ധനലക്ഷ്മി എംഡിയുടെ രാജിക്കു പിന്നില്‍ നീരവ് മോദി കുംഭകോണം അന്വേഷണം

ധനലക്ഷ്മി ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനങ്ങളില്‍ നിന്നു ടി. ലത രാജി വച്ചതിന്റെ യഥാര്‍ത്ഥ കാരണം നീരവ് മോദിയുമായി ബന്ധപ്പെട്ട കുംഭകോണത്തിനിടെ പഞ്ചാബ് നാഷണല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആയിരിക്കവേ അവരുടെ പേരിലുണ്ടായ വിജിലന്‍സ് അന്വേഷണവും കുറ്റപത്രവും. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിനെയും സംശയമുനയിലാക്കുന്ന വിവരങ്ങളാണ് ' മണിലൈഫ്. ഇന്‍ ' പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പിഎന്‍ബിയിലെ ഉദ്യോഗകാലവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ തുടരവേ ധനലക്ഷ്മി ബാങ്കിലെ ഉന്നത പദവിയിലേക്കു നടന്ന പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് അജ്ഞാത വ്യക്തിയില്‍ നിന്നു ലഭിച്ച കത്താണ് ലതയുടെ രാജിക്കത്തിനു വഴിയൊരുക്കിയതെന്ന് ' മണിലൈഫ്. ഇന്‍ ' റിപ്പോര്‍ട്ടില്‍ പറയുന്നു. ധനലക്ഷ്മി ബാങ്ക് സാരഥിയായുള്ള നിയമനം മൂന്നു വര്‍ഷത്തേക്കായിരുന്നെങ്കിലും 15 മാസത്തിനുള്ളില്‍ വിടപറയുന്നത് 'വ്യക്തിപരമായ കാരണങ്ങ'ളുടെ പേരിലാണെന്ന രാജിക്കത്തിലെ പരാമര്‍ശത്തിന്റെ പിന്നാമ്പുറ വിവരങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

നീരവ് മോദി 11300 കോടി രൂപ തട്ടിയെടുത്തതിനെത്തുടര്‍ന്നു പിഎന്‍ബി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഫലമായി ലതയ്ക്കെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറായിരുന്നു. പിഎന്‍ബിയിലെ സേവനത്തില്‍ നിന്നു പിരിഞ്ഞ 2018 ജൂണ്‍ 30 നാണ് ലതയ്ക്ക് കുറ്റപത്രം നല്‍കപ്പെട്ടത്. വലിയ പിഴ ഈടാക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ധനലക്ഷ്മി ബാങ്ക് മേധാവിയായുള്ള അവരുടെ നിയമനം അപ്പോഴേക്കും നടന്നുകഴിഞ്ഞിരുന്നതായി 'മണിലൈഫ്. ഇന്‍' ചൂണ്ടിക്കാട്ടുന്നു.

കുറ്റപത്രത്തിന് 2018 ജൂലൈ ആദ്യ വാരം ലത മറുപടി നല്‍കി. തുടര്‍ന്ന് പിഎന്‍ബിയുടെ എംഡി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അച്ചടക്ക അതോറിറ്റി രൂപീകരിച്ചു. ചില കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കണ്ടെത്തി അച്ചടക്ക അതോറിറ്റി 2019 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് നല്‍കി. ശിക്ഷയും വിധിച്ചു. ശമ്പള സ്‌കെയില്‍ ഒരു പടി കുറച്ചതു മാത്രമായിരുന്നു ശിക്ഷ.

പിഎന്‍ബി ഓഫീസര്‍മാരുടെ സേവന വ്യവസ്ഥകള്‍ക്കു വിരുദ്ധമായ നടപടികളാണ് ലതയുടെ കാര്യത്തിലുണ്ടായതെന്നു വിശദമാക്കുന്ന അജ്ഞാത കത്താണ് റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുള്ളത്. ഗുരുതര കുറ്റത്തിന് അന്വേഷണ വിധേയയാരിക്കുമ്പോള്‍ ധനലക്ഷ്മി ബാങ്കിലെ നിയമനത്തിന് പിഎന്‍ബി യില്‍ നിന്ന് അവര്‍ക്ക് എങ്ങനെ വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചുവെന്ന ചോദ്യം കത്തിലുണ്ട്. അന്വേഷണത്തിനു വിരാമമാകും മുമ്പേ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയിട്ടുള്ളപക്ഷം അതിനു സാധുതയില്ല.

അച്ചടക്ക വിഷയങ്ങളില്‍ അന്വേഷണമുണ്ടെങ്കില്‍ 'അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നടപടികള്‍ തുടരും' എന്ന് ചട്ടങ്ങളിലെ 20 (3) (മൂന്ന്) വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ടയാള്‍ വിരമിച്ചിട്ടുണ്ടെങ്കിലും ഇത് ബാധകമാണ്. ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളെയും നടപടികള്‍ ബാധിക്കും.

2018 ജൂലൈ 1 നാണ് ലത പിഎന്‍ബി വിട്ട് ധനലക്ഷ്മി ബാങ്കിന്റെ സാരഥിയായത്. പിഎന്‍ബിയുടെ അച്ചടക്ക നടപടികളിലെ നിര്‍ണ്ണായക നീക്കങ്ങളുണ്ടായത് അതിനുശേഷം മാത്രമാണ്.തനിക്കെതിരെ തീര്‍പ്പുകല്‍പ്പിക്കാത്ത അച്ചടക്ക നടപടികള്‍ തുടരുന്നതായി ലത പ്രഖ്യാപിച്ചിരുന്നോയെന്നതാണ് ആര്‍ബിഐക്ക് ലഭിച്ച കത്തിലെ ഒരു ചോദ്യം. പുതിയ നിയമനത്തിനു ലതയ്ക്ക് യോഗ്യത നിശ്ചയിച്ചതില്‍ റിസര്‍വ് ബാങ്കിന് ഗുരുതരമായ തെറ്റാണു പറ്റിയതെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ധലക്ഷ്മി ബാങ്കിന്റെ അറ്റാദായത്തില്‍ 82 % വര്‍ധന രേഖപ്പെടുത്തിയിരുന്നു. മികച്ച ഫലം പ്രഖ്യാപിച്ച ദിവസം തന്നെ നല്‍കിയ ലതയുടെ രാജി അംഗീകരിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ തീരുമാനം ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. നടത്തിപ്പിലെ വൈകല്യങ്ങളുടെ പേരില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുത്തല്‍ നടപടിയിലായിരുന്ന ബാങ്കിനെ നഷ്ടത്തില്‍ നിന്നു കരകയറ്റാന്‍ പുതിയ നേതൃത്വത്തിനു കഴിഞ്ഞിരുന്നു.

The article was reproduced as per the arrangement with MoneyLife. The original article can be read here: https://www.moneylife.in/article/why-t-latha-resigned-as-md-and-ceo-of-dhanalaxmi-bank/58562.html

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it