എന്‍.പി.എ ഉയരുന്നതിന്റെ ആശങ്കയില്‍ എല്‍.ഐ.സി

ബാങ്കുകള്‍ കിട്ടാക്കടത്തില്‍ കുടുങ്ങുന്നതിനു പിന്നാലെ എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തി ഉയരുന്നത് സാമ്പത്തിക മേഖല ഉത്ക്കണ്ഠയോടെ വീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ -സെപ്തംബര്‍ പാദങ്ങളില്‍ എല്‍ഐസിയുടെ മൊത്തം എന്‍പിഎ 6.10 ശതമാനമായി. അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായാണ് ഉയര്‍ന്നത്.

എന്‍പിഎ ആധിക്യത്തിന്റെ ദുഷ്‌പേരുള്ള യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ സ്ഥിതിയും ഇക്കാര്യത്തില്‍ മോശം.2019 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് മൊത്തം എന്‍പിഎ 30,000 കോടി രൂപ. മൊത്തം 36 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് എല്‍ഐസിക്ക്. 2019-20 രണ്ടാം പാദത്തില്‍ യെസ് ബാങ്കിന്റെ മൊത്തം എന്‍പിഎ 7.39 ശതമാനവും ഐസിഐസിഐ ബാങ്കിന്റേത് 6.37 ശതമാനവും ആക്സിസ് ബാങ്കിന്റേത് 5.03 ശതമാനവുമാണ്.

എല്‍ഐസി കോര്‍പ്പറേറ്റ് മേഖലയ്ക്ക് ടേം ലോണ്‍, കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) എന്നിവ വഴിയാണ് വായ്പ നല്‍കുന്നത്. 1.5-2 ശതമാനം മൊത്തം എന്‍പിഎ നിലനിര്‍ത്തിയിരുന്ന പാരമ്പര്യമാണ് എല്‍ഐസിക്കുണ്ടായിരുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍, എസ്സാര്‍ പോര്‍ട്ട്, ഗാമണ്‍, ഐഎല്‍ ആന്‍ഡ് എഫ്എസ്, ഭൂഷണ്‍ പവര്‍, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, അലോക് ഇന്‍ഡസ്ട്രീസ്, ആംട്രാക്ക് ഓട്ടോ, എബിജി ഷിപ്പ് യാര്‍ഡ്, യൂണിടെക്, ജിവികെ പവര്‍, ജിടിഎല്‍ തുടങ്ങിയവയാണ് എല്‍ഐസിയുടെ എന്‍പിഎ ഉയര്‍ത്തിയത്. ഇവയില്‍ പലതിലും വായ്പാ തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ല. ലഭിക്കാത്ത തുക എഴുതിത്തള്ളേണ്ടിവരും. കുടിശ്ശികയുള്ള വായ്പകളുടെ മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it