പൊതുമേഖലാ ബാങ്കുകളെ നാണിപ്പിച്ച് ബന്ധന്‍ ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ 17 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്നുണ്ടാക്കിയ അറ്റലാഭത്തിന്റെ ഇരട്ടിയിലേറെ ലാഭം കൊയ്ത് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബന്ധന്‍ ബാങ്ക് രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കിടയിലെ താരമായി.

ഈ ത്രൈമാസത്തില്‍ 466.4 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ അറ്റലാഭം. നാലു വര്‍ഷം മുമ്പുവരെ മൈക്രോഫിനാന്‍സ് സ്ഥാപനമായിരുന്ന ബന്ധന്‍ ബാങ്കിന്റേത് 971.8 കോടി രൂപയും.

സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ പഖ്യാപിക്കാനിരിക്കുന്ന യൂണിയന്‍ ബാങ്കിനെ ഈ കണക്കുകൂട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 130 കോടി രൂപയുടെ നഷ്ടം ബാങ്കിന് ഉണ്ടായേക്കാമെന്നാണ് അനുമാനം. 3,458 കോടി രൂപ നഷ്ടമുണ്ടാക്കിയ ഐഡിബിഐ ബാങ്കിനെയും 17 പൊതുമേഖലാ ബാങ്കുകളുടെ പട്ടികയില്‍ ചേര്‍ത്തിട്ടില്ല. എല്‍ഐസി ഏറ്റെടുത്തതിനാല്‍ ഐഡിബിഐയെ സ്വകാര്യ ബാങ്കായാണ് പരിഗണിക്കുന്നത്.

മൂന്നു വര്‍ഷം കൊണ്ട് വായ്പ 42 ശതമാനവും നിക്ഷേപം 53 ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ നേട്ടകഥയാണ് 35,468 ജീവനക്കാരുള്ള ബന്ധന്‍ ബാങ്കിന്റേത്.
0.58 ശതമാനം മാത്രമാണ് അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം. 49,195 കോടിയിലധികം നിക്ഷേപമാണ് ബാങ്ക് സമാഹരിച്ചിട്ടുള്ളത്. ഇതിനു നേതൃത്വം നല്‍കിയതിനുള്ള അംഗീകാരമായി ബന്ധന്‍ ബാങ്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ്ര ശേഖര്‍ ഘോഷിനെ 2018-19 ലെ 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബാങ്കര്‍ ഓഫ് ദ ഇയര്‍' ആയി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

കിട്ടാക്കടത്തിന്റെ കുരുക്കുകളാല്‍ ശ്വാസം മുട്ടുന്നതുമൂലം എന്‍പിഎ കരുതല്‍ ധനമായി വന്‍ തുക മാറ്റിവെക്കേണ്ടി വരുന്നതാണ് പല ബാങ്കുകളെയും തളര്‍ത്തുന്നത്. ഈയിനത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ആകെ കരുതല്‍ ധനം 39,310 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകള്‍ ഈയിനത്തില്‍ നീക്കി വെച്ചിരിക്കുന്നത് 19,207 കോടി രൂപയും.

പൊതുമേഖലയിലെ അലഹബാദ് ബാങ്കിന്റെ നഷ്ടം 2,114 കോടി രൂപയാണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2,253.6 കോടി രൂപയും യൂകോ ബാങ്ക് 892 കോടി രൂപയും നഷ്ടമുണ്ടാക്കി. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3,011.73 കോടി രൂപയുടെ ലാഭം സെപ്റ്റംബര്‍ പാദത്തില്‍ സൃഷ്ടിച്ചു. ബാങ്ക് ഓഫ് ബറോഡ 736.68 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 507 കോടി രൂപയും ലാഭമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it