'വരാനിരിക്കുന്നത് ഇതുവരെ കാണാത്ത പ്രതിസന്ധി'

സാമ്പത്തിക മേഖല ആഗോളാടിസ്ഥാനത്തില്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്ന് മുന്‍കൂട്ടി നിരീക്ഷിച്ചുകൊണ്ട് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്നു ചൂണ്ടിക്കാട്ടി ധനം ഇക്കഴിഞ്ഞ ജനുവരി 31 നു പ്രസിദ്ധീകരിച്ച ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജുമായുള്ള അഭിമുഖം:

സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ ഒട്ടനവധി പ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യയും ലോകവും ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്തിന്റെ ഓരോ കോണിലുമുണ്ട് ഓരോ പ്രശ്‌നങ്ങള്‍. ഇത്തരം ആഗോള സാഹചര്യങ്ങള്‍ എങ്ങനെയാകും ലോക സാമ്പത്തിക രംഗത്തെയും ഓഹരി വിപണികളെയും സ്വാധീനിക്കുക?

ജനാധിപത്യം നിലനില്‍ക്കുന്ന ലോകത്തിലെ വികസിത രാജ്യങ്ങള്‍ ഗൗരവമായ നേതൃപരമായ പ്രതിസന്ധി (ലീഡര്‍ഷിപ്പ് ക്രൈസിസ്) യിലൂടെയാണ് കടന്നു പോകുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം സമ്പദ് സമൃദ്ധിയിലേക്കാണ് ചുവടുവെച്ചത്.

സമ്പദ് സമൃദ്ധി പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്ക് വഴിവെയ്ക്കും.

  • ഇക്കാലഘട്ടത്തില്‍ കൂടുതലായും ഉണ്ടാവുക തെറ്റായ തീരുമാനങ്ങളാകും.
  • മോശം നേതാക്കന്മാരെ സൃഷ്ടിക്കും.

സമ്പദ് സമൃദ്ധിയുള്ള അന്തരീക്ഷത്തില്‍ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉടനടിയുള്ള പരിഹാരമാണ് തേടുന്നത്. ഇവര്‍ക്ക് നേതാക്കന്മാരില്‍ അടിയുറച്ച വിശ്വാസമൊന്നും കാണില്ല. എന്റെ ഇന്നത്തെ ആവശ്യം ഉടനടി സാധിച്ചുതരുന്നവര്‍ക്ക് ഞാന്‍ വോട്ടു ചെയ്യും ഇതാണ് ജനങ്ങളുടെ മനോഭാവം. അതുകൊണ്ട് തന്നെ, രാജ്യത്തിന്റെ ദീര്‍ഘകാല ഭാവിയെ പറ്റിയൊന്നും ചിന്തിക്കാതെ വോട്ടറെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാകും നേതാക്കള്‍ സ്വീകരിക്കുക. കാരണം അവര്‍ക്ക് വോട്ടും അധികാരവുമാണ് വലുത്.

കുറച്ചു കൂടി വ്യക്തമായി പറയാം. ഇന്ത്യയിലെ കാര്യം നോക്കൂ. സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും മത്സരിച്ച് കടങ്ങള്‍ എഴുതി തള്ളുന്നു. അതുപോലെ ഒട്ടനവധി സൗജന്യങ്ങളും ഇളവുകളും ജനങ്ങള്‍ക്ക് നല്‍കി കൊണ്ടേയിരിക്കുന്നു. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലത്തില്‍ എങ്ങനെയാകും സ്വാധീനിക്കുക? ഈ നടപടി നിര്‍ബാധം തുടര്‍ന്നാല്‍ രൂപയുടെ മൂല്യം തകര്‍ന്നടിയാന്‍ സാധ്യതയുണ്ട്. പക്ഷേ ആരും ഇത് ഗൗനിക്കുന്നില്ല.

ലോകത്തെല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി. റഷ്യ, അമേരിക്ക ഉള്‍പ്പടെ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളിലെല്ലാം ദീര്‍ഘകാല ലക്ഷ്യമോ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘ കാല നിലനില്‍പ്പോ നോക്കിയല്ല പല തീരു മാനങ്ങളും കൈക്കൊള്ളുന്നത്. ലോക സമ്പദ്‌രംഗവും ആഗോള ഓഹരി വിപണികളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതുതന്നെ.

