എയര്‍ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമാകുക ഈയാഴ്ച

നഷ്ടത്തിലായ എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ ഓഹരി ടാറ്റാ സണ്‍സിനു വില്‍ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ അവസാനത്തോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പിന്നീട് 2022 ജനുവരിയോടെ കൈമാറ്റം പൂര്‍ത്തിയാകുമെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് എയര്‍ ഇന്ത്യ വിമാന കമ്പനി ഈ മാസം 27നു ടാറ്റ സണ്‍സ് ഏറ്റെടുക്കും.

18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റ വാങ്ങുന്നത്. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് ഇന്നലെ എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറി. കണക്കുകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ച് മറ്റ് ബിഡ്ഡര്‍മാരെ പിന്തള്ളി ടാറ്റ ഒന്നാമതെത്തിയത്. ഇതോടെ ടാറ്റാ സണ്‍സ് തങ്ങളുടെ സ്വന്തം വിമാനക്കമ്പനിയെ തിരിച്ചുവിളിക്കുകയാണ്.
എയര്‍ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന സര്‍വീസുകളുടെ 100% ഓഹരികളും കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ (എയര്‍ ഇന്ത്യ സാറ്റ്‌സ്) എയര്‍ ഇന്ത്യയ്ക്കുള്ള 50 % ഓഹരിയുമാണു ടാറ്റ ഏറ്റെടുക്കുക. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഓഹരികള്‍ ഏറ്റെടുക്കുക.
എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.


Related Articles
Next Story
Videos
Share it