മുത്തൂറ്റ് സമരം: അനുരഞ്ജനം വൈകരുതെന്ന് ഹൈക്കോടതി

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കുന്നതിന് അനുരഞ്ജന ശ്രമം നടത്തണമെന്ന് ഹൈക്കോടതി. കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വക്കറ്റ് ലിജി പി വടക്കേടത്തിനോട് എത്രയും വേഗം ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ കോടതി നിര്‍ദേശിച്ചു. ലേബര്‍ കമ്മിഷണര്‍ നടത്തിയ ആദ്യ ചര്‍ച്ചയില്‍ തിരുമാനമായില്ലെന്നും അടുത്ത ചര്‍ച്ച ഈ മാസം 20 ന് നടക്കുമെന്നും നിരീക്ഷകന്‍ കോടതിയെ അറിയിച്ചു.

മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം തേടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാകുന്നില്ലെന്നും പലയിടത്തും പുറത്തുനിന്നുള്ളവരെത്തി ആക്രമണം നടത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. .

അതേസമയം, കോട്ടയത്ത് ജോലിക്കെത്തിയ വനിതാ മുത്തൂറ്റ് ബ്രാഞ്ച ജീവനക്കാര്‍ക്ക് നേരെ ചിലര്‍ ചീമുട്ടയെറിഞ്ഞു. ബേക്കര്‍ ജംഗ്ഷന്‍, ക്രൗണ്‍ പ്ലാസ, ഇല്ലിക്കല്‍ ബ്രാഞ്ചുകളില്‍ ആണ് അക്രമം ഉണ്ടായത്.സിഐടിയു തൊഴിലാളികള്‍ ആണ് ആക്രമണം നടത്തിയതെന്ന് വനിതാ ജീവനക്കാര്‍ ആരോപിച്ചു.

മുത്തൂറ്റ് ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി വിധിവന്നിട്ടും ജീവനക്കാര്‍ക്കെതിരായ സിഐടിയു ആക്രണത്തിന് കുറവൊന്നുമില്ലെന്നു ജീവനക്കാര്‍ പറയുന്നു. തൊടുപുഴയിലും കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്കെതിരെ സിഐടിയു കയ്യേറ്റം നടന്നു.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് മുത്തൂറ്റ് ഫിനാന്‍സില്‍ സിഐടിയു സമരം നടത്തുന്നത്. സമരവുമായി ബന്ധപ്പെട്ട കല്ലേറില്‍ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 568 ബ്രാഞ്ചുകളിലും പൊലീസ് സുരക്ഷ അനുവദിക്കണമെന്നതാണ് മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയ ഹര്‍ജിയിലെ അപേക്ഷ. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മുത്തൂറ്റ് ബ്രാഞ്ചുകളിലെയും മാനേജര്‍മാര്‍ അതാത് ശാഖകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്നും സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം പൊലീസിനായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it