​5ജി സ്‌പെക്ട്രം; നാല് വര്‍ഷത്തെ തുക ഒന്നിച്ചടച്ച് എയര്‍ടെല്‍

5ജി ലേലത്തിലൂടെ സ്വന്തമാക്കിയ സ്‌പെക്ട്രത്തിന്റെ നാല് വര്‍ഷത്തെ ഇന്‍സ്റ്റാള്‍മെന്റ് മുന്‍കൂട്ടി അടച്ച് ഭാരതി എയര്‍ടെല്‍. 8,312.4 കോടി രൂപയാണ് ടെലികോം വകുപ്പിന് എയര്‍ടെല്‍ നല്‍കിയത്. 43,084 കോടി രൂപ മുടക്കി 19,868 mhz സ്‌പെക്ട്രമാണ് എയര്‍ടെല്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

സ്‌പെക്ട്രങ്ങളുടെ തുക ഘടുക്കളായി നല്‍കാന്‍ 20 വര്‍ഷത്തെ സമയമാണ് കേന്ദ്രം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. തുക മുന്‍കൂറായി അടയ്ക്കുന്നത് 5ജി സേവനങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും എന്നാണ് എയര്‍ടെല്ലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാലാവധിയാവും മുമ്പ് സ്‌പെക്ട്രം കുടിശിക ഇനത്തില്‍ 24,333.7 കോടി രൂപയാണ് എയര്‍ടെല്‍ കേന്ദ്രത്തിന് നല്‍കിയത്.

അതേ സമയം ഈ മാസം തന്നെ 5ജി സേവനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എയര്‍ടെല്‍. 5ജി നെറ്റ്‌വര്‍ക്കിനായി എറിക്‌സണ്‍, നോക്കിയ, സാംസംഗ് എന്നീ കമ്പനികളുമായി എയര്‍ടെല്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, പൂനെ എന്നീ നഗരങ്ങളിലാവും ആദ്യ ഘട്ടത്തില്‍ എയര്‍ടെല്‍ 5ജി എത്തുക. റിലയന്‍സ് ജിയോയും ഓഗസ്റ്റില്‍ തന്നെ 5ജി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Related Articles
Next Story
Videos
Share it