കോവിഡ് ടെസ്റ്റ് കര്‍ശനമാക്കല്‍; വിമാനക്കമ്പനികളുടെ ബുക്കിംഗ് 12 ശതമാനം വരെ ഇടിഞ്ഞു

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ ബുക്കിംഗില്‍ 10-12 ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ വീണ്ടും അവതരിപ്പിച്ചതിനു പിന്നാലെയാണിത്.

വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മറ്റ് ചില സംസ്ഥാനങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ നിയമപ്രകാരം തമിഴ്നാട്ടിലേക്ക് പ്രവേശിച്ചാല്‍ ഏഴു ദിവസത്തെ ക്വാറന്റീന്‍ പാലിക്കേണ്ടി വരും. ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഡല്‍ഹി സര്‍ക്കാരും നിര്‍ബന്ധം പിടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
'ലാസ്റ്റ് മിനിട്ട് ബുക്കിംഗുകള്‍ നടക്കുന്നില്ല. ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയ നഗരങ്ങളിലേക്ക് ഇന്‍ബൗണ്ട് ലോഡുകളും കുറഞ്ഞു, ''ഒരു സ്വകാര്യ എയര്‍ലൈനിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറയുന്നു. അതേസമയം കോവിഡിന് മുമ്പുള്ള സമയത്തെ 20-30 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗുകള്‍ കൂടി. യാത്രയ്ക്ക് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് 40-50 ശതമാനം കൂടിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ യാത്രകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളില്‍ സീറ്റ് ഒക്യുപ്പന്‍സി 70-72 ശതമാനത്തില്‍ നിന്ന് 60-64 ശതമാനമായി കുറഞ്ഞതായി മുംബൈ വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യവ്യാപകമായി ലോക്ഡൗണ്‍ വന്നതും ശേഷി കുറച്ചതും 2020 ല്‍ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിമാന യാത്രകള്‍ താഴ്ന്നുവെന്നും കണക്കുകള്‍ പറയുന്നു. 2020ല്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ വഴി 63 ദശലക്ഷം യാത്രക്കാരാണ് പറന്നത്. 2019 ല്‍ ഇത് 144.1 ദശലക്ഷമായിരുന്നു. ഈ ജനുവരിയില്‍ വിമാനക്കമ്പനികള്‍ വഴി ആകെ 7.7 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. ഇത് 2020 ജനുവരിയേക്കാള്‍ 39 ശതമാനം കുറവാണ്.
കോര്‍പ്പറേറ്റ് യാത്രകള്‍ ദുര്‍ബലമായി തുടരുമ്പോള്‍ വിനോദയാത്ര, കുടുംബസന്ദര്‍ശനം തുടങ്ങിയ (വിഎഫ്ആര്‍) വിഭാഗം വീണ്ടെടുക്കലിന് നേതൃത്വം നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ആഭ്യന്തര വിമാന യാത്രാ വിഭാഗം ഏപ്രില്‍ ആദ്യ വാരത്തോടെ കോവിഡിന് മുമ്പുള്ള നിലയിലെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പ്രതീക്ഷിക്കുന്നു







Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it