പണമിടപാടുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങളില്‍ ജൂലൈ ഒന്നുമുതല്‍ മാറ്റം; വിശദാംശങ്ങള്‍ അറിയാം

കോവിഡ് സാമ്പത്തിക പ്രതിസന്ധിയും ലോക്ഡൗണും പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര ധന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തോടെ രാജ്യത്ത് നില നിന്നിരുന്ന സാമ്പത്തിക ഇളവുകള്‍ ജൂണ്‍ 30 ന് അവസാനിച്ചു. ജൂലൈ ഒന്നുമുതല്‍ ഈ മാറ്റങ്ങളോടെയായിരിക്കും പണമിടപാടുകള്‍ നടക്കുക. സാമ്പത്തികവും നികുതിപരവുമായ ഈ മാറ്റങ്ങള്‍ ജൂലൈ ഒന്നു (ഇന്ന്) മുതല്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തു വെച്ചോളൂ.

എ ടി എം ചാര്‍ജ് തിരികെയെത്തി

എടിഎം പിന്‍വലിക്കല്‍ നിരക്ക് സൗജന്യമാക്കിയിരുന്ന കാലാവധി ഇന്നലെ, അതായത് ജൂണ്‍ 30 ന് അവസാനിച്ചു. ജൂലൈ ഒന്നു മുതല്‍ വീണ്ടും പഴയ നിരക്കുകള്‍ ബാധകമാണ്. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് മൂന്ന് മാസത്തേക്ക് സൗജന്യമായിരിക്കുമെന്നാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്നു മുതല്‍ അത് മാറി. ബാങ്കുകള്‍ സ്വന്തം എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൌജന്യ ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് സൌജന്യ ഇടപാടുകളുമാണ് അനുവദിക്കുന്നത്. ഇതിനപ്പുറം, ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കും. അത് 8 രൂപയ്ക്കും 20 രൂപയ്ക്കും ഇടയിലായിരിക്കും. ഇത്തരത്തിലാകും ജൂലൈ ഒന്നുമുതല്‍.

മിനിമം ബാലന്‍സ് വേണം

മിക്ക ബാങ്കുകളും മിനിമം ബാലന്‍സ് ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ചില്‍ സീതാരാമന്‍ നടത്തിയ പ്രധാന പ്രഖ്യാപനം ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള ഫീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ്. ഓരോ ബാങ്കുകളുമനുസരിച്ച് ഏറ്റവും കുറഞ്ഞ ബാലന്‍സ് ആവശ്യകത 5,000 രൂപ മുതല്‍ 10,000 രൂപ വരെയാകാം. പ്രീമിയം അക്കൗണ്ടുകള്‍ക്ക് ഇതിലും ഉയര്‍ന്ന ബാലന്‍സാണ് ആവശ്യം. മിനിമം ബാലന്‍സ് ചാര്‍ജ് എഴുതിത്തള്ളുന്നതും മൂന്ന് മാസത്തേക്കായിരുന്നു. അതിനാല്‍, നാളെ മുതല്‍ നിങ്ങളുടെ അക്കൌണ്ട് ബാലന്‍സ് ആവശ്യകതയേക്കാള്‍ താഴുകയാണെങ്കില്‍, നിങ്ങളില്‍ നിന്ന് പിഴ ഈടാക്കും. ജൂലൈ ഒന്നുമുതല്‍ നിങ്ങള്‍ക്ക് പിഴ ബാധകമാണോയെന്ന് ഉറപ്പാക്കാന്‍ ബാലന്‍സ് ഇപ്പോള്‍ തന്നെ പരിശോധിക്കുക.

പിഎഫ് അഡ്വാന്‍സ്

കോവിഡ് ലോക്ഡൗണ്‍ പ്രമാണിച്ച് രാജ്യത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF)ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന പിഎഫ് അഡ്വാന്‍സ് എമര്‍ജന്‍സി ഫണ്ട് ഇനിമുതല്‍ ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരാള്‍ക്ക് പിഎഫില്‍ നിന്നും പരമാവധി തുക എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. അതിന്റെ അവസാന തീയതി ജൂണ്‍ 30 ആയിരുന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന പോലെ ക്ലെയിമിലൂടെ ഒരു നിശ്ചിത ശതമാനം തുക പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ഇനിയും ഉണ്ടായിരിക്കും.

'സബ്കാ വിശ്വാസ് യോജന' അവസാനിച്ചു

സേവന നികുതി, സെന്‍ട്രല്‍ എക്‌സൈസ് നികുതി എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കാന്‍ നല്‍കിയിരുന്ന കാലതാമസം ജൂണ്‍ 30 ന് അവസാനിച്ചു. നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനും തിരിച്ചടവുകള്‍ സമര്‍പ്പിക്കാനുമുള്ള സ്‌കീം ജൂണ്‍ 30 ല്‍ നിന്ന് നീട്ടിയിട്ടില്ല. നികുതി ബാധ്യതകള്‍ തീര്‍ക്കാനുള്ള കാലാവധി തീര്‍ന്നതിനാല്‍ തന്നെ അത്തരത്തിലുള്ള കാര്യങ്ങള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതാണ്.

വീട്ടിലിരുന്ന് കമ്പനി രജിസ്‌ട്രേഷന്‍ നടത്താം

ആധാര്‍ മാത്രം ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ കമ്പനി രജിസ്‌ട്രേഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം ജൂലൈ ഒന്നു മുതല്‍ പ്രയോജനപ്പെടുത്താം. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്ത്, എംഎസ്എംഇ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് സംരംഭകര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it