ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍; 5ജി പരീക്ഷണം വിജയകരം

ഹൈദരാബാദ് നഗരത്തിലെ തങ്ങളുടെ വാണിജ്യ ശൃംഖലയിലൂടെ 5ജി സേവനത്തിന്റെ തത്സമയ പരീക്ഷണം വിജയകരമായി നടത്തിയതായി ഭാരതി എയർടെൽ അറിയിച്ചു.

സർക്കാർ അംഗീകാരങ്ങളും മതിയായ സ്പെക്ട്രവും ലഭിക്കുന്ന മുറയ്ക്ക് 5ജിയുടെ മുഴുവൻ സാധ്യതകളും എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

"ഹൈദരാബാദിലെ പരീക്ഷണം ഞങ്ങൾക്ക് ശുഭ പ്രതീക്ഷ തരുന്നു. ഈ കഴിവ് പ്രകടിപ്പിക്കുന്ന ആദ്യത്തെ ഓപ്പറേറ്റർ എയർടെൽ ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാക്കാലത്തും ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് തുടക്കമിടുന്ന കമ്പനി എന്ന ഖ്യാതി ഞങ്ങൾ നിലനിർത്തുകയാണ്," ഭാരതി എയർടെല്ലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിറ്റാൽ പറഞ്ഞു,

1800 മെഗാഹെർട്സ് ബാൻഡിൽ നിലവിലുള്ള സ്പെക്ട്രത്തിലാണ് ഹൈദരാബാദിലെ പരീക്ഷണം നടത്തിയത്. ഒരേ സ്പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5ജി, 4ജി എന്നിവ കമ്പനി പ്രവർത്തിപ്പിച്ചു.

5ജി നവീകരണത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും ഇതിന് വേണ്ട ആവാസവ്യവസ്ഥ - ആപ്ലിക്കേഷനുകൾ, ഉപകരണങ്ങൾ, നെറ്റ്‌വർക്ക് നവീകരണം എന്നിവയുടെ ഒത്തുചേരൽ - നിർമ്മിച്ചെടുക്കുന്നതിന് രാജ്യം ശ്രമിക്കേണ്ടതുണ്ടെന്നും വിറ്റാൽ പറഞ്ഞു. എയർടെൽ അതിന് തയ്യാറായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർടെൽ 5ജി സേവനങ്ങൾ പരീക്ഷിച്ചുതുടങ്ങിയെങ്കിലും മാർച്ചിൽ നടത്താൻ ഉദ്ദേശിക്കുന്ന ലേലങ്ങളിൽ ഇതിനുള്ള സ്പെക്ട്രം വിൽക്കുന്നില്ല.

700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2500 മെഗാഹെർട്സ് എന്നീ ഏഴ് ബാൻഡുകളിലായി സ്പെക്ട്രം ലേലത്തിന് അപേക്ഷ ക്ഷണിക്കുന്ന ഒരു അറിയിപ്പ് ഈ മാസം ആദ്യം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) പുറത്തിറക്കിയിരുന്നു. മാർച്ച് ഒന്നിന് ലേലം ആരംഭിക്കും.

3.92 ട്രില്യൺ രൂപയുടെ 2,251.25 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകി.

ടെലികോം ഓപ്പറേറ്റർമാർ ഫെബ്രുവരി 5-നകം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (ഐ.എം.സി) നാലാം സമ്മേളനത്തിൽ സംസാരിക്കവേ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ നിയന്ത്രിക്കുന്ന മുകേഷ് അംബാനി, 2021-ന്റെ രണ്ടാം പകുതിയിൽ 5ജി വയർലെസ് സേവനം നൽകാൻ തങ്ങളുടെ കമ്പനി തയ്യാറാണെന്ന് പറഞ്ഞിരുന്നു.

അംബാനി 5ജി എത്രയും വേഗം തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്ന് ഊന്നിപ്പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കു താങ്ങാനാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''2021ന്റെ രണ്ടാം പകുതിയിൽ ജിയോ ഇന്ത്യയിൽ 5ജി വിപ്ലവത്തിന് തുടക്കമിടുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വർക്ക്, ഹാർഡ്‌വെയർ, സാങ്കേതിക ഘടകങ്ങൾ എന്നിവയാണ് ഇതിന് കരുത്ത് പകരുന്നത്,'' അദ്ദേഹം അന്ന് പറഞ്ഞു


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it