Q. ഇത്തരമൊരു സാഹചര്യം ഇതിനു മുമ്പ് ലോകത്തുണ്ടായിട്ടില്ലേ?

ലോകത്തെ പ്രബല രാജ്യങ്ങളില്‍ ഒരേ സമയം ഇത്തരമൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ല. അതുകൊണ്ടാണ് സമാനതകളില്ലാത്ത പ്രതിസന്ധിയായി ഇത് മാറുന്നത്.

Q. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും?

ലോകം ഇതുവരെ കാണാത്ത സാമ്പത്തിക, വിപണി പ്രതിസന്ധിക്കാവും ഇത് വഴിവെക്കുക. ചരിത്രത്തിലെ ഏറ്റവും തീവ്രമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം വഴുതി വീണാലും ഞാന്‍ അത്ഭുതപ്പെടുന്നില്ല. സത്യത്തില്‍ ഇതൊരു പ്രകൃതി നിയമം കൂടിയാണ്. എന്നും എക്കാലവും ഒരുപോലെ നില്‍ക്കില്ല. സമ്പദ് സമൃദ്ധിയുടെ കാര്യവും അതുപോലെ.

ഇപ്പോഴുള്ള പുതുതലമുറ മാത്രമല്ല അവരുടെ മുന്‍ഗാമികള്‍ പോലും വറുതി അനുഭവിച്ചിട്ടില്ല. കഷ്ടപ്പാടില്‍ നാം ദൈനംദിന ജീവിതത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. എങ്ങനെ ജീവിക്കുമെന്നാണ് നോക്കുന്നത്. അവിടെ ജാതിക്കും മതത്തിനും വലിയ സ്ഥാനം കാണില്ല. എന്നാല്‍ ഇന്ന് സ്ഥിതിയെന്താണ്? ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു. മതം കൂടുതലായി ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ സൂചനകളാണ്.

അടിസ്ഥാനപരമായ, ഗൗരവമായ കാര്യങ്ങളില്‍ നിന്ന് നാം എത്രമാത്രം അകലെയാണെന്നതിന്റെ സൂചനകള്‍. ഇവിടെ മാത്രമല്ല. എവിടെയും ഇതാണ് സ്ഥിതി. ലോകത്ത് വിവിധ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷം ശക്തിയാര്‍ജ്ജിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ എത്തിച്ചേരാവുന്ന നിഗമനമാണ് ഞാന്‍ സൂചിപ്പിച്ചത്.

Q. ഇതേ കാലഘട്ടത്തില്‍ തന്നെയാണല്ലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും മെഷീന്‍ ലേണിംഗുമെല്ലാം വരുന്നതും അത് തൊഴില്‍ സാഹചര്യങ്ങളെ തന്നെ മാറ്റിമറിക്കുന്നതും. അതെങ്ങനെയാകും സ്വാധീനം ചെലുത്തുക?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജസിന്റെ മലയാള വിവര്‍ത്തനമെന്താണ്? നിര്‍മിത ബുദ്ധി. പക്ഷേ പദാനുപദ തര്‍ജ്ജമ നോക്കുമ്പോള്‍ വരേണ്ടത് കൃത്രിമബുദ്ധി എന്നല്ലേ. ബുദ്ധി കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പലതലത്തില്‍ നിന്ന് അതിനെതിരെ ശബ്ദമുയരും, മനുഷ്യ ക്ലോണിംഗിനെതിരെ ഉയര്‍ന്നതുപോലെ. നിര്‍മിത ബുദ്ധി എന്നു കേള്‍ക്കുമ്പോള്‍ അതില്ല. പക്ഷേ വാക്കുമാറി എന്നതിലുപരി അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം മാറുന്നു.

