നിര്‍മിത ബുദ്ധിയില്‍ ഏറ്റവും സ്വാധീനമുള്ള നൂറുപേര്‍, പട്ടികയില്‍ അശ്വിനി വൈഷ്ണവും നടന്‍ അനില്‍ കപൂറും

നിര്‍മിത ബുദ്ധി (artificial intelligence/AI) മേഖലയിലെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി, ഈ രംഗത്ത ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ടൈംസ് മാഗസിന്‍. ഇന്ത്യയിലെയും അമേരിക്കയിലെയും നിരവധി ടെക്-കമ്പനി തലവന്മാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈയാണ് പട്ടികയില്‍ ഒന്നാമന്‍. ഇന്ത്യന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്‍ഫോസിസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, പ്രശസ്ത ഇന്ത്യന്‍ നടന്‍ അനില്‍ കപൂര്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

എന്തുകൊണ്ട് ഇവര്‍?

സുന്ദര്‍ പിച്ചൈ: മൈക്രോസോഫ്ട് പിന്തുണയുള്ള ചാറ്റ് ജി.പി.ടി v/s ഗൂഗിള്‍ മത്സരത്തിന് ചുക്കാന്‍ പിടിച്ചത് ആല്‍ഫബെറ്റ് ഇന്‍കോര്‍പറേഷന്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയായിരുന്നു. പിച്ചൈയിലൂടെ എ.ഐ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഗൂഗിളിന് സാധിച്ചു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍, മാപ്പുകള്‍, ഇമെയില്‍, തുടങ്ങിയ സേവനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ ഗൂഗിള്‍ മെച്ചപ്പെടുത്തി വരികയാണ്. എ.ഐ ടൂളുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഗൂഗിളിനെ കൂടുതല്‍ മികച്ച വേദിയാക്കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
സാം ആള്‍ട്ട്മാന്‍: അമേരിക്കന്‍ സംരംഭകനും ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒയുമായ സാം ആള്‍ട്ട്മാന്‍ ചാറ്റ് ജി.പി.ടി എന്ന എ.ഐ മോഡലിന് പിന്നിലെ പ്രധാന വ്യക്തിയാണ്. സാമിന്റെ നേതൃത്വത്തില്‍ മനുഷ്യസഹജമായ ആശയവിനിമയങ്ങള്‍ സാധ്യമാക്കുന്ന ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ മോഡലുകള്‍ വികസിപ്പിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്ന് പുറത്തായെങ്കിലും പോയതിനേക്കാള്‍ വേഗത്തില്‍ നഷ്ടപെട്ട സ്ഥാനം തിരിച്ചുപിടിച്ച് ആള്‍ട്ട്മാന്‍ ശ്രദ്ധേയനായിരുന്നു. കൃത്രിമ ബുദ്ധിസാങ്കേതികവിദ്യയുടെ സുരക്ഷിതവും നയതന്ത്രപരവുമായ ഉപയോഗം ഉറപ്പാക്കുക, അതിന്റെ ഗുണങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി വിതരണം ചെയ്യുക എന്നതാണ് ആള്‍ട്ട്മാന്റെ ലക്ഷ്യം.
സത്യ നദെല്ല: ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (AGI) എന്ന വലിയ ലക്ഷ്യവുമായാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല എ.ഐ രംഗത്ത് സജീവമാകുന്നത്. 2019ല്‍ ഓപ്പണ്‍ എ.ഐയില്‍ ആദ്യത്തെ ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തില്‍ നദെല്ല പ്രധാന പങ്കുവഹിച്ചു. ഇന്നു മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും തമ്മിലുള്ള പങ്കാളിത്തം 13 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ലാഭം പങ്കിടല്‍ കരാറായി വളര്‍ന്നിരിക്കുന്നു. സമര്‍ത്ഥനായ കോര്‍പ്പറേറ്റ് വിദഗ്ധന്‍ എന്നാണ് നദെല്ലയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്.
മാര്‍ക്ക് സക്കര്‍ബര്‍ഗ്:
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് അത്ര നല്ല സമയമല്ല. എങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും നടുവില്‍ എ.ഐയില്‍ നിക്ഷേപം നടത്തുകയും ചാറ്റ്ജി.പി.ടി ജനപ്രിയമായപ്പോള്‍ മെറ്റയെ എ.ഐയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മെറ്റയുടെ ലാമ എ.ഐ ഏറ്റവും സ്വീകാര്യമായ ഒരു എ.ഐ മോഡലുകളിലൊന്നായി മാറി. മാര്‍ക്ക്, ലാമ ഓപ്പണ്‍ സോഴ്‌സ് ആക്കിയെങ്കിലും പൂര്‍ണ്ണമായും ഓപ്പണ്‍ സോഴ്സ് അല്ലെന്ന വിമര്‍ശനം ധാരാളമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ.ഐ മേഖലകളില്‍ സക്കര്‍ബര്‍ഗിന്റെ നേതൃത്വം കമ്പനിയെ മത്സരാധിഷ്ഠിതയില്‍ നിലനിര്‍ത്തുന്നു.
അശ്വിനി വൈഷ്ണവ്: നിര്‍മ്മിത ബുദ്ധിയില്‍ ലോകത്തെ തന്നെ വന്‍ ശക്തികളില്‍ ഒന്നായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് ഈ നേട്ടമുണ്ടാകുന്നത്. എ.ഐ മേഖലയിലെ മന്ത്രിയുടെ നേതൃപാടവമാണ് ഇതിലൂടെ പ്രകടമാകുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യ.
നന്ദന്‍ നിലേകനി: ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നന്ദന്‍ നിലേകനിയിലൂടെയാണ്. ഇന്ത്യയില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിനകത്തും പുറത്തും നടത്തിയ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളുമാണ് ടൈംസ് മാഗസിന്റെ അംഗീകാരത്തിനു വഴി ഒരുക്കിയത്.
അനില്‍ കപൂര്‍: പ്രശസ്ത ബോളിവുഡ് താരം അനില്‍ കപൂര്‍ ടൈമിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അനുമതിയില്ലാതെ താരത്തിന്റെ ശബ്ദം, പേര്, ചിത്രം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ കപൂര്‍ 2023 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വിജയിക്കുകയും കേസുമായി ബന്ധപ്പെട്ട 16 സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കപൂറിന്റെ നിയമ പോരാട്ട വിജയം അവകാശങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് പാഠമാണെന്നു ചൂണ്ടിക്കാട്ടിയാണ് ടൈംസ് മാഗസിനില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്.


Related Articles

Next Story

Videos

Share it