എടിഎമ്മുകള്‍ മാറുന്നു, വെര്‍ച്വല്‍ ബാങ്ക് ശാഖകളായി

രാജ്യത്തെ എടിഎമ്മുകളുടെയൊക്കെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 95 ശതമാനം എടിഎമ്മുകളും നൂതനമായ സൗകര്യങ്ങളിലേക്ക് മാറുന്നതിനായി വിവിധ ബാങ്കുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതു പോലെ നിക്ഷേപിക്കുന്നതിനും അത് അപ്പോള്‍ തന്നെ എക്കൗണ്ടില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന തരത്തിലേക്ക് എടിഎമ്മുകള്‍ മാറിയിരിക്കുന്നു. എടിഎമ്മുകള്‍ വെര്‍ച്വല്‍ ബാങ്കു ശാഖകളായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇനി, ഇടപാടുകാര്‍ക്ക് ബാങ്ക് ശാഖകള്‍ തേടി പോകാനുള്ള സമയവും ചെലവും ലാഭിക്കാം എന്നര്‍ത്ഥം. രാജ്യത്ത് ആകെയുള്ള 2.4 ലക്ഷം എടിഎമ്മുകളില്‍ 14.6 ശതമാനത്തോളം (35,000 എണ്ണം) പുതിയ രീതിയിലേക്ക് മാറിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏകദേശം 5.5 ലക്ഷം രൂപയാണ് ഓരോ പുതിയ എടിഎമ്മുകളുടെയും വില. സാധാരണ എടിഎമ്മുകളുടേത് മൂന്നു ലക്ഷം രൂപ മാത്രമായിരിക്കേയാണിത്. ആര്‍ബിഐയും നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും എല്ലാ എടിഎമ്മുകളിലും എല്ലാ ബാങ്കുകളുടെയും സേവനം അനുവദനീയമാക്കിയതിനു പിന്നാലെയാണ് എടിഎമ്മുകളുടെ സ്വീകാര്യത രാജ്യമൊട്ടുക്കും വര്‍ധിച്ചത്.

പല ബാങ്കുകളും ബാങ്ക് ശാഖകളോട് ചേര്‍ന്നു തന്നെയാണ് ഇതു വരെ കാഷ് ഡെപ്പോസ്റ്റിനുള്ള എടിഎമ്മുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ പുതിയ എടിഎമ്മുകള്‍ എല്ലായിടത്തും ഉണ്ടാകും. 10000 രൂപ നിക്ഷേപിക്കുന്നതിനായി 50 രൂപയാണ് ബാങ്ക് സര്‍വീസ് ചാര്‍ജായി ഈടാക്കുക. പണം പിന്‍വലിക്കുന്നതിന് മൂന്നു തവണയില്‍ കൂടുതലാകുമ്പോള്‍ ഓരോ പിന്‍വലിക്കലിനും 15 രൂപയും ഈടാക്കും. പുതിയ സംവിധാനം ഒരുക്കുന്നതില്‍ വരുന്ന ഭാരിച്ച ചെലവാണ് സര്‍വീസ് ചാര്‍ജ് കൂട്ടുന്നതിലേക്ക് നയിച്ചത്.

ചെറുകിട കച്ചവടക്കാരടക്കമുള്ള നിരവധി പേര്‍ക്ക് വെര്‍ച്വല്‍ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കുന്ന ഇത്തരം പുതു എടിഎമ്മുകള്‍ അനുഗ്രഹമാകും. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് പണം അയക്കാനും ഇതിലൂടെ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it