പല പശ്ചാത്യ രാജ്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ തലങ്ങളിലും വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കുന്നതിനെതിരെ അക്കാഡമീഷ്യന്മാര്‍ രംഗത്തു വന്നിട്ടുണ്ട്. വളരെ നിര്‍ണായകമായ, ഒഴിവാക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ അക ആകാമെന്നവര്‍ വാദിക്കുന്നു. അല്ലാതെ വന്നാല്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് ഇവരുടെ വാദം. ദൗര്‍ഭാഗ്യവശാല്‍ അത്തരം ചിന്തകളോ ചര്‍ച്ചകളോ പോലും ഇന്ത്യയില്‍ നടക്കുന്നില്ല.

Q. കേരളത്തിലേക്ക് വന്നാല്‍, എന്താണ് നാം നേരിടുന്ന പ്രധാന പ്രതിസന്ധി? നമുക്ക് മുന്നോട്ടു പോകാന്‍ മാര്‍ഗമെന്താണ്?

കേരളത്തിന്റെ ദീര്‍ഘകാല ഭാവിയെ കുറിച്ച് ചിന്തിക്കുന്ന നേതൃത്വമില്ലെന്നതാണ് മുഖ്യപ്രശ്‌നം. അല്ലെങ്കില്‍ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള വഴികളെ കുറിച്ച് വലിയ ധാരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇല്ലെന്ന് തോന്നുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജ്ജവത്തോടെ ചില നിലപാടുകള്‍ എടുക്കുന്നതിനെ മറന്നുകൊണ്ടല്ല ഈ നിരീക്ഷണം.

ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്നവരായിരുന്നു കേരളത്തിന്റെ ആദ്യകാല ഭരണാധികാരികള്‍. ദുര്‍ഘടമായ സാഹചര്യങ്ങളാണ് എന്നും നല്ല നേതാക്കളെ സൃഷ്ടിക്കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ നല്ല നേതാക്കള്‍ ഉയര്‍ന്നുവരുന്നത് അതുകൊണ്ടാണ്. അത്തരം നേതാക്കള്‍ രാജ്യത്തിന് അല്ലെങ്കില്‍ സ്വന്തം ജനതയ്ക്ക് എന്ത് നല്ലത് സമ്മാനിക്കാമെന്ന് ചിന്തിക്കുന്നവരാകും. മറിച്ച് തനിക്ക് എന്ത് നേടാനാകുമെന്ന് ആലോചിക്കുന്നവരാകില്ല.

നല്ലൊരു കേരളം സ്വപ്‌നം കണ്ട നേതൃത്വം വിഭാവനം ചെയ്ത പല പദ്ധതികളുമാണ് കേരളത്തിന്റെ സാമൂഹ്യനിലവാരത്തില്‍ കുതിപ്പ് സൃഷ്ടിച്ചത്. പിന്നീട് ഇത് കൈമോശം വന്നു എന്നതാണ് വാസ്തവം.

മികവുറ്റ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സൃഷ്ടിച്ച് ഏറ്റവും മികച്ച മനുഷ്യവിഭവ ശേഷിയെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് നമുക്ക് എത്തിക്കാനാകും. അതാണ് നമുക്ക് മുന്നിലെ മികച്ച വഴിയും. പക്ഷേ വിദ്യാഭ്യാസ കച്ചവടക്കാരുടെ കൈകളിലേക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോയപ്പോള്‍ അക്കാര്യത്തില്‍ മൂല്യച്യുതി സംഭവിച്ചു. ഇതോടൊപ്പം അതിവേഗം ഉയര്‍ന്ന വേതനം നേടുന്നവരായി മാറണം തങ്ങളുടെ മക്കളെന്ന അതിമോഹവും മാതാപിതാക്കളില്‍ വേരൂന്നി.

മികവിന്റെ കേന്ദ്രങ്ങളാകേണ്ട കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വിതരണകേന്ദ്രങ്ങളായി അധഃപതിച്ചു. ഇതില്‍ നിന്നുള്ള തിരിച്ചു നടത്തമാണ് വേണ്ടത്. ലോകത്തിലേക്കും വെച്ച് ഏറ്റവും മികച്ച നഴ്‌സുമാരെ സംഭാവന ചെയ്യുന്നവരാണ് നാം. അത് മറ്റെല്ലാ രംഗങ്ങളിലേക്കും നമുക്ക് വ്യാപിപ്പിക്കാം. അതിലൂടെ നമുക്ക് മുന്നേറാം.

