യെസ് ബാങ്ക് തകര്‍ച്ച; ടെലിവിഷന്‍ ചര്‍ച്ച കേരള ബാങ്കുകള്‍ക്ക് വിനയായി? ഓഹരി വിലയില്‍ ഇടിവ്

യെസ് ബാങ്കിന്റെ അപ്രതീക്ഷിതമായ തകര്‍ച്ച കേരള ബാങ്കുകള്‍ക്കും തിരിച്ചടിയായി. യെസ് ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നതോടെ മറ്റു പല സ്വകാര്യ ബാങ്കുകളിലും ഇതുപോലെ സംഭവിക്കുമോ എന്ന ശക്തമായ ആശങ്ക നിക്ഷേപകരില്‍ ഉണ്ടാക്കിയത് കേരള ബാങ്കുകള്‍ക്കും പ്രശ്‌നമായി. പല നിക്ഷേപകരും അവരുടെ പണം പിന്‍വലിക്കാന്‍ , പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ളവര്‍ ബാങ്കുകളെ സമീപിച്ചു തുടങ്ങിയിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഒരു ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കുകള്‍ പലതും സുരക്ഷിതമല്ലെന്ന തരത്തില്‍ നടത്തിയ ചര്‍ച്ചയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഈ ആശങ്കയുടെ ആക്കം വീണ്ടും കൂട്ടി. ഇതോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളുടെ ഓഹരി വിലകള്‍ ഇടിയുകയാണ്. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 73.05 രൂപയും (മുഖവില രണ്ടുരൂപ) സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 7.50 രൂപയും( മുഖവില ഒരു രൂപ) ധനലക്ഷ്മി ബാങ്കിന്റേത് 11.75 രൂപ ( മുഖവില പത്തുരൂപ) യുമാണ്.

പല ബാങ്കുകളുടെയും നിക്ഷേപ- വിപണി മൂല്യ അനുപാതം അപകടകരമായ നിലയിലാണെന്ന തരത്തിലായിരുന്നു ചാനലിന്റെ ചര്‍ച്ച. ഇത് നിക്ഷേപകരിലും ഓഹരി ഉടമകളിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കേരളം ആസ്ഥാനമായുള്ള മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിക്ഷേപര്‍ക്കുള്ള വിശ്വാസ്യത തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകളുടെ സുസ്ഥിരത ഓഹരിവിപണിയിലെ ആസ്തി മൂല്യമനുസരിച്ചല്ല മറിച്ച് മൂലധനവും ആസ്തിയുമായി ബന്ധപ്പെടുത്തിയുള്ള രാജ്യാന്തര മാനദണ്ഡമനുസരിച്ചാണെന്നും റിസര്‍വ് ബാങ്ക് ട്വീറ്റിലൂടെ വ്യക്തിമാക്കിയിട്ടുണ്ട്. ഇതു തന്നെയാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധരും പറയുന്നത്.

ഇന്ത്യയിലെ എല്ലാ ബാങ്കുകളും മൂലധനത്തിന്റെ കാര്യത്തില്‍ ഭദ്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യ സാമ്പത്തികോപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും ഉറപ്പിച്ചു പറയുന്നുണ്ട്. നിക്ഷേപകരുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ ബാങ്കുകളും തീവ്ര ശ്രമമാരംഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് അറിയിപ്പ് നല്‍കുകയുണ്ടായി. ബാങ്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ജി മാത്യു വിശദീകരണകുറിപ്പ് ഇറക്കിയിരിക്കുന്നത്.


സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിആര്‍ആര്‍ 2020 ജനുവരി 31 അനുസരിച്ച് 13.12 ശതമാനമാണ്. ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നത് 10.875 ശതമാനവും. നിഷ്‌ക്രിയ ആസ്തി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും 2019 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ എന്‍പിഎ3.44 ശതമാനമാണെന്നും വി ജി മാത്യു ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it