പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചത് പണം പിന്‍വലിക്കാനാകാതെ ഹൃദയശസ്ത്രക്രിയ മുടങ്ങിയതിനാല്‍

ഹൃദയശസ്ത്രക്രിയക്കു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ ചികില്‍സ വൈകി പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു. 83 കാരനായ മുരളീധര്‍ ദാരയാണ് 80 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും അഴിമതിയുടെ അനുബന്ധമായി വന്നുപെട്ട ആര്‍.ബി.ഐ നിയന്ത്രണങ്ങളുടെ ബലിയാടായത്.

അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയെന്നും ഇതാണ് മരണകാരണമെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം, മെഡിക്കല്‍ എമര്‍ജന്‍സിക്ക് പി.എം.സി ബാങ്കില്‍ നിന്ന് കൂടുതല്‍ പണം അനുവദിക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചെന്ന് മുരളീധറിന്റെ കുടുംബം ആരോപിക്കുന്നു.
പി.എം.സി ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് നാലാമത്തെ മരണമാണിത് . രണ്ട് പേര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഒരു വനിതാ ഡോക്?ടര്‍ ആത്മഹത്യ ചെയ്തു.

ഇതിനിടെ പി.എം.സി ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപ്പെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it