ബിസിനസ് ക്ലാസ് പോരാ! എയര്‍ ഇന്ത്യ ലോകത്തെ ഏറ്റവും മോശം വിമാനക്കമ്പനികളില്‍ നാലാം സ്ഥാനത്ത്‌

സ്വര്‍ണം, ചുവപ്പ്, പര്‍പ്പിള്‍, എന്നീ നിറങ്ങളില്‍ പുത്തന്‍ ലോഗോയുമായി മുഖം മിനുക്കിയിട്ടും പുത്തന്‍ യൂണീഫോം അണിഞ്ഞ് അതിഥികളെ വരവേറ്റിട്ടും ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ഇടം പിടിച്ചത് ലോകത്തെ ഏറ്റവും മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍. എയര്‍ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്താണ്.

ബിസിനസ് ക്ലാസ് ക്യാബിന്‍, സീറ്റ് സൗകര്യം, വിമാന സര്‍വീസ്, വിനോദം, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി ആഗോള എയര്‍ലൈനുകളുടെ പ്രകടനം വിലയിരുത്തി യു.കെ ആസ്ഥാനമായുള്ള ബൗണ്‍സ് എന്ന ഏജന്‍സി പുറത്തുവിട്ട റാങ്കിംഗ് പട്ടികയാണിത്. ഇതില്‍ ബിസിനസ് ക്ലാസ് വിഭാഗത്തിലാണ് കമ്പനി മോശം പ്രകടനം കാഴ്ചവച്ചത്.

ക്യാബിന്‍ സീറ്റുകളുടെ സൗകര്യക്കുറവാണ് സര്‍വേയില്‍ എയര്‍ ഇന്ത്യക്ക് തിരിച്ചടിയായത്. പത്തില്‍ ആറ് മാര്‍ക്ക് മാത്രമാണ് കമ്പനിക്ക് ഈ വിഭാഗത്തില്‍ നേടാനായത്. വിമാനത്തിനകത്തെ വിനോദസൗകര്യങ്ങള്‍, ഭക്ഷണം, പാനീയങ്ങള്‍, വിമാനത്താവളത്തിനകത്തെ കമ്പനിയുടെ സേവനം എന്നിവയ്ക്ക് ഏഴ് മാര്‍ക്ക് ലഭിച്ചു. അങ്ങനെ ആകെ 10 മാര്‍ക്കില്‍ 7.4 സ്‌കോര്‍ നേടിയാണ് എയര്‍ ഇന്ത്യ നാലാംസ്ഥാനത്തെത്തിയത്.

അതേസമയം പൊതുമേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിട്ട് അധികകാലമായിട്ടില്ല. മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി വലിയ പരിഷ്‌കരണങ്ങള്‍ കമ്പനി നടത്തിവരുന്നുണ്ട്.

മറ്റ് എയര്‍ലൈനുകള്‍

റാങ്കിംഗ് പട്ടിക പ്രകാരം 5.71 സ്‌കോര്‍ നേടി ലോകത്തിലെ ഏറ്റവും മോശം ബിസിനസ് ക്ലാസ് ഉള്ള വിമാന കമ്പനിയായി ഈജിപ്ത് എയര്‍ മാറി. പിന്നാലെ കോപ്പ എയര്‍ലൈന്‍സ് (6.71), കുവൈറ്റ് എയര്‍വേയ്‌സ് (7) എന്നിവ മോശം പ്രകടനം കാഴ്ചവച്ചുകൊണ്ട് രണ്ടും മൂന്നും സ്ഥാനത്തെത്തി.

ബിസിനസ് ക്ലാസ് വിഭാഗത്തില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (9.57) ആണ് മികച്ച എയര്‍ലൈന്‍ സര്‍വീസുകളില്‍ ഒന്നാമതെത്തിയത്. പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സ് (9.43), ഒമാന്‍ എയര്‍ (9.29) എന്നിവ മികച്ച പ്രകടനം കാഴ്ചവച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ രണ്ടും മൂന്നു സ്ഥാനങ്ങളിലെത്തി.

എയര്‍പോര്‍ട്ടുകള്‍ക്കും റാങ്കിംഗ്

ബിസിനസ് ക്ലാസ് സേവനങ്ങളെ അടിസ്ഥാനമാക്കി എയര്‍പോര്‍ട്ടുകളെയും റാങ്ക് ചെയ്തിട്ടുണ്ട്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ട് 7.60 പോയിന്റോടെ ഒന്നാമതെത്തി. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (7.09) രണ്ടാം സ്ഥാനത്തും ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളം (6.99) മൂന്നാം സ്ഥാനവും നേടി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it