മൊബൈൽ റീചാർജ് മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വരെ, നിങ്ങളുടെ എടിഎം വഴി

പണം പിൻവലിക്കൽ കൂടാതെ പത്തിലധികം സേവനങ്ങൾ എടിഎം വഴി ലഭ്യമാകുമെന്ന് നിങ്ങൾക്കറിയുമോ?

ATM
Image credit: Freepik

പണം പിൻവലിക്കലും നിക്ഷേപിക്കലും മാത്രമല്ല, എടിഎം മറ്റ് നിരവധി സേവനങ്ങളും നൽകുന്നുണ്ട്. ബ്രാഞ്ച് വഴിയും നെറ്റ് ബാങ്കിംഗ് വഴിയും നടത്തുന്ന പല ഇടപാടുകളും എടിഎം വഴി നടത്താൻ സാധിക്കും. അവയിൽ ചിലത്. 

ഇൻഷുറൻസ് പ്രീമിയം  

നിങ്ങൾ രാജ്യത്തിൻറെ ഏത് കോണിലായാലും ഇൻഷുറൻസ് പ്രീമിയത്തിന്റെ ഡെഡ്ലൈൻ ഇനി തെറ്റിക്കേണ്ട. എടിഎം വഴി ഇൻഷുറൻസ് അടക്കാനുള്ള സൗകര്യം എൽഐസി, എസ്ബിഐ ലൈഫ് തുടങ്ങിയ കമ്പനികൾ നൽകുന്നുണ്ട്. ബിൽസ് പേ എന്ന സെക്ഷനിൽ ഈ ഓപ്ഷൻ ലഭ്യമാണ്. ഇൻഷുറൻസ് കമ്പനി, പോളിസി നമ്പർ, ജനന തീയതി, പ്രീമിയം എക്കൗണ്ട് എന്നീ വിവരങ്ങൾ നൽകണമെന്നു മാത്രം. 

റെയിൽവേ ടിക്കറ്റ് ബുക്കിംഗ് 

എസ്ബിഐ, പിഎൻബി തുടങ്ങിയ ചില ബാങ്കുകൾ തങ്ങളുടെ എടിഎമ്മുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. റയിൽവേ സ്റ്റേഷനുകൾക്ക് അടുത്തുള്ള എടിഎമ്മുകളിലാണ് ഈ സൗകര്യമുള്ളത്. 

ഇൻകം ടാക്സ് പേയ്മെന്റ് 

വളരെക്കുറച്ചാളുകൾ മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താറ്. ചില ബാങ്കുകൾ മാത്രമേ ഈ സൗകര്യം നല്കുന്നുള്ളു എന്നതുകൊണ്ടാണിത്. അതിനാൽ ബാങ്കിൽ അന്വേഷിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം പോവുക. അഡ്വാൻസ് ടാക്സ്, സെൽഫ് അസ്സസ്സ്മെന്റ് ടാക്സ് എന്നിവ ഇതിലൂടെ നൽകാം. ഈ സൗകര്യം നേടാൻ ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ ബാങ്ക് ബ്രാഞ്ച് വഴിയോ രജിസ്റ്റർ ചെയ്തിരിക്കണം. എടിഎം വഴി നികുതിയടച്ചുകഴിഞ്ഞാൽ ഒരു കോഡ് ലഭിക്കും. 24 മണിക്കൂറിന് ശേഷം ഇത് ബാങ്കിൽ നൽകിയാൽ ചലാൻ എടുക്കാം.          

ഐടിആർ ഇ-വെരിഫിക്കേഷൻ 

ഇൻകം ടാക്സ് റിട്ടേൺ ഇ-വെരിഫിക്കേഷൻ എടിഎം വഴി സാധ്യമാണ്. ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്ത്, PIN-ൽ ക്ലിക്ക് ചെയ്യണം. മൊബൈൽ നമ്പറിലേക് വെരിഫിക്കേഷൻ കോഡ് അയക്കും. ഈ കോഡുപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ വെരിഫിക്കേഷൻ നടത്താം. 

മൊബൈൽ റീചാർജ് 

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ, ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക്, കോർപറേഷൻ ബാങ്ക് തുടങ്ങിയവർ എടിഎം വഴി മൊബൈൽ റീചാർജ് സൗകര്യം നൽകുന്നുണ്ട്. 

ബിൽ പേയ്മെന്റ്സ് 

ഇലക്ട്രിസിറ്റി, ഗ്യാസ് തുടങ്ങി യൂട്ടിലിറ്റി ബില്ലുകളെല്ലാം എടിഎം വഴി അടക്കാം. 

എഫ്ഡി നിക്ഷേപം 

ബാങ്ക് ഈ സൗകര്യം നൽകുന്നുണ്ടോ എന്ന് മുൻകൂട്ടി ഉറപ്പാക്കണം. ഡെബിറ്റ് കാർഡ്, പിൻ എന്നിവ വെരിഫൈ ചെയ്തുകഴിഞ്ഞാൽ മൂന്ന് പ്രവർത്തന ദിവസങ്ങൾക്ക് ശേഷം ബാങ്ക് എഫ്ഡി എക്കൗണ്ട് തുറക്കും. 

മ്യൂച്വൽ ഫണ്ട് നിക്ഷേപം 

എടിഎമ്മിലൂടെ മ്യൂച്വൽ ഫണ്ട് ഇടപാടുകൾ നടത്തണമെങ്കിൽ നേരത്തെ രജിസ്റ്റർ ചെയ്യണം. മ്യൂച്വൽ ഫണ്ടിനെ ഡെബിറ്റ് കാർഡുമായി ലിങ്ക് ചെയ്യാനും സാധിക്കും. 

വായ്പാ അപേക്ഷ 

മുൻകൂട്ടി അപ്പ്രൂവ് ചെയ്ത പേഴ്സണൽ ലോൺ എടിഎം വഴി അപേക്ഷിക്കാം.

കാർഡ്‌ലെസ് ക്യാഷ് 

കാർഡ് ഉപയോഗിക്കാതെ പണമിടപാട് നടത്താൻ  ചില എടിഎമ്മുകളിൽ സാധിക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് പണം അയക്കാനാണ് ഇത് സഹായിക്കുക. ആർക്കാണോ നിങ്ങൾ പണം അയക്കുന്നത് അയാളുടെ മൊബൈൽ നമ്പർ നൽകണം. ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് അയാൾക്ക് പണം പിൻവലിക്കാം.  

ഇതിൽ കൂടുതൽ സേവനങ്ങൾ എടിഎമ്മുകൾക്ക് ചെയ്യാനാകും. മിക്ക ബാങ്കുകളും വിവിധ സേവനങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.     

1 COMMENT

  1. ഇനി ബാങ്കിംഗ് രംഗത്ത് ചില മാറ്റങ്ങൾ അടിയന്തിരമായി ഉണ്ടാവണം .SB അക്കൗണ്ടിന്റെ or മറ്റ് അക്കൗണ്ടകളുടെ മിനിമം ബാലൻസ് കളയണം .പകരമായി ഒരു നിശ്ചിത തുക വാർഷികമായി ഈടാക്കുന്ന ഒരു രീതി വേണം .മറ്റൊരു ചാർജ്ജുകളും പിന്നെ ഈടാക്കരുത് .മുൻപ് കള്ളൻമാരെ പേടിച്ച സ്ഥാനത്ത് ,ഇപ്പോൾ ബാങ്കുകാരെയാണ് പേടി എപ്പോൾ വേണമെങ്കിലും മോഷ്ടിക്കപ്പെടാം.ഇതു പിടിക്കപ്പെടാൻ സാധ്യത കുറവുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here