കൊറോണ ലോക്ക് ഡൗണ്‍; ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കോവിഡ് ഭീതിയില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ തന്നെ ബ്രാഞ്ചുകളില്‍ എത്തുന്ന ആളുകളെ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് വിജയിക്കാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തന സമയം വെട്ടിക്കുറിക്കുന്നതിനും ജീവനക്കാരെ കുറക്കുന്നതിനും ബാങ്കുകള്‍ സംയുക്ത തീരുമാനമെടുത്തിട്ടുള്ളത് .

എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ബാങ്കിംഗ് സമയത്തില്‍ മാറ്റം വരുത്തുകയോ പ്രവര്‍ത്തനം പരിമിതപെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക,് ആക്സിസ് ബാങ്ക് അടക്കമുള്ള സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വായ്പ അനുവദിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിക്ഷേപം, പണം പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിംഗ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്കാണ് ബാങ്കുകള്‍ പ്രവര്‍ത്തനം പരിമിതപെടുത്തിയിരുന്നത്. ഇത് തുടരും.

രോഗം പിടിപെടാനോ നിരീക്ഷണത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ അസോസിയേഷന്‍ നേരിടാനുള്ള സാധ്യത ഉള്ളവര്‍ വീട്ടില്‍ തുടരണമെന്ന് മാര്‍ച്ച് 20 ന് തന്നെ ബാങ്കുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിസന്ധി കടുത്തതാണെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രവര്‍ത്തനം പരിമിതപെടുത്തുക എന്ന നയമാണ് ഇപ്പോള്‍ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. എസ്ബിഐയും മറ്റും എമര്‍ജന്‍സി ഡെസ്‌കുകളും ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവധ ബാങ്കുകളും പ്രവര്‍ത്തന ക്രമങ്ങളും ചുവടെ:

എസ് ബി ഐ

അക്കൗണ്ട് ഓപ്പണിംഗ്, പാസ് ബുക്ക് പ്രിന്റിംഗ്, പണം പിന്‍വലിക്കുന്നത്, വിദേശ കറന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തി വച്ചു. കസ്റ്റമേഴ്സിന് ബാങ്കിന് വെളിയില്‍ വെച്ചിട്ടുളള ബോക്സില്‍ അവരുടെ റിക്വസ്റ്റ് നിക്ഷേപിക്കാം.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10 മുതല്‍ രണ്ട് വരെയോ 11 മുതല്‍ മൂന്നു മണി വരെയോ ആക്കി പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്.

എച്ച് ഡി എഫ് സി

മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ രണ്ട് വരെയാണ് ബാങ്ക് പ്രവര്‍ത്തിക്കുക. പാസ് ബുക്ക് അപ്ഡേറ്റുകളും വിദേശ കറന്‍സി സര്‍വ്വീസുകളും നിര്‍ത്തി വച്ചു. ചെക്കുകള്‍ ബോക്സില്‍ നിക്ഷേപിക്കാം.

ആക്സിസ് ബാങ്ക്

അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ മാത്രമാണിപ്പോള്‍ ലഭ്യമാക്കുന്നത്. പ്രവാസികള്‍ക്കായുള്ള സേവനങ്ങള്‍ ഇപ്പോള്‍ ശാഖകളില്‍ ലഭ്യമാക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങളും ആക്സിസ് ബാങ്ക് ഒരുക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്ക്

മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി.

കാനറാ ബാങ്ക്

കാനറാ ബാങ്ക് സ്റ്റാഫുകള്‍ക്ക ്പരമാവധി അവധി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യമല്ലാത്ത ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഒഴിവാക്കിയിട്ടുുണ്ട്.

ബാങ്ക് ശാഖകള്‍ പണ നിക്ഷേപവും പിന്‍വലിക്കലും, ചെക്കുകള്‍ മാറല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ) അറിയിച്ചിട്ടുണ്ട്.

വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 25,000 രൂപ വരെ വായ്പ

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വായ്പ അനുവദിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ശുപാര്‍ശ ചെയ്തു. 10,000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ അനുവദിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഒപ്പം മറ്റ് വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടേറിയം നല്‍കാനും തീരുമാനമായി. ജനുവരി 31 വരെ വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്കാണ് ഇളവ് അനുവദിക്കണമെന്ന് ബാങ്കേഴ്സ് സമിതി യോഗം ശുപാര്‍ശ ചെയ്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it