മോറട്ടോറിയം കാലയളവിലെ കൂട്ടു പലിശ ഒഴിവാക്കാം; കേന്ദ്രസര്‍ക്കാര്‍

മോറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് കോടി രൂപ വരെ വായ്പയുള്ളവരുടെ ഒഴിവാക്കാം എന്ന കേന്ദ്ര തീരുമാനം സുപ്രീം കോടതിയിയുടെ പരിഗണനയില്‍. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ നീണ്ട ആറുമാസക്കാലത്തെ പലിശ ഇളവ് നല്‍കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു. എംഎസ്എംഇകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇളവായിരിക്കും ഇത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശയുടെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നതാണ് ഒരേ ഒരു പരിഹാരമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര നീക്കം. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാകും ഇളവ് ലഭിക്കുക.

പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 5000- 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് ബാങ്കുകളുടെ ദേശീയ സമിതി അറിയിച്ചിരുന്നത്. രണ്ട് കോടിവരെയുള്ള വായ്പകള്‍ക്കാണ് ഇത്. എല്ലാ ഉപഭോക്താക്കള്‍ക്കുമായി കൂട്ടുപലിശ ഇളവ് നല്‍കിയാല്‍ ഈ ബാധ്യത 10000 മുതല്‍ 15000 കോടി വരെയാകും. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. വായ്പയെടുക്കുന്നവരെ സഹായിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച സർക്കാർ പാനലിന്റെ ശുപാർശയ്ക്ക് ശേഷം നിലപാട് മാറ്റുകയായിരുന്നു.

കൂട്ടുപലിശ ഇളവിനൊപ്പം വായ്പകള്‍ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ നല്‍കാമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ മൊത്തം ആസ്തിയുടെ പ്രധാന ഭാഗം ഇല്ലാതാക്കും. ഇത്തരത്തില്‍ എസ്ബിഐ ബാങ്കിന്റെ മൊത്തം ആസ്തിയുടെ പകുതിയോളം നഷ്ടമായേക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it