തുടര്‍ച്ചയായ മൂന്നാം മാസവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ജിയോയെ പിന്തള്ളി എയര്‍ടെല്‍

തുടര്‍ച്ചയായ മൂന്നാം മാസവും ഭാരതി എയര്‍ടെല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയര്‍ലെസ് വരിക്കാരെ ചേര്‍ത്തത്. ഒക്ടോബറില്‍ 3.67 മില്യണ്‍ വരിക്കാരെ എയര്‍ടെല്‍ ചേര്‍ത്തപ്പോള്‍ റിലയന്‍സ് ജിയോക്ക് 2.23 മില്യണ്‍ ഉപഭോക്താക്കളെ ആണ് കിട്ടിയത്.

ഇതേ സമയം വോഡഫോണ്‍ ഐഡിയക്ക് ഉപഭോക്താക്കളെ നഷ്ടപെടുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. 2.65 മില്യണ്‍ വരിക്കാരെ ആണ് അവര്‍ക്ക് ഒക്ടോബറില്‍ നഷ്ടപെട്ടത്.

വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ എയര്‍ടെല്‍ 4.15 മില്യണ്‍ (പ്രാഥമികമായി 4 ജി ഉപയോക്താക്കള്‍) ആള്‍ക്കാരെ ചേര്‍ത്തപ്പോള്‍ ജിയോ കരസ്ഥമാക്കിയത് 2.23 മില്യണ്‍ 4 ജി വരിക്കാരെയാണ്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക് പ്രകാരം വോഡഫോണ്‍ ഐഡിയയ്ക്ക് മൊത്തത്തില്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഐഡിയ 0.65 മില്യണ്‍ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ നേടിയപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ കൂട്ടിച്ചേര്‍ത്തത് 1.09 മില്യണ്‍ വരിക്കാരെയാണ്.

ജിയോ പൂര്‍ണമായും ഒരു 4 ജി സേവനദാതാവ് ആകുമ്പോള്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവര്‍ 2 ജി, 3 ജി, 4 ജി എന്നി സേവനങ്ങള്‍ കൂടി നല്‍കുന്നു. ഏയര്‍ടെല്ലും മിക്ക സര്‍ക്കിളുകളിലും തങ്ങളുടെ 3 ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങി. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ എയര്‍ടെല്‍ തങ്ങളുടെ 3 ജി സേവനം പൂര്‍ണമായും നിര്‍ത്തും.
ഒക്ടോബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ 406.36 മില്യണ്‍ വരിക്കാരുള്ള ജിയോ ആണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍. 330.28 മില്യണ്‍ ഉപഭോക്താക്കളുമായി എയര്‍ടെല്‍ രണ്ടാം സ്ഥാനത്തും 292.83 മില്യണ്‍ വരിക്കാരുമായി വൊഡാഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. 118.88 മില്യണ്‍ വരിക്കാരാണ് ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍നുള്ളത്.
വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ ജിയോക്ക് 406.36 മില്യണ്‍ വരിക്കാരും എയര്‍ടെല്ലിന് 167.56 മില്യനും വോഡഫോണ്‍ ഐഡിയക്ക് 120.49 മില്യണ്‍ വരിക്കാരുമാണുള്ളത്.

മൊബൈല്‍ കമ്പനികള്‍ കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കാനും അപ്‌ഗ്രേഡു ചെയ്യിക്കാനും ശ്രമിക്കുന്നതിനാല്‍ 4 ജി ഉപയോക്താക്കള്‍ക്കുള്ള മത്സരം രൂക്ഷമാകുന്നു.
നിലവില്‍ 350 മില്യണ്‍ 2 ജി ഉപഭോക്താക്കളാണുള്ളത്. ഇവര്‍ പ്രധാനമായും എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ നെറ്റ്‌വര്‍ക്കുകളില്‍ ആണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിയോ അവരുടെ