പ്രതീക്ഷിച്ച വില്‍പ്പന ഇല്ല, ഐഫോണ്‍ 14ന്റെ ഉല്‍പ്പാദനം കൂട്ടില്ല

പ്രതീക്ഷിച്ച രീതിയില്‍ വില്‍പ്പന ഉയരാത്ത സാഹചര്യത്തില്‍ ഐഫോണ്‍ 14ന്റെ (iPhone 14) ഉല്‍പ്പാദനം ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ച് ആപ്പിള്‍ (Apple). നിര്‍മാണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ വിതരണക്കാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഐഫോണ്‍ 14ന്റെ ഉല്‍പ്പാദനം 6 ദശലക്ഷം യൂണീറ്റ് ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

എന്‍ട്രി ലെവല്‍ മോഡലുകളെക്കാള്‍ ഡിമാന്‍ഡ് ഐഫോണ്‍ 14 പ്രൊ വിഭാഗത്തിനാണ്. ഈ സാഹചര്യത്തില്‍ മറ്റ് മോഡലുകള്‍ക്ക് പകരം പ്രീമിയം മോഡലുകളുടെ നിര്‍മ്മാണം ഉയര്‍ത്തും. ഇക്കാലയളവില്‍ 90 ദശലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉല്‍പ്പാദനം ചുരുക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇന്നലെ യുഎസ് വിപണിയില്‍ ആപ്പിളിന്റെ ഓഹരികള്‍ 3.3 ശതമാനം ഇടിവ് നേരിട്ടിരുന്നു.

പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭയവും സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഇടിയാന്‍ കാരണമാവും എന്നാണ് വിലയിരുത്തല്‍. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ചൈനയിലെ സാമ്പത്തിക പ്രശ്‌നങ്ങളും ഐഫോണ്‍13നെ അപേക്ഷിച്ച് പുതിയ മോഡലില്‍ കാര്യമായ അപ്‌ഡേറ്റുകള്‍ ഇല്ലാത്തതും ആപ്പിളിന് തിരിച്ചടിയാണ്. ആഗോളതലത്തില്‍ ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 6.5 ശതമാനം ഇടിഞ്ഞ് 1.27 ബില്യണ്‍ യൂണീറ്റിലെത്തുമെന്നാണ് ഐഡിസി ട്രാക്കറിന്റെ വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it