ദുരിതാശ്വാസ നിധിയിലേക്കുള്ള  സംഭാവനയ്ക്ക് എഫ്സിആർഎയുമായി  ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമാണോ?

1. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഞാന്‍ സ്വന്തം നിലയ്ക്ക് ചില സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നു. അതിലേക്കായി ഇന്ത്യയിലുള്ള എന്റെ ചില സുഹൃത്തുക്കള്‍ എന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന അയച്ചുതരാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭാവന സ്വീകരിക്കുന്നതിലൂടെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? ഇത് നിയമാനുസൃതമാണോ?

ഉത്തരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഒരു വ്യക്തിയില്‍ നിന്നും താങ്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമായി സ്വീകരിക്കുമ്പോള്‍, ആദായ നികുതി നിയമത്തിലെ ചില വ്യവസ്ഥകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തി പണമോ ജംഗമ വസ്തുക്കളോ പ്രതിഫലം ഇല്ലാതെ സ്വീകരിക്കുകയും അത് പിന്നീട് തിരികെ കൊടുക്കേണ്ട ബാധ്യതയില്ലാത്തതും, അങ്ങനെ സ്വീകരിച്ച പണത്തിന്റെയും ജംഗമ വസ്തുക്കളുടെയും മൊത്തം കമ്പോള വില Rs 50,000/ല്‍ കൂടുതലും ആണെങ്കില്‍ അത് ആദായ നികുതി നിയമത്തിലെ 56 മത്തെ വകുപ്പനുസരിച്ചു നികുതി ബാധ്യതയുള്ള വരുമാനം ആണ്. എന്നാല്‍ താഴെ വിവരിച്ച പ്രകാരമുള്ള ബന്ധുക്കളില്‍ നിന്ന് അവ സ്വീകരിച്ചാല്‍, അതിന് നികുതി ബാധ്യതയുണ്ടാകില്ല. പണമായോ അല്ലാതെയോ സംഭാവന സ്വീകരിക്കുന്നത് ആദായ നികുതി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് വ്യക്തമാണല്ലോ.

എന്നാല്‍ താങ്കള്‍ മറ്റൊരു വ്യക്തിയുടെ (അതായത് ദാതാവിന്റെ) ഏജന്റായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് സ്ഥാപിക്കാനാകുമെങ്കില്‍ അവ താങ്കളുടെ വരുമാനത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ല. ആയതിനാല്‍, സംഭാവനയായി ലഭിച്ചവ താങ്കളുടെ വരുമാനത്തിന്റെ ഭാഗമല്ലെന്നും സംഭാവന നല്‍കിയ വ്യക്തികളുടെ ഏജന്റായി പ്രവര്‍ത്തിക്കുക മാത്രമാണ് താങ്കള്‍ ചെയ്തത് എന്ന് ആദായ നികുതി ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ തെളിയിക്കാനുള്ള ബാധ്യത താങ്കള്‍ക്കുണ്ട്. സ്വീകരിച്ച തുകയുടെയും അതില്‍നിന്നു ചെലവാക്കിയതിന്റെയും വിശദമായ ഒരു സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതുണ്ട്. നല്‍കുന്ന സംഭാവനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണെന്നും അതിന്റെ ഏകോപനത്തിനായി സംഭാവന നല്കുന്നയാളിന്റെ ഏജന്റായി താങ്കള്‍ പ്രവര്‍ത്തിക്കണമെന്നും കാണിച്ചുള്ള കത്ത് സംഭാവന നല്‍കുന്ന എല്ലാ വ്യക്തികളില്‍ നിന്നും വാങ്ങി സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ആയതിനാല്‍, ചെലവഴിച്ച തുകയുടെ വൗച്ചറുകള്‍, ബില്ലുകള്‍, ഇന്‍വോയ്‌സുകള്‍, രസീതുകള്‍ തുടങ്ങിയവ ചെലവഴിച്ച തുകയുടെ തെളിവായി സൂക്ഷിക്കേണ്ടതാണ്. ഈ ആവശ്യത്തിനു മാത്രമായി ഒരു പ്രത്യേക ബാങ്ക് അക്കൌണ്ട് സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തി സൂക്ഷിക്കുന്നതും ഭാവിയില്‍ പ്രയോജനപ്പെട്ടേക്കാം.

മേല്‍പ്പറഞ്ഞ വകുപ്പുകള്‍ക്ക് ബന്ധുക്കള്‍ ആയി കണക്കാക്കപ്പെടുന്നത് ആരൊക്കെ?

(i) വ്യക്തിയുടെ ജീവിതപങ്കാളി;

(ii) വ്യക്തിയുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി;

(iii) വ്യക്തിയുടെ ജീവിതപങ്കാളിയുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി;

(iv) വ്യക്തിയുടെ മാതാപിതാക്കളുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി;

(v) നേര്‍വംശപരമ്പരയിലുള്ള പൂര്‍വികര്‍ അല്ലെങ്കില്‍ പിന്‍ഗാമികള്‍

(vi) വ്യക്തിയുടെ ജീവിതപങ്കാളിയുടെ നേര്‍വംശപരമ്പരയിലുള്ള പൂര്‍വികര്‍ അല്ലെങ്കില്‍ പിന്‍ഗാമികള്‍;

(vii) മേല്‍ വിവരിച്ച ii മുതല്‍ vi വരെയുള്ള ആളുകളുടെ ജീവിതപങ്കാളി

2. FCNR, FCR മുതലായവയുമായി ബന്ധപ്പെട്ടു ചില നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നല്ലോ ?

ഉത്തരം: സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, മതം സാമൂഹികം തുടങ്ങിയ മേഖലകളിലുള്ളവര്‍ ഏതെങ്കിലും വിദേശ സംഭാവന സ്വീകരിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നും രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം എന്ന് 2010ലെ Foreign Cotnribution (Regulation) Act, നിഷ്‌കര്‍ഷിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നവര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടു കൂടി മാത്രമേ വിദേശ സംഭാവനകള്‍ സ്വീകരിക്കാവൂ. കൂടാതെ, പ്രസ്തുത നിയമത്തില്‍ പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ വിദേശ സംഭാവന സ്വീകരി ക്കുന്നതില്‍ നിന്ന് വിലക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.

3. എന്റെ ബാങ്ക് അക്കൌണ്ടില്‍ ഇതിനകം ഞാന്‍ പണം സ്വീകരിച്ചു കഴിഞ്ഞു. ആയതിനാല്‍ ഞാനിനി എന്താണ് ചെയ്യേണ്ടത് ?

ഉത്തരം: താങ്കളുടെ ബാങ്ക് അക്കൗണ്ടില്‍ ഇതിനകം തന്നെ താങ്കള്‍ തുക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു ചെലവഴിക്കാനായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുക. മുകളില്‍ വിശദീകരിച്ചതുപോലെ ദാതാക്കളില്‍ നിന്നും കത്തുകള്‍ വാങ്ങി സൂക്ഷിക്കുക. സാധിക്കുമെങ്കില്‍ തുകകള്‍ ചെലവഴിക്കുന്നത് ക്യാഷായല്ലാതെ ക്രോസ്സ് ചെയ്ത account payee ചെക്കായോ eletcronic payment ആയോ മാത്രം നടത്തുക. ചെലവാക്കുന്ന ഓരോ രൂപയ്ക്കും ബില്ലുകള്‍, രസീതുകള്‍, വൗച്ചറുകള്‍ തുടങ്ങിയവ വാങ്ങി സൂക്ഷിക്കുക. ദിവസവേതനക്കാര്‍ക്കു പണം കൊടുക്കേണ്ടി വരുമ്പോള്‍ പേര്, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ കാണിച്ചുള്ള തൊഴിലാളിയുടെ ഒപ്പു സഹിതമുള്ള രസീതുകള്‍ സൂക്ഷിക്കുക. ഇവയ്‌ക്കെല്ലാം പുറമെ മേല്‍പറഞ്ഞതുപോലെ, സ്വീകരിച്ച തുകയുടെയും അതില്‍നിന്നു ചെലവാക്കിയതിന്റെയും വിശദമായ ഒരു സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതുണ്ട്.

4. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പണം സ്വീകരിക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

ഉത്തരം: ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ രൂപീകരിക്കുകയാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്തിനുള്ള അഭിലഷണീയ മാര്‍ഗ്ഗം. ജാതി, മത, ലിംഗ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാതരത്തിലുള്ള ആളുകള്‍ക്കുമുള്ള സേവനം ലക്ഷ്യമാക്കിയുള്ള സംഘടനകളെയാണ് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി നിയമത്തിന്റെ 80G വകുപ്പ് പ്രകാരം ഇളവ് ലഭിക്കാന്‍ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ പ്രത്യേക രജിസ്ട്രഷന്‍ എടുത്തിരിക്കണം.

5. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നല്‍കിയ സംഭാവനയ്ക്ക് എനി ക്ക് ആദായനികുതി നിയമപ്രകാരം നികുതിയിളവ് ലഭിക്കുമോ?

ഉത്തരം: വ്യക്തികള്‍, കമ്പനികള്‍ തുടങ്ങിയ നികുതി ദാതാക്കളായ ആര്‍ക്കും 80G വകുപ്പ് പ്രകാരം ചില സംഭാവനകള്‍ക്കു കിഴിവുകള്‍ ക്ലെയിം ചെയ്യാവുന്നതാണ്. രണ്ടായിരം രൂപയില്‍ കൂടുതല്‍ തുക ക്യാഷ് ആയി സംഭാവന ചെയ്താല്‍ പ്രസ്തുത സംഭാവനക്ക് ആദായനികുതി ഇളവ് ലഭിക്കുന്നതല്ല. ആയതിനാല്‍ 2,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ 80G വകുപ്പു പ്രകാരം കിഴിവ് ലഭിക്കുന്നതിനായി ക്യാഷ് അല്ലാതെ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ, പണമല്ലാതെയുള്ള സംഭാവനകള്‍ ആദായനികുതി നിയമപ്രകാരം കിഴിവ് ലഭിക്കുന്നതിന് യോഗ്യമല്ല.

മുദ്രയുള്ള രസീത്:

താങ്കള്‍ സംഭാവന കൊടുത്ത ട്രസ്റ്റിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ മുദ്രയോടു കൂടിയ രസീത് വാങ്ങി സൂക്ഷിക്കുക. ഇത് സംഭാവന നല്കിയതിനുള്ള തെളിവാണ്.

അത്തരം രസീതില്‍ സംഭാവന സ്വീകരിച്ച ട്രസ്റ്റിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര്, മേല്‍വിലാസം, PAN മുതലായവ വ്യക്തമായി കാണിച്ചിരിക്കണം.

സംഭാവന നല്‍കിയ ആളിന്റെ പേര്, സംഭാവന തുകയുടെ വിശദാംശങ്ങള്‍ എന്നിവയും രസീതില്‍ വ്യക്തമാക്കിയിരിക്കണം.

സെക്ഷന്‍ 80G പ്രകാരമുള്ള ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, രജിസ്‌ട്രേഷന്റെ കാലാവധി മുതലായവയും രസീതിയില്‍ പരാമര്‍ശിക്കേണ്ടതാണ്.

i) കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കുന്ന സംഭാവന:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കുന്ന സംഭാവനകള്‍ 80G വകുപ്പ് അനുസരിച്ച് മൊത്ത വരുമാനത്തില്‍ നിന്ന് പൂര്‍ണമായും ഇളവ് ചെയ്തു കിട്ടുന്നതാണ്. ഈ ആനുകൂല്യത്തിന് യോഗ്യതാ പരിധിയില്ല.

ii) വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാവന:

സെക്ഷന്‍ 80G (5) ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന ഏതൊരു സ്ഥാപനത്തിനും അല്ലെങ്കില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നല്‍കുന്ന സംഭാവനകള്‍ കിഴിവിന് അര്‍ഹതയുള്ളതാണ്. എന്നാല്‍ ഈ കാറ്റഗറിയില്‍പ്പെട്ട സംഭാവനകള്‍ തുകയുടെ 50% ത്തിനു മാത്രം ഇളവിന് അര്‍ഹതപ്പെട്ടതും മൊത്തം വരുമാനത്തിന്റെ പരമാവധി 10% പരിധിക്കു വിധേയവുമായിരിക്കും.

Adjusted total income:

ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൊത്തം വരുമാനത്തില്‍ നിന്ന് (അതായത് എല്ലാ വിഭാഗത്തിലുമുള്ള വരുമാനത്തിന്റെ ആകെത്തുക) താഴെപ്പറയുന്നവ കുറക്കുമ്പോള്‍ കിട്ടുന്നതാണ്:

  • 80CCC വകുപ്പ് മുതല്‍ 80U വകുപ്പ് വരെയുള്ള കിഴിവ് (80G വകുപ്പ്ഒ മാത്രം ഒഴിവാക്കി)
  • വിമുക്തമാക്കപ്പെട്ട വരുമാനം (Exempt Income)
  • ദീര്‍ഘകാല മൂലധനനേട്ടങ്ങള്‍ (Long Term Capital Gain)
  • നോണ്‍ റെസിഡന്‍സ്, വിദേശ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട 115A, 115AB, 115AC, 115AD, 115D വകുപ്പുകള്‍ പ്രകാരമുള്ള വരുമാനം.

iii) അര്‍ഹരായവര്‍ക്ക് താങ്കള്‍ സ്വന്തം നിലയില്‍ നക്കുന്ന സംഭാവന

താങ്കളുടെ സ്വന്തം നിലയിലോ നടത്തുന്ന സംഭാവനയോ അല്ലെങ്കില്‍ വകുപ്പ് 80G (5) അനുസരിച്ച് വ്യവസ്ഥകള്‍ പാലിക്കുന്നതല്ലാത്ത സ്ഥാപനത്തിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നത് ആദായ നികുതി നിയമപ്രകാരം കിഴിവിനു അര്ഹതയുള്ളതല്ല.

മേല്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടുക.

JAKS Business Empowerment

തിരുവനന്തപുരം- 94471 23625, ചേര്‍ത്തല - 90207 04915,കൊച്ചി - 82810 19444, തൃശൂര്‍ - 99610 46701

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it