സിഎസ്ബി ഓഹരിയുടെ അരങ്ങേറ്റം ആവേശകരം

സിഎസ്ബി ബാങ്ക് ഓഹരിയുടെ വിപണിയിലെ അരങ്ങേറ്റം ശക്തം. ഇന്നു രാവിലെ ബോംബെ സ്‌റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തയുടന്‍ തന്നെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 56 ശതമാനം ഉയര്‍ന്ന് 304 രൂപയിലെത്തി. ബിഎസ്ഇയിലെ ഇഷ്യു വില 195 രൂപയായിരുന്നു.
പ്രീ ട്രേഡിംഗില്‍ തന്നെ വില 41 % ഉയര്‍ന്ന് 275 രേഖപ്പെടുത്തി. സെഷന്‍ പുരോഗമിച്ചതോടെ നേട്ടം ഉയര്‍ന്നു.അടുത്തിടെ പൂര്‍ത്തിയായ സിഎസ്ബി ബാങ്കിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത് . ഐപിഒ 86 മടങ്ങിലേറെ അധിക വിതരണം ചെയ്യപ്പെട്ടിരുന്നു. ഐപിഒ ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയുഷണല്‍ വിഭാഗത്തില്‍ 62 മടങ്ങിലേറെയും സ്ഥാപന ഇതര വിഭാഗത്തില്‍ 164 മടങ്ങും ബിഡ് വന്നു. ചില്ലറ നിക്ഷേപകരില്‍ നിന്നും 44 മടങ്ങിലേറെ ആവശ്യക്കാര്‍ ഉണ്ടായി.
410 കോടി രൂപ മൂല്യം വരുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് പ്രതി ഓഹരി 193-195 രൂപ ആയിരുന്നു. നവംബര്‍ 22 മുതല്‍ 26 വരെയായിരുന്നു സിഎസ്ബി ബാങ്കിന്റെ ഐപിഒ. ആക്സിസ് ക്യാപിറ്റലും ഐഐഎഫ്എല്‍ സെക്യൂരിറ്റീസുമാണ് ഓഫറിന് നേതൃത്വം നല്‍കിയത്. മൊത്തം 1.15 കോടി ഓഹരികള്‍ക്ക് 100 കോടിയിലധികം ബിഡ്ഡുകള്‍ ലഭിച്ചു.
ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്റെ ഹോള്‍ഡിംഗ് ഐപിഒയ്ക്ക് ശേഷം നിലവിലെ 50.09 ശതമാനത്തില്‍ നിന്ന് 49.73 ശതമാനമായി കുറയും. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച്, പ്രൊമോട്ടര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 40%, 10 വര്‍ഷത്തില്‍ 30%, 15 വര്‍ഷത്തില്‍ 15% എന്നിങ്ങനെ ഓഹരി കുറയ്ക്കണം.സി.വി.ആര്‍ രാജേന്ദ്രനെ എംഡിയും സിഇഒയുമായി മൂന്ന് വര്‍ഷത്തേക്ക് ബോര്‍ഡ് വീണ്ടും നിയമിച്ചതായി, മുമ്പ് കാത്തലിക് സിറിയന്‍ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്ക് സ്റ്റോക്ക് എക്്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline