അദാനി എന്റര്‍പ്രൈസസിന്റ രണ്ടാം പാദ ലാഭം പാതിയോളം കുറഞ്ഞു: വരുമാനത്തിലും 41 ശതമാനം കുറവ്

ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനുമായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദ ലാഭം 50.57 ശതമാനം ഇടിഞ്ഞ് 227.82 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ ഇത് 460.94 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തെ 38,175.23 കോടി രൂപയില്‍ നിന്ന് 41 ശതമാനം ഇടിഞ്ഞ് 22,517.33 കോടി രൂപയുമായി. കല്‍ക്കരി വ്യാപാര ബിസിനസിലെ മോശം പ്രകടനമാണ് ലാഭത്തെ ബാധിച്ചത്.

കല്‍ക്കരി വിലയിലുണ്ടായ കുറവും കുറഞ്ഞ വില്‍പ്പനയും മൂലം കൽക്കരി വ്യാപാര ഡിവിഷന്റെ വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 59 ശതമാനം ഇടിഞ്ഞ് 12,505 കോടി രൂപയായി.
നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) ഇക്കാലയളവില്‍ 39 ശതമാനം ഉയര്‍ന്ന് 2,979 കോടി രൂപയായതായും അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ന്യൂ എനര്‍ജി ഇക്കോസിസ്റ്റം വരുമാനം 216 ശതമാനം ഉയര്‍ന്ന് 1,939 കോടി രൂപയായി. അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം കടബാധ്യത (gross debt) സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 42,102 കോടി രൂപയാണ്.
ഇന്നലെ 2,270 രൂപയ്ക്ക് മുകളിൽ വ്യാപാരം നടത്തിയിരുന്ന ഓഹരികൾ പാദഫല പ്രഖ്യാപനം വന്നതോടെ താഴേക്കു പോയി. 0.17% താഴ്ന്ന് 2,214 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പവറിന്റെ ലാഭം 848% ഉയര്‍ന്നു
അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി പവറിന്റെ സെപ്റ്റംബര്‍ പാദ ലാഭം 848 ശതമാനം ഉയര്‍ന്ന് 6,594 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 695.33 കോടി രൂപ മാത്രമായിരുന്നു ലാഭം. ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 7,044 കോടി രൂപയില്‍ നിന്ന് 84 ശതമാനം ഉയര്‍ന്ന് 12,990 കോടി രൂപയായി. കമ്പനിയുടെ പാദഫലം പുറത്തു വന്നതോടെ ഓഹരി വില 3 ശതമാനം ഉയര്‍ന്ന് 377.55 രൂപയിലെത്തിയിരുന്നു.
Related Articles
Next Story
Videos
Share it