നിക്ഷേപകര്‍ക്ക് പ്രിയം ബാംഗളൂര്‍, ബീജിംഗിനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും മികച്ച അഞ്ച് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗ് ഹബ്ബിലൊന്നായി ബംഗളൂര്‍. 2021 ല്‍ 18.6 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗളൂര്‍ നേടിയത്.

100.9 ശതകോടി ഡോളര്‍ നിക്ഷേപവുമായി സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ന്യൂയോര്‍ക്ക് (47.5 ശതകോടി ഡോളര്‍), ഗ്രേറ്റര്‍ ബ്‌സോറ്റണ്‍ (29.9 ശതകോടി ഡോളര്‍), ലണ്ടന്‍ (25.5 ശതകോടി ഡോളര്‍) എന്നിവയാണ് ബംഗളൂരിന് മുന്നിലുള്ള മറ്റു നഗരങ്ങള്‍. 13.6 ശതകോടി ഡോളറുമായി ബീജിംഗ് ആറാമതാണ്. 13.4 ശതകോടി ഡോളറിന്റെ നിക്ഷേപം നേടി ഷാങ്ഹായ് ഏഴാമതും 11.1 ശതകോടി ഡോളറിന്റെ നിക്ഷേപവുമായി ബെര്‍ലിന്‍ എട്ടാമതുമാണ്. സിംഗപ്പൂര്‍ (10.4 ശതകോടി ഡോളര്‍), ജക്കാര്‍ത്ത (9.4 ശതകോടി ഡോളര്‍) എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു നഗരങ്ങള്‍.
2021 ല്‍ ലോകത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 675 ശതകോടി ഡോളറാണ്. 2020 ലെ അതുവരെയുള്ള എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമായ 340.6 ശതകോടി ഡോളറിനേക്കാള്‍ ഇരട്ടിയിലധികമാണ് കഴിഞ്ഞ വര്‍ഷം നേടിയ നിക്ഷേപം. ലണ്ടന്‍ & പാര്‍ട്ടേഴ്‌സും ഡീല്‍റൂം ഡോട്ട് കോമും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍.
328.8 ശതകോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിച്ച് യുഎസ് ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. 44.6 ശതകോടി ഡോളറിന്റെ നിക്ഷേപവുമായി പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. 61.8 ശതകോടി ഡോളറിന്റെ നിക്ഷേപവുമായി ചൈന രണ്ടാമതും. 2020 ല്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ.
യൂണികോണ്‍ കമ്പനികളെ സൃഷ്ടിച്ച കാര്യത്തിലും ബംഗളൂര്‍ മുന്നിലാണ്. 16 ബില്യണ്‍ ഡോളര്‍ കമ്പനികളാണ് കഴിഞ്ഞ വര്‍ഷം ബംഗളൂരില്‍ നിന്ന് ഉയര്‍ന്നു വന്നത്. അതേസമയം ബേ ഏരിയയില്‍ നിന്ന് 133 ഉം ന്യൂയോര്‍ക്കില്‍ നിന്ന് 69 ഉം ഗ്രേറ്റര്‍ ബോസ്റ്റണില്‍ നിന്ന് 21 ഉം യൂണികോണ്‍ കമ്പനികള്‍ ഉയര്‍ന്നു വന്നു. യൂണികോണ്‍ കമ്പനികളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഡല്‍ഹി (13), മുംബൈ (11) എന്നിവയും തൊട്ടുപിന്നിലുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it