​ഇനി എല്ലാവര്‍ക്കും ഭവനം! മൂന്ന് പുതിയ മേഖലകളിലേയ്ക്ക് കൂടി പദ്ധതികള്‍ വ്യാപിപ്പിച്ച് അസറ്റ് ഹോംസ്

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 2020 വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്ന 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്. 2021-ല്‍ നാല് പദ്ധതികള്‍ കൂടി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ 12 പുതിയ പദ്ധതികളുടെ നിര്‍മാണവും ആരംഭിക്കും. ആഗോള സമ്പദ് വ്യവസ്ഥ, കോവിഡില്‍ കൂടുതല്‍ പ്രതിസന്ധിയിലായെങ്കിലും 2020-ല്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ തങ്ങള്‍ക്ക് പാലിക്കാനായെന്ന് അസറ്റ് ഹോംസിന്റെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. അറിയിച്ചു. ഒപ്പം മൂന്നു പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.


സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്ന് പുതിയ മേഖലകളിലേയ്ക്കു കൂടിയാണ് കമ്പനി പ്രവേശിക്കുന്നത്. കൊച്ചി - കാക്കനാട്, ഡൗണ്‍ റ്റു എര്‍ത്ത് എന്ന പേരിലാണ് കുറഞ്ഞ വിലയിലുള്ള അപ്പാര്‍ട്മെന്റുകളുടെ പദ്ധതി നടപ്പാക്കുക.


ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറും ലോക കേരള സഭാംഗവും നോര്‍ക്ക റൂട്സ് അംഗവുമായ സി വി റപ്പായി അസറ്റ് ഹോംസില്‍ മൂലധനനിക്ഷേപം നടത്തിയതായും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചതായും സുനില്‍ കുമാര്‍ അറിയിച്ചു.


മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ യുഎസ്ടി സ്ഥാപകനും 100 മില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ സാജന്‍ പിള്ളയ്ക്ക് നിക്ഷേപമുള്ള സീസണ്‍ ടു ലിവിംഗുമായി സഹകരിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപം നടപ്പാക്കുന്ന 360 അപ്പാര്‍ട്മെന്റുകളുള്‍പ്പെട്ട പദ്ധതിയാണ് യംഗ് അറ്റ് ഹാര്‍ട്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പാര്‍പ്പിട രംഗത്ത് ആഗോളതലത്തില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള സ്ഥാപനമാണ് സീസണ്‍ ടു.


തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ഫേസ് ത്രീയില്‍ യുഎസ്എയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ഹോംസിന്റെ സ്റ്റുഡന്റ്/ബാച്ചിലര്‍ പാര്‍പ്പിട പദ്ധതിയായ അസറ്റ് ഐഡന്റിറ്റി വരുന്നത്.


2021-ല്‍ നാല് പദ്ധതികള്‍കൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൊല്ലം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ നിര്‍മാണം പുരോഗമിക്കുന്നത്. അതു കൂടാതെ 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും 2021-ല്‍ ആരംഭിക്കും.


മുന്‍കാലങ്ങളിലേത് പോലെ ക്രിസില്‍ റേറ്റിംഗ് ഡിഎ2+ ഉം കമ്പനി ഇഥ്തവണയും നിലനിര്‍ത്തി. ഏഴു ഭവന പദ്ധതികളിലും രണ്ട് വാണിജ്യ പദ്ധതികളിലുമായി മൊത്തം 11 ലക്ഷം ച അടി വരുന്ന 500-ലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളുമാണ് കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2020-ല്‍ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പൂര്‍ത്തീകരിക്കുകയും ബഹുഭൂരിഭാഗം ഭവനങ്ങളും ഉടമകള്‍ക്കു കൈമാറുകയും ചെയ്തു. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗാണ് ഡിഎ2+.

പ്രവര്‍ത്തനമാരംഭിച്ച് പതിമൂന്നു വര്‍ഷത്തിനിടെ 66 പദ്ധതികളാണ് അസറ്റ് ഹോംസ് ഇതുവരെ പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി കമ്പനിക്ക് 19 ഭവനപദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it