ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് അസിം പ്രേംജി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസീം പ്രേംജി വിപ്രോയുടെ 73,00 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. വിപ്രോയുടെ ബൈ-ബാക്ക് പദ്ധതിയിലൂടെയാണ് 73,00 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചത്. 224.6 മില്യണ്‍ ഷെയറുകള്‍ അസീം പ്രേംജി വിറ്റഴിച്ചതായി വിപ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ളതിന്റെ 3.96 ശതമാനം ഓഹരികളാണ് പ്രേംജി വിറ്റഴിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും അധികം തുക നീക്കി വയ്ക്കുന്നതില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തും എഷ്യയില്‍ ഒന്നാം സ്ഥാനത്തുമാണ് അസീം പ്രേംജി ഫൗണ്ടേഷന്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഏകദേശം 1.45 ലക്ഷം കോടി രൂപയാണ് അസീം പ്രേംജി ഫൗണ്ടേഷന് കൈമാറിയത്. തന്റെ കൈവശമുള്ള 67 ശതമാനം ഓഹരിയില്‍ നിന്നുള്ള വരുമാനമായ ഈ തുക ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അസീം പ്രേംജി ഫൗണ്ടേഷന്‍ സംഭാവന ചെയ്യുന്നത്.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. കര്‍ണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സജീവ പ്രവര്‍ത്തനം നടത്തുന്നത്. ഉത്തരേന്ത്യയിലും അസീം പ്രേജി യൂണിവേഴ്‌സിറ്റി ആരംഭിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അസീം പ്രേംജിക്കും കുടുംബത്തിനുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്.