Begin typing your search above and press return to search.
അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനത്തിന്റെ വളര്‍ച്ച; പ്രതീക്ഷയോടെ ടാറ്റ മോട്ടോഴ്‌സ്
അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ടാറ്റ മോട്ടോഴ്‌സ്. വാണിജ്യ വാഹന വ്യവസായ മേഖല 30 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് രാജ്യത്തെ വാഹന നിര്‍മാണ രംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ഏറ്റവും പുതിയ ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്ഷ്യല്‍ ട്രക്കുകളായ അള്‍ട്രാ സ്ലീക്ക് ടി-സീരീസ് കമ്പനി പുറത്തിറക്കി.
'സാമ്പത്തിക വീണ്ടെടുക്കല്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ അവസാനപാദത്തിലെ ജിഡിപി വളര്‍ച്ച പോസിറ്റീവായിരുന്നു. ഈ വര്‍ഷവും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി ഇരട്ട അക്കത്തിലെത്തുമെന്നാണ് റിസര്‍വ് ബാങ്കും സര്‍ക്കാരും പ്രവചിക്കുന്നത്' ടാറ്റ മോട്ടോഴ്‌സ് കൊമേഷ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'കൊമേഷ്യല്‍ വാഹന വിപണിയില്‍ 30 ശതമാനത്തിലധികം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൊത്തം വ്യവസായത്തിലും ആ വളര്‍ച്ചയാണ് ഞങ്ങള്‍ നോക്കുന്നത്' അദ്ദേഹം പറഞ്ഞു.
2018 നവംബര്‍ മുതല്‍ മാന്ദ്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയ ആഭ്യന്തര കൊമേഷ്യല്‍ വാഹന വ്യവസായം ക്രമേണ വീണ്ടെടുക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 90 ശതമാനം ഇടിവാണ് ടാറ്റയ്ക്ക് കൊമേഷ്യല്‍ വാഹന വ്യവസായത്തിലുണ്ടായത്. രണ്ടാം പാദത്തില്‍ ഇത് 24 ശതമാനമായും മൂന്നാം പാദത്തില്‍ ഒറ്റ അക്കമായും ഇത് കുറഞ്ഞു. നാലാം പാദത്തിലെ മാസങ്ങളില്‍ ഇതുവരെ ടാറ്റ മോട്ടോഴ്‌സിന്റെ കൊമേഷ്യല്‍ വാഹന വ്യവസായം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
കമ്പനിയുടെ പുതിയ അള്‍ട്രാ സ്ലീക്ക് ടി-സീരീസ്, നഗര ഗതാഗതത്തിന്റെ സമകാലിക ആവശ്യങ്ങള്‍ക്കനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ടി 6, ടി 7, ടി 9 എന്നീ മൂന്ന് മോഡലുകളിലാണ് പുറത്തിറങ്ങുക. ടി 6 ന് 13.99 ലക്ഷം രൂപയും ടി 7 ന് 15.29 ലക്ഷം രൂപയും ടി 9 ന് 17.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ മോട്ടോഴ്‌സ് അള്‍ട്രാ ശ്രേണിയില്‍ കൊമേഷ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. ഇതുവരെയായി 20,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതില്‍ 50 ശതമാനവും ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങളാണ്.
Next Story
Videos