കോവിഡ് പ്രതിസന്ധിയില്‍ എംഎസ്എംഇ കള്‍ക്ക് വായ്പാ സഹായവുമായി കെഎഫ്‌സി; വിശദാംശങ്ങളറിയാം

കോവിഡ് മഹാമാരിയില്‍ ചെറുകിട വ്യവസായ മേഖലയിലുണ്ടായിരിക്കുന്നത് കനത്ത സാമ്പത്തിക തിരിച്ചടിയാണ്. ഇനിയെന്ത് എന്നതിനെകുറിച്ചുള്ളത് മിക്കവര്‍ക്കും വലിയ ആശങ്കയാണ്. ഏകദേശം 1,75,000 ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ മാത്രമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഇവര്‍ക്ക് ഏകദേശം 20,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ കാലയളവ് നീട്ടിയതോടു കൂടിയാണ് ഇവര്‍ കൂടുതല്‍ ദുരിതത്തിലായത്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സംരംഭം തുറക്കുമ്പോള്‍ എത്രമാത്രം പണമൊഴുക്ക് സൃഷ്ടിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ക്കാകുമെന്ന ആശങ്കയാണ് വ്യവസായ ലോകം പങ്കുവെക്കുന്നത്. ഈ അവസരത്തിലാണ് എംഎസ്എംഇകള്‍ക്ക് വായ്പാ സഹായവുമായി കെഎഫ്സി മുന്നോട്ട് വന്നിരിക്കുന്നത്. കോവിഡിനെ മുന്‍ നിര്‍ത്തി മൂന്നു തരം വ്യത്യസ്ത വായ്പകളാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) അവതരിപ്പിച്ചിട്ടുള്ളത്.
'കോവിഡ് ഉല്‍പ്പന്നങ്ങള്‍'ക്ക് വായ്പ
നിങ്ങളുടെ സംരംഭം കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള മെഡിക്കല്‍ ഉപകരണങ്ങളോ, സേവനങ്ങളോ ആണ് പുറത്തിറക്കുന്നതെങ്കില്‍ അഞ്ച് കോടി രൂപ വരെ വായ്പ നേടാന്‍ സാധ്യതയുണ്ട്. കോവിഡ് ഫൈറ്റിംഗ് എക്യുപ്‌മെന്റ്‌സ്, പിപിഇ കിറ്റുകള്‍, കോവിഡ് സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഏത് തരം കോവിഡ് ഉല്‍പ്പന്നങ്ങളും പുറത്തിറക്കുന്ന എംഎസ്എംഇ സ്ഥാപനങ്ങള്‍ക്ക് ഈ വായ്്പ നേടാം. കോവിഡിനോട് പൊരുതുന്നവര്‍ക്കായുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും ഐസൊലേഷന്‍ വാര്‍ഡൊരുക്കുന്നവരും വരെ ഈ വായ്പയ്ക്ക് അര്‍ഹരാണ്. ഈ വായ്പ, ഉപകരണങ്ങള്‍ വാങ്ങാനും വര്‍ക്കിംഗ് ഫണ്ട് ആയി വിനിയോഗിക്കാനും കഴിയണം.
പുതിയ ഉപഭോക്താക്കള്‍ക്കും വായ്പ
കെഎഫ്‌സിയുടെ പുതിയ ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന വായ്പയാണിത്. ഇതിലൂടെ 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. 12 മാസത്തെ മോറട്ടോറിയത്തിനു ശേഷം 36 മാസത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടുന്ന വായ്പ എല്ലാ എംഎസ്എംഇ യൂണിറ്റുകള്‍ക്കും എംഎസ്എംഇ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും ലഭിക്കുന്നതാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും തിരിച്ചടവ് ശേഷിയും പരിശോധിച്ചതിനു ശേഷമായിരിക്കും വായ്പകള്‍ നല്‍കുന്നത്.
ടോപ് അപ് ലോണുകള്‍
മൂന്നാമത്തെ സ്‌കീം ടോപ് അപ് ലോണുകളാണ്. എംഎസ്എംഇ സംരംഭങ്ങള്‍ക്ക് നിലവില്‍ വായ്പയുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ നല്‍കുന്ന ചെറിയ സാമ്പത്തിക സഹായമാണ് ഇത്. കൂടുതല്‍ ഈട് നല്‍കാതെ തന്നെ നിലവില്‍ കൃത്യമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നവര്‍ ഈ സ്‌കീമിന് അര്‍ഹരാണ്. 31 മാര്‍ച്ച് 2020 ന് സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയിലുള്ള യൂണിറ്റുകള്‍ക്ക് വായ്പ ലഭിക്കും.
മോറട്ടോറിയവും കെഎഫ്‌സി ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി നല്‍കിയിരുന്നു, ഓഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം കാലാവധി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline