4ജി തുണച്ചു, അറ്റാദായം 89.1 % ഉയര്‍ത്തി എയര്‍ടെല്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (FY23) രണ്ടാം പാദത്തില്‍ ഭാരതി എയല്‍ടെല്ലിന് (Airtel) 2,145 കോടി രൂപയുടെ അറ്റാദായം (Net Profit). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 89.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2022-23 ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം ഉയര്‍ന്നത് 33 ശതമാനം ആണ്. ആദ്യപാദത്തില്‍ അറ്റാദായം 1,607 കോടി രൂപയായിരുന്നു.
4ജി വരിക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നത് എയര്‍ടെല്ലിന് ഗുണം ചെയ്തു. രണ്ടാം പാദത്തില്‍ 17.8 ദശലക്ഷം 4ജി ഉപഭോക്താക്കളെയാണ് കമ്പനി നേടിയത്. നിലവില്‍ രാജ്യത്തെ എട്ട് നഗരങ്ങളില്‍ 5ജി ബീറ്റ ട്രെയല്‍ നടത്തുകയാണ് എയര്‍ടെല്‍. കഴിഞ്ഞ ഏഴുപാദങ്ങളിലും കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ഏയര്‍ടെല്ലിന്റെ ഏകീകൃത വരുമാനം 22 ശതമാനം ഉയര്‍ന്ന് 34,527 കോടിയിലെത്തി.
ഇന്ത്യയില്‍ നിന്ന് മാത്രം 24,333 കോടി രൂപയാണ് വരുമാന ഇനത്തില്‍ എയര്‍ടെല്‍ നേടിയത്. ഒരു ഉപഭോക്താവില്‍ നിന്ന് എയര്‍ടെല്‍ നേടുന്ന ശരാശരി വരുമാനം 24 ശതമാനം ഉയര്‍ന്ന് 190 രൂപയില്‍ എത്തി. ശരാശരി വരുമാനം സമീപഭാവിയില്‍ തന്നെ 200 രൂപയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറില്‍ എയര്‍ടെല്‍ താരീഫ് നിരക്ക് 20-25 ശതമാനം ഉയര്‍ത്തിയിരുന്നു. 16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. നിലവില്‍ 825.30 രൂപയാണ് (10.00 AM) എയര്‍ടെല്‍ ഓഹരികളുടെ വില.