സാധാരണ പ്രവര്‍ത്തന സമയത്തിലേക്ക് മാറി ബാങ്കുകള്‍; പണം പിന്‍വലിക്കുന്നതില്‍ പുതിയ മാറ്റങ്ങള്‍

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപൃതരാകാന്‍ തുടങ്ങിയിരിക്കുകയാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാമൂഹിക അകലം നിലനിര്‍ത്തുന്ന ഏറെ നിയന്ത്രണങ്ങളോട് കൂടി സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) ശനിയാഴ്ച രാജ്യവ്യാപകമായി പണം പിന്‍വലിക്കലിന് പുതിയ നിയമം ആരംഭിച്ചു. കൂടുതല്‍ ഇലക്ട്രോണിക് ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ ശ്രമിക്കുകയും ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ശാഖകളില്‍ തിരക്ക് ഉണ്ടാകാതിരിക്കാനാണ് പണം പിന്‍വലിക്കാന്‍ നിര്‍ദ്ദിഷ്ട തീയതികള്‍ നിശ്ചയിച്ച് കൊണ്ട് ഐബിഎ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഇതാ ഈ ദിവസങ്ങളില്‍ പണം പിന്‍വലിക്കാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

പ്രവര്‍ത്തന സമയം

ഇന്ന് മുതല്‍ കേരളത്തിലെ എല്ലാ ബാങ്കുകളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് എല്ലാ ബാങ്കുകള്‍ക്കും രാവിലെ പത്തു മുതല്‍ നാലു മണി വരെ ഇടപാട് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവും ആയിരിക്കും. എല്ലാ ജില്ലകളിലും ഈ നിയമം ബാധകമാണെങ്കിലും കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ബാങ്കുകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

അവസാന അക്കം അനുസരിച്ചാണ് പണം പിന്‍വലിക്കാനാകുക

ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാകുക. അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കമായി പൂജ്യവും ഒന്നും ഉള്ളവരെ മെയ് 4 ന് പണം പിന്‍വലിക്കാന്‍ അനുവദിക്കും. അതുപോലെ, 2 ഉം 3 ഉം അക്കത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് മെയ് 5 ന് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം എടുക്കാം. 4 ഉം 5ഉം അവസാന അക്കങ്ങളായി ഉള്ളവര്‍ക്ക് മെയ് 6 ന് പിന്‍വലിക്കാം. അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കങ്ങളായി 6 ഉം 7 ഉം ഉള്ള ഉപഭോക്താക്കള്‍ക്ക് മെയ് 8 ന് പിന്‍വലിക്കാം. കൂടാതെ 8 ഉം 9 ഉം ഉള്ളവര്‍ക്ക് മെയ് 11 ന് തുക പിന്‍വലിക്കാം. ഇത്തരത്തിലാണ് വരും ദിവസങ്ങളിലെ ക്രമീകരണം.

11 ന് ശേഷം അറിയേണ്ട കാര്യങ്ങള്‍

സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ട് വഴി കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 500 രൂപയുടെ രണ്ടാം ഗഡു വിതരണം മെയ് നാല് മുതല്‍ ആരംഭിക്കുന്നതിനാലാണ് പണം പിന്‍വലിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. മെയ് 11ന് ശേഷം ഈ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആര്‍ക്കും ഏത് ദിവസവും പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യും. കഴിഞ്ഞ മാസവും ഇതേ രീതി പിന്തുടര്‍ന്നിരുന്നു.

പിന്‍വലിക്കലുകള്‍ക്ക് എടിഎം

ബാങ്കുകളിലെത്തുന്നതിന് പകരം അധിക ചാര്‍ജുകളില്ലാതെ ഉപഭോക്താക്കള്‍ ഏതെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ് നല്ലതെന്നാണ് നിര്‍ദേശം.

എന്‍ബിഎഫ്സികള്‍

മൈക്രോഫിന്‍ സ്ഥാപനങ്ങളും (എംഎഫ്ഐ) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) സുരക്ഷിതമായ മേഖലകളില്‍ ഇന്ന് മുതല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. മെയ് 17 വരെയാണ് ലോക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുന്നത്. മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളുള്‍പ്പെടെ റെഡ് സോണുകളില്‍ ആസ്ഥാനമുള്ള ഏതാനും എന്‍ബിഎഫ്സികള്‍ നിര്‍ണായക അഡ്മിനിസ്‌ട്രേറ്റീവ്, ബാക്ക് എന്‍ഡ് ജീവനക്കാര്‍ക്ക് ജോലി പുനരാരംഭിക്കാന്‍ അധികാരികളുടെ പ്രത്യേക അനുമതി തേടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it