്പന. അതുപോലെ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് അവരുടെ പോക്കറ്റിനിണങ്ങുന്ന വിധമുള്ള ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളുടെ വിപുലമായ ശ്രേണി തന്നെ സ്പര്‍ശ ഒരുക്കിയിരിക്കുന്നു. യുവതലമുറയെയും സമൂഹത്തിലെ സാധാരണക്കാരെയും കൂടെനിര്‍ത്തി അവരുടെ കരുത്തില്‍, അവര്‍ സൃഷ്ടിക്കുന്ന ഒരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായാണ് സ്പര്‍ശയെ വളര്‍ത്തുന്നത്. കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ ജനകീയ അടിത്തറയുള്ള കോര്‍പ്പറേറ്റ് ആകുക എന്നതാണ് ഏറ്റവുംനല്ല വഴി. രണ്ട് വര്‍ഷം കൊണ്ട് 28,000 ത്തിലേറെ വരുന്ന ഉപഭോക്തൃസമൂഹത്തെ കൂടെക്കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഞങ്ങളുടെ പല ബിസിനസുകളുടെയും ഭാഗമായി വന്നവരൊക്കെ ചേര്‍ന്നാണ് ഈ അടിത്തറ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് പലമടങ്ങായി വളര്‍ത്താനാകുമെന്ന് ശുഭാപ്തി വിശ്വാസവുമുണ്ട്.

ലിസ്റ്റിംഗിലേക്ക് അഞ്ചുവര്‍ഷം

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി 300 ഓളം മൈക്രോ ഔട്ട്ലെറ്റുകള്‍ ഇക്കാലയളവിനുള്ളില്‍ വിഭാവനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്‍കിട റീറ്റെയ്ല്‍ ഷോപ്പുകളും തുറക്കും. സ്വര്‍ണാഭരണ നിര്‍മാണം, സ്വര്‍ണാഭരണ കയറ്റുമതി- ഇറക്കുമതി, വിപണനം, വിതരണം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഗ്രൂപ്പിന് കീഴിലായി വരും. ''മികച്ചൊരു വാല്യു ക്രിയേഷനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പൊതുസമൂഹത്തിനും സര്‍ക്കാരിനും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ കൈത്താങ്ങ് വേണ്ടവര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന കോര്‍പ്പറേറ്റായി മാറാനുള്ള ചുവടുവെ യ്പ്പുകളാണ് നടത്തുന്നത്,'' ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. രമേശ് രവീന്ദ്രന്‍ വ്യക്തമാക്കുന്നു.

ബജറ്റിനിണങ്ങും വിവാഹ പര്‍ച്ചേസ്, യൂത്തിന് ഫാസ്റ്റ് ഫാഷന്‍!

സ്വര്‍ണ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ള് പൊള്ളുന്നവരുണ്ട്- വിവാഹം അടുത്തിരിക്കുന്ന പെണ്‍മക്കളുള്ള സാധാരണ മാതാപിതാക്കള്‍. അവര്‍ക്കായി ബജറ്റിനുള്ളില്‍ ഒതുങ്ങുന്ന വിവാഹ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാനുള്ള സജ്ജീകരണങ്ങളാണ് സ്പര്‍ശ ഒരുക്കിയിരിക്കുന്നത്. 2000 രൂപ മുതലുള്ള ഡയമണ്ട് ആഭരണങ്ങള്‍, 4000 രൂപ മുതലുള്ള നവരത്ന മോതിരങ്ങളും കമ്മലുകളും എന്നിങ്ങനെ ലൈറ്റ്വെയ്റ്റില്‍ പോക്കറ്റിനിണങ്ങുന്ന വിലയിലുള്ള ആഭരണങ്ങളുടെ ശ്രേണി തന്നെ സ്പര്‍ശയ്ക്കുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ ധനിക ഡയമണ്ട്സ് എന്ന ബ്രാന്‍ഡിലാണ് സ്പര്‍ശ വിപണിയിലെത്തിക്കുന്നത്. ''ഏത് ബജറ്റിലും വിവാഹ ആഭരണങ്ങളുടെ സെറ്റ് സ്പര്‍ശ ഒരുക്കി നല്‍കും.
വിവാഹ പാര്‍ട്ടികള്‍ അവരുടെ ബജറ്റ്, പെണ്‍കുട്ടിയുടെ ഫോട്ടോ, വിവാഹ ദിനത്തില്‍ അണിയുന്ന വസ്ത്രത്തിന്റെ ഡിസൈന്‍ എന്നിവ നല്‍കിയാല്‍ അതിന് അനുയോജ്യമായ കസ്റ്റമൈസ് ചെയ്ത ആഭരണശ്രേണി ഞങ്ങളുടെ ഡിസൈനര്‍മാര്‍ ഒരുക്കിനല്‍കും. ഇതിനൊന്നും ഷോപ്പിലേക്ക് വരണമെന്നില്ല. വിവാഹ പാര്‍ട്ടികള്‍
തിരഞ്ഞെടുക്കുന്ന ആഭരണങ്ങള്‍ ഞങ്ങളുടെ ഷോപ്പുകളില്‍ വന്ന് നേരില്‍ക്കണ്ട് വിലയിരുത്താനുള്ള സൗകര്യവുമുണ്ട്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് എവിടെയിരുന്നും ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും തീരുമാനമെടുക്കാനും ഇതിലൂടെ പറ്റും. അതേസമയം നേരില്‍ കണ്ട് വിലയിരുത്തുകയും ചെയ്യാം. അതിനുള്ള സൗകര്യമാണ് സ്പര്‍ശ ഗോള്‍ഡ് ഒരുക്കിയിരിക്കുന്നത്,'' രാകേഷും രജീഷും പറയുന്നു.
പുതുതലമുറയ്ക്ക് അതിവേഗത്തില്‍ മാറുന്ന ഫാഷന്‍ സങ്കല്‍പ്പത്തിന് അനുയോജ്യമായ സ്വര്‍ണാഭരണങ്ങളാണ് കുറഞ്ഞ തൂക്കത്തില്‍, എന്നാല്‍ ഈടും ഉറപ്പോടെ സ്പര്‍ശ നല്‍കുന്നത്. ''Gold is God'' എന്നാണ് ഞങ്ങളുടെ മുഖവാചകം. സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ അണുവിട മാറ്റം ഞങ്ങള്‍ വരുത്തില്ല. ഞങ്ങളുടെ മറ്റ് ചെലവുകള്‍ പരമാവധി ചുരുക്കി, ന്യായമായ പണിക്കൂലി ഈടാക്കിയാണ് ആഭരണവില നിശ്ചയിക്കുന്നത്. കുറഞ്ഞ തൂക്കത്തില്‍ വൈദഗ്ധ്യത്തോടെ പണിയുന്ന ആഭരണങ്ങള്‍ യുവാക്കള്‍ക്ക് ആകര്‍ഷകമാവുകയും ചെയ്യുന്നു,'' ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Related Articles
Next Story
Videos
Share it