തപാൽ ബാങ്ക് തുറന്നു: നിരവധി പുതുമയാർന്ന സേവങ്ങൾ, അതും വീട്ടുപടിക്കലെത്തും 

രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) സെപ്റ്റംബർ ഒന്നിന് പ്രവർത്തനമാരംഭിക്കുന്നു. ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തുമെന്നതാണ് ഐപിപിബിയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, പുത്തൻ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഏറെ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ വരവ്.

പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  1. തപാൽ വകുപ്പിന് കീഴിൽ സർക്കാരിന് 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള ബാങ്കാണിത്.
  2. രാജ്യത്തെ ഏതാണ്ട് 40,000 പോസ്റ്റ്മാൻമാരുടെ സേവനം ലഭ്യമാക്കുന്നതിലൂടെ ബാങ്കിംഗ് സേവനം വീട്ടുപടിക്കൽ എത്തും. ഇവരുടെ കയ്യിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ ബാങ്ക് ഇടപാടുകൾ നടത്തുന്നതോടൊപ്പം ആധാർ എൻറോൾമെന്റും സാധ്യമാകും.
  3. പ്രധാന സേവനങ്ങൾ: സേവിങ്സ്, കറന്റ് എക്കൗണ്ടുകൾ, മണി ട്രാൻസ്ഫർ, ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റുകൾ, എന്റർപ്രൈസുകളുടെയും വ്യാപാരികളുടെയും പേയ്‌മെന്റുകൾ
  4. ക്യൂആർ കോഡിൽ അധിഷ്ഠിതമായ ‘ക്യൂആർ കാർഡ്’ ബാങ്കിന്റെ ഒരു സവിശേഷതയാണ്. ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും ഇതുകൊണ്ട് നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർത്തുവയ്‌ക്കേണ്ടതില്ല. ബയോമെട്രിക് കാർഡായതിനാൽ നഷ്‌ടപ്പെട്ടാലും പണം സുരക്ഷിതമായിരിക്കും.
  5. ഇത്തരം സേവനങ്ങൾ വിവിധ ചാനലുകളിലൂടെയായിരിക്കും ലഭ്യമാക്കുക. മൈക്രോ-എടിഎം, മൊബൈൽ ബാങ്കിംഗ് ആപ്പ്, എസ്എംഎസ്, ഐവിആർ തുടങ്ങിയവ. കൗണ്ടർ സേവനങ്ങൾക്കു പുറമെയാണിത്.
  6. സേവിങ്‌സ് എക്കൗണ്ട് തുടങ്ങാൻ ഏറ്റവും കുറഞ്ഞ പ്രായം 10 വയസ്സാണ്. മിനിമം 100 രൂപയിൽ എക്കൗണ്ട് തുടങ്ങാം. മിനിമം ബാലൻസ് നിബന്ധന ഇല്ല. സേവിങ്സ് എക്കൗണ്ടിൻമേൽ 4 ശതമാനം പലിശ ലഭ്യമാക്കും.
  7. കറന്റ് എക്കൗണ്ട് തുടങ്ങാൻ വേണ്ട കുറഞ്ഞ തുക 1000 രൂപയാണ്. ഇതിന് മിനിമം ബാലൻസ് 1000 രൂപയാണ്.
  8. വ്യക്തികളിൽ നിന്നും ചെറുകിട ബിസിനസുകളിൽ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള ഡെപ്പോസിറ്റുകൾ സ്വീകരിക്കാനാകും.
  9. എന്നാൽ നേരിട്ട് ലോൺ നൽകാനുള്ള അനുവാദം ഇല്ല. വായ്പ നൽകുന്ന കാര്യത്തിൽ മറ്റ് ബാങ്കുകളുടെ ഏജന്റ് ആയി പ്രവർത്തിക്കാനാകും. അതുപോലെ തന്നെ ഇൻഷുറൻസ് കമ്പനികളുമായും പാർട്ണർഷിപ് ഉണ്ട്.
  10. നിലവിൽ രാജ്യമൊട്ടാകെ 650 ശാഖകളും 3,250 ആക്സസ്സ് പോയ്ന്റുകളും ഐപിപിബിക്കുണ്ട്. കേരളത്തിൽ 14 എണ്ണവും. ഡിസംബർ 31നു മുമ്പ് 1,55,000 തപാൽ ഓഫിസുകളിലേക്ക് ഐപിപിബിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it