Begin typing your search above and press return to search.
റബര്‍ ഉത്പാദനം താഴേക്ക്; വിലയും ഡിമാന്‍ഡും മേലോട്ട്
റബറിന് വന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് വിലയും ഡിമാന്‍ഡും മേലോട്ട്. അതേസമയം, ഡിമാന്‍ഡിനൊത്ത ഉത്പാദനമില്ലാത്തതിനാല്‍ വിലക്കയറ്റത്തിന്റെ നേട്ടം കൊയ്യാന്‍ പറ്റാതെ നിരാശയിലാണ് കര്‍ഷകര്‍. 2023ല്‍ മൊത്ത ഉത്പാദനം 1.9 ശതമാനം കുറഞ്ഞുവെന്നാണ് വിലയിരുത്തലുകള്‍. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും ഉത്പാദനം കുറഞ്ഞു.
2022-23ല്‍ ഇന്ത്യയിലെ മൊത്തം റബര്‍ ഉത്പാദനം 8.50 ലക്ഷം ടണ്ണും ഉപഭോഗം 13.50 ലക്ഷം ടണ്ണുമായിരുന്നു. ഉപഭോഗത്തിനുള്ള ബാക്കി റബര്‍ (5 ലക്ഷം ടണ്‍) ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു.
നടപ്പുവര്‍ഷം റബര്‍ ബോര്‍ഡ് വിലയിരുത്തുന്ന ഉത്പാദനം 8.75 ലക്ഷം ടണ്ണും ഉപഭോഗം 14 ലക്ഷം ടണ്ണുമാണ്. 2022-23ല്‍ ആര്‍.എസ്.എസ്-4 റബര്‍ കിലോയ്ക്ക് ശരാശരി വില 156 രൂപയായിരുന്നെങ്കില്‍ നിലവില്‍ വില 164.50 രൂപയാണ്. ഡിമാന്‍ഡും വിലയും കൂടി നില്‍ക്കുകയും അതിനാനുപാതികമായ ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍, വില വര്‍ധനയുടെ നേട്ടം കൊയ്യാന്‍ കര്‍ഷകര്‍ക്കാവില്ല.
ഈ വര്‍ഷം മാര്‍ച്ച്-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയിലും വിദേശത്തും ഉത്പാദനം കുറഞ്ഞുനില്‍ക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇത്, വില കൂടാന്‍ വഴിതെളിച്ചേക്കും.
കേരളത്തിന് നിരാശ
കേരളത്തില്‍ ഇപ്പോഴും ഉത്പാദനച്ചെലവ് പോലും തിരിച്ചുപിടിക്കാനാവാതെ പ്രതിസന്ധിയിലാണ് റബര്‍ കര്‍ഷകര്‍. റബറിന് 200-250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആയിട്ടും കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ പരിഗണിച്ചില്ല. സംസ്ഥാന ബജറ്റിലാവട്ടെ, വിലസ്ഥിരതാ ഫണ്ട് പ്രകാരമുള്ള താങ്ങുവില വെറും 10 രൂപയാണ് വര്‍ധിപ്പിച്ചത്. അതായത്, കിലോയ്ക്ക് 170 രൂപയില്‍ നിന്ന് 180 രൂപയാക്കി.
കേരളത്തേക്കാള്‍ ഉഷാറായി ഇപ്പോള്‍ റബര്‍ കൃഷിയുമായി മുന്നോട്ട് നീങ്ങുന്നത് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളാണ്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റബര്‍ ഉത്പാദനത്തില്‍ 90 ശതമാനവും കേരളത്തിലായിരുന്നെങ്കില്‍ ഇപ്പോഴത് 70 ശതമാനത്തിലേക്ക് താഴ്ന്നു.
Next Story
Videos