ഇന്ത്യയില്‍ സേവനങ്ങള്‍ വിപൂലീകരിക്കാന്‍ ആസ്റ്റര്‍

രാജ്യത്ത് സേവനങ്ങള്‍ വിപൂലീകരിക്കാന്‍ ഒരുങ്ങി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 900 കോടിയുടെ മൂലധച്ചെലവാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാംപാദത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവോടെ 127.62 കോടിയുടെ ലാഭമാണ് ആസ്റ്റര്‍ നേടിയത്. 2504.34 കോടിയായിരുന്നു വരുമാനം.

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യന്‍ വിപണിയെ നിരീക്ഷിച്ചുവരുകയായിരുന്നു. ആരോഗ്യമേഖലയിലെ ഡിമാന്റിന് അനുസരിച്ചുള്ള സേവനങ്ങള്‍ രാജ്യത്തില്ല. ഇതാണ് ദീര്‍ഘകാല പദ്ധതികള്‍ രാജ്യത്ത് ആസൂത്രണം ചെയ്യാന്‍ കാരണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ആസാദ് മൂപ്പന്‍ പറഞ്ഞു. നിലവില്‍ ആസ്റ്ററിൻ്റെ ആകെ വരുമാനത്തിൻ്റെ 25 ശതമാനമാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. 2025 ഓടെ ഇത് 40 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിൻ്റെ ഭാഗമായി പുതിയ ഏറ്റെടുക്കലുകളും കമ്പനി നടത്തും.
വിപൂലീകരണത്തിൻ്റെ ഭാഗമായി ആന്ധ്രാ പ്രദേശിലെ സംഘമിത്രാ ഹോസ്പില്‍ പ്രൈവറ്റ് ലിമിറ്റഡിനെ(എസ്എച്ച്പിഎല്‍) ആസ്റ്റര്‍ പൂര്‍ണമായും ഏറ്റെടുത്തു. ആസ്റ്ററിൻ്റെ സഹസ്ഥാപനമായ രമേശ് കാര്‍ഡിയാക് ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് കീഴിലാകും ഇനി എസ്എച്ച്പിഎല്‍ പ്രവര്‍ത്തിക്കുക. നേരത്തെ എസ്എച്ച്പിഎല്ലിൻ്റെ 51 ശതമാനം ഓഹരികളാണ് ആസ്റ്ററിന് ഉണ്ടായിരുന്നത്. 59.40 കോടിയുടെ ഇടപാടിലൂടെ 49 ശതമാനം ഓഹരികൂടി ആസ്റ്റര്‍ സ്വന്തമാക്കുകയായിരുന്നു. ആറുഘട്ടങ്ങളിലായി നടക്കുന്ന ഏറ്റെടുക്കല്‍ 2024 മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it