സാമ്പത്തിക മേഖലയിലെ പുതുപ്രവണതകള്‍ വിശദമാക്കി ധനം സമ്മിറ്റ്

സാമ്പത്തിക മേഖലയിലെ പുതുപ്രവണതകള്‍ വിശദമാക്കി ധനം ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമ്മിറ്റ് 2020. സൗത്ത് ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ഏറ്റവും വലിയ സമ്മിറ്റ് ആണ് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം മാഗസിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലയിലെ രാജ്യത്തെ പ്രമുഖ വ്യക്തികളാണ് സമിറ്റില്‍ പ്രഭാഷണം നടത്തുന്നത്.

കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങളോടൊപ്പം മുന്നേറുക എന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ഓരോ സ്ഥാപനവും ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് സമിറ്റില്‍ സംസാരിക്കവെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പിആര്‍ രവി മോഹന്‍ പറഞ്ഞു. റീട്ടെയ്ല്‍ നിക്ഷേപ മേഖലയിലെ ഇന്നത്തെ സാധ്യതകള്‍ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്നും ചെറുകിട സംരംഭകത്വ മേഖലയിലാണ് പുതു സാധ്യതകള്‍ തുറക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയ മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സമ്മിറ്റില്‍ 'ഡെവലപ്‌മെന്റ്‌സ് ഇന്‍ ബാങ്കിംഗ് റെഗുലേഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍ ഇന്‍ റീസന്റ് ടൈംസ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് 'ടെക്‌നോളജീസ് ദാറ്റ് റീഷേപ്പ് ദി റീറ്റെയ്ല്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇന്റര്‍മീഡിയറി സര്‍വീസസ്' എന്ന വിഷയത്തില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എ.ബാലകൃഷ്ണന്‍ സംസാരിച്ചു. ഉപഭോക്തൃകേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക് ചെയ്ന്‍, ബിഗ് ഡാറ്റ തുടങ്ങിയ പുതിയ കാല സാങ്കേതികതള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ റീറ്റെയ്ൽ സ്വർണ്ണ ശേഖരത്തിൻ്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോഴും ക്രിയാത്മകമായി വിനിയോഗപ്പെടുന്നുള്ളൂവെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ കെആര്‍ ബിജി മോന്‍ വിശദമാക്കിയത്. ഗ്രോത്ത് സ്റ്റോറി ഓഫ് മുത്തൂറ്റ് ഫിനാന്‍സ് എന്ന വിഷയത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മുത്തൂറ്റ് മാറിയതിനു പിന്നിലെ വിജയവഴിയും അതില്‍ ഓരോ ജീവനക്കാരനും വഹിക്കുന്ന പങ്കും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ കാര്‍ഷിക മേഖലയിലും ഫിഷറീസ് മേഖലയിലും ഫലപ്രദമായ പദ്ധതികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നബാര്‍ഡ് പ്രവര്‍ത്തിക്കുമെന്ന് പിന്നീട് സംസാരിച്ച നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീനിവാസന്‍ വിശദമാക്കി. കടക്കെണിയെക്കാള്‍ സാമ്പത്തിക നിരക്ഷരതയാണ് കര്‍ഷക ആത്മഹത്യകള്‍ കൂടാന്‍ കാരണമാകുന്നതെന്നും ഇതിന് പരിഹാരമായി ഗ്രാമീണ തലത്തില്‍ അവബോധ ക്യാമ്പുകള്‍ നബാര്‍ഡ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനം ബാങ്കിംഗ് സമ്മിറ്റിലെ മറ്റു സെഷനുകളും പുതിയ കാലത്തെ മാറ്റങ്ങള്‍ വിളിച്ചോതുന്നതായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it