യെസ് ബാങ്ക് മൊറട്ടോറിയം ഈ ആഴ്ച നീക്കിയേക്കും

യെസ് ബാങ്കിന്റെ മൊറട്ടോറിയം ഈ ആഴ്ച അവസാനത്തോടെ നീക്കിയേക്കും. എന്നാല്‍ ഇക്കാര്യം എസ്.ബി.ഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

'ഞങ്ങള്‍ പരിഹാര സംവിധാനം അതിവേഗമാണ് തയ്യാറാക്കുന്നത്. എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. തുടര്‍ന്ന് മൊറട്ടോറിയം അവസാനിക്കും,'- കുമാര്‍ വിശദമാക്കി. മൊറട്ടോറിയത്തെ തുടര്‍ന്ന് യെസ് ബാങ്കിന്റെ എ ടി എം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എന്നിവ തകരാറിലായിരുന്നു. മാര്‍ച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആര്‍ബിഐ പ്രഖ്യാപിച്ചത്. കരട് രക്ഷാ പാക്കേജ് കഴിഞ്ഞ വാരം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്ക് യെസ് ബാങ്കിന്റെ നിശ്ചിത ഓഹരികള്‍ കൈമാറുകയാണ് രക്ഷാപാക്കേജിലെ പ്രധാന ഫോര്‍മുല. 49 ശതമാനം ഓഹരികളാണ് എസ്.ബി.ഐ ഏറ്റെടുക്കുക. ആദ്യഘട്ടമായി ഓഹരിയൊന്നിന് പത്തു രൂപ വച്ച്, 245 കോടി ഓഹരികള്‍ 2,450 കോടി രൂപയ്ക്ക് എസ്.ബി.ഐ ഏറ്റെടുക്കും. തുടര്‍ന്ന്, റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ പുനഃക്രമീകരിച്ച്, എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനമാക്കി മാറ്റും. പരമാവധി 10,000 കോടി രൂപവരെ യെസ് ബാങ്കില്‍ എസ്.ബി.ഐയ്ക്ക് നിക്ഷേപിക്കാനാകുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

നിക്ഷേപം നടത്തുന്ന ദിനം മുതല്‍ കുറഞ്ഞത് മൂന്നുവര്‍ഷക്കാലം, യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം എസ്.ബി.ഐ 26 ശതമാനത്തിനുമേല്‍ നിലനിറുത്തണമെന്ന് വ്യവസ്ഥയുണ്ട്. എസ്.ബി.ഐയുടെ മൂലധന അനുപാതത്തിന് (കാപ്പിറ്റല്‍ അഡിക്വസി റേഷ്യോ) കോട്ടംവരാത്ത വിധമായിരിക്കും യെസ് ബാങ്കിലെ നിക്ഷേപം. ഇതിനായി പൊതു വിപണിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

യെസ് ബാങ്ക് സ്ഥാപകന്‍ കപൂറിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരികയാണ്. വന്‍കിട കമ്പനികള്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ച് ലാഭമുണ്ടാക്കുക, ഷെല്‍ കമ്പനി രൂപീകരിച്ച് പണം തട്ടുക തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനു മേലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it