മണപ്പുറം ഫിനാന്‍സ്: ലാഭം 199 കോടി

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ കണക്കുകള്‍ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തിൽ കമ്പനി 18.72 ശതമാനത്തിന്‍റെ വര്‍ധനവോടെ 198.77 കോടി രൂപയുടെ സംയോജിത ആകെ ലാഭം നേടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇതു 167.43 കോടി രൂപയായിരുന്നു. അതേസമയം, മാതൃകമ്പനിയുടെ മാത്രമായി ആദ്യ ത്രൈമാസത്തിലെ ആകെ ലാഭം 171.61 കോടിയാണ്.

ഈ ത്രൈമാസത്തിലെ ഗ്രൂപ്പിന്‍റെ സംയോജിത പ്രവര്‍ത്തന വരുമാനം 12.56 ശതമാനം ഉയര്‍ന്ന് 935.82 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 831.38 കോടി ആയിരുന്നു. മണപ്പുറം ഗ്രൂപ്പിന്‍റെ ആകെ ആസ്തിയില്‍ 24.20 ശതമാനത്തിന്‍റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ആകെ ആസ്തി 13,379. 84 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 16,617.78 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം, രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്‍കാന്‍ ഇന്നലെ തൃശൂര്‍ വലപ്പാട് ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

സ്വര്‍ണവായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 16.19 ശതമാനം വളര്‍ച്ച നേടി 12,463.60 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇതു 10,727.31 കോടി ആയിരുന്നു. സ്വര്‍ണവായ്പയില്‍ 3.42 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത് ഈ ത്രൈമാസത്തില്‍ ആകെ നല്‍കിയ സ്വര്‍ണവായ്പ 23,119 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഗ്രൂപ്പിന്‍റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഈ ത്രൈമാസത്തില്‍ ആകെ ബിസിനസ് 33.43 ശതമാനത്തിന്‍റെ വര്‍ധനവോടെ 2,437.94 കോടി രൂപയിലെത്തി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ കമ്പനിയുടെ പ്രകടനം പ്രശംസനീയമാണെന്നും ഈ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മികച്ച ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണെന്നും കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it