നിക്ഷേപകര്‍ എന്തു ചെയ്യണം?

സ്വര്‍ണത്തില്‍, അതായത് സോവറിന്‍ ഗോള്‍ഡില്‍, നിക്ഷേപകര്‍ കുറച്ചെങ്കിലും തുക നിക്ഷേപിച്ച് തുടങ്ങണം. ആഭരണമോ നാണയമോ ആയി ഈ നിക്ഷേപം പാടില്ല. സോവറിന്‍ ഗോള്‍ഡില്‍ 2.5 ശതമാനം പലിശ വരുമാനം ലഭിക്കും.

ദീര്‍ഘകാല ലക്ഷ്യങ്ങളോടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപം നടത്തുന്നതും നല്ലതാണ്. അതായത് പത്തുവര്‍ഷമെങ്കിലും കാലപരിധി നിശ്ചയിച്ചുവേണം നിക്ഷേപം. കണ്ണുമടച്ച് എസ്‌ഐപിയില്‍ നിക്ഷേപം തുടരുകയും ചെയ്യരുത്. ഫണ്ടുകളുടെയും സെക്റ്ററുകളുടെയും പ്രകടനം അനുസരിച്ച് അതത് സമയങ്ങളില്‍ നിക്ഷേപം പുനഃക്രമീകരിക്കണം. ഇതിന് ഒരു വിദഗ്ധ അഡൈ്വസറുടെ സേവനം തേടുന്നത് നല്ലതായിരിക്കും.

തെരഞ്ഞെടുപ്പും കൂട്ടുകക്ഷി ഭരണവും പിന്നെ ഓഹരി വിപണിയും!

ഓഹരി വിപണി മനുഷ്യനേക്കാള്‍ ബുദ്ധിപൂര്‍വ്വമാണ് പെരുമാറുക. കാരണം അവിടെ ഒരു വ്യക്തിയുടെ തലച്ചോറല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ ചിന്തകളും കാഴ്ചപ്പാടുകളും അറിവും വിവരവും ഒക്കെയാണുള്ളത്. വരാനിരിക്കുന്ന പ്രതിസന്ധികള്‍ ഏറെ മുന്‍കൂട്ടി വിപണിയില്‍ പ്രതിഫലിച്ചിരിക്കും.

ഇനി തെരഞ്ഞെടുപ്പിലേക്ക് വരാം. കഴിഞ്ഞ ആറു തെരഞ്ഞെടുപ്പ് സീസണുകള്‍ പരിശോധിച്ചാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് നിക്ഷേപിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള കാലയളവില്‍ മികച്ച നേട്ടമുണ്ടായിട്ടുണ്ട്.

അതിന് കാരണം, തെരഞ്ഞെടുപ്പ് വേളയില്‍ ഭീതി മൂലം ഭൂരിഭാഗം നിക്ഷേപകരും വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ നല്ല ഓഹരികള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കും എന്നതാണ്.
ഇനി രണ്ടാമതായി പറയുന്ന മറ്റൊരു കാര്യമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി ഭരണം വന്നാല്‍ എന്താകും സ്ഥിതിയെന്ന്.

വിപണിയുടെ 30 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ച രണ്ട് കാലഘട്ടങ്ങളാണുള്ളത്. ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി പദത്തിലെത്തിയ ഒന്നാം യുപിഎ ഭരണകാലത്തും വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തുമാണത്. അക്കാലഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്നത് കൂട്ടുകക്ഷികളായിരുന്നില്ലേ? അതും പലപ്പോഴും പങ്കാളിത്ത കക്ഷികളുടെ സമ്മര്‍ദമുള്ള സാഹചര്യവും. എന്നിട്ടും നേട്ടമുണ്ടായില്ലേ? തെരഞ്ഞെടുപ്പ്, കൂട്ടുകക്ഷി ഭരണം ഇവ വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നില്ല. അതാണ് ചരിത്രം പറയുന്നത്.

അതുകൊണ്ട് നല്ല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം തുടരുക. അതാണിപ്പോള്‍ വേണ്ടത്.

Related Articles
Next Story
Videos
Share it