ഹോള്‍മാര്‍ക്ക് സ്വര്‍ണം: കേരളത്തില്‍ ലൈസന്‍സ് 6,000 ജുവലറികള്‍ക്ക്

സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന പുത്തന്‍ മാനദണ്ഡമായ എച്ച്.യു.ഐ.ഡി (HUID) നടപ്പായിട്ട് രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇതിനകം ലൈസന്‍സ് നേടിയത് 6,0000ഓളം ജുവലറികള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇടുക്കിയിലും ഹോള്‍മാര്‍ക്ക് സെന്റര്‍ തുറന്നതോടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമായി കേരളം മാറിയിരുന്നു.

ഇതിനകം ഇന്ത്യയില്‍ 30 കോടി ആഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി മുദ്ര പതിഞ്ഞു. മൊത്തം 3,000 ടണ്‍ വരും ഇവയുടെ അളവ്. പ്രതിദിനം 4 ലക്ഷത്തോളം ആഭരണങ്ങളിലാണ് ഹോള്‍മാര്‍ക്കിംഗ് സെന്ററുകള്‍ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

എച്ച്.യു.ഐ.ഡിയും കേരളവും

2021 ജൂലൈയിലാണ് കേന്ദ്രസര്‍ക്കാരും ബി.ഐ.എസും (BIS) സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി മുദ്ര നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിലവില്‍ 10,000ലേറെ ജുവലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. 2022-23ല്‍ മൊത്തം വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. ഇടുക്കിയിലടക്കം 100ലേറെ ഹോള്‍മാര്‍ക്കിംഗ് സെന്ററുകളാണ് കേരളത്തിലുള്ളത്.

എന്താണ് എച്ച്.യു.ഐ.ഡി?

ജുവലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡിയുടെ ലക്ഷ്യം. ബി.ഐ.എസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി (22K916), ആല്‍ഫാന്യൂമറിക് നമ്പര്‍ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. ഓരോ സ്വര്‍ണാഭരണത്തിനും എച്ച്.യു.ഐ.ഡി വ്യത്യസ്തമാണ്. ആഭരണം നിര്‍മ്മിച്ചത് എവിടെ, ഹോള്‍മാര്‍ക്ക് ചെയ്തത് എവിടെ തുടങ്ങിയവ എച്ച്.യു.ഐ.ഡിയിലൂടെ അറിയാം.

ജുവലറികള്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്കാണ് എച്ച്.യു.ഐ.ഡി ബാധകമാണ്. ഉപഭോക്താവിന്റെ പക്കലുള്ള പഴയ സ്വര്‍ണാഭരണത്തിന് ബാധകമല്ല. ഉപഭോക്താവിന്റെ കൈവശമുള്ള എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണത്തിനും വില്‍ക്കുമ്പോഴോ എക്സ്ചേഞ്ച് ചെയ്യുമ്പോഴോ വിപണിവില തന്നെ ലഭിക്കും; പണയംവയ്ക്കാനും തടസമില്ല. 45 രൂപയാണ് എച്ച്.യു.ഐ.ഡി ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ജുവലറി ഉടമകള്‍ ഈടാക്കുക. ഇതോടൊപ്പം 18 ശതമാനം ജി.എസ്.ടിയുമുണ്ട്.

നിലവില്‍ ഇന്ത്യയിലെ 343 ജില്ലകളില്‍ സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാണ്. ഇതിനായി 1,510 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത 183 എണ്ണം അനുമതി കാത്ത് നില്‍ക്കുന്നു. അതേസമയം പല കാരണങ്ങളാല്‍ 330 ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വ്യാജ മുദ്രകള്‍ ഉണ്ടോ എന്നുള്ള പരിശോധനയ്ക്കായി ജുവല്ലറികളില്‍ നിന്നും വ്യാപകമായ സാമ്പിള്‍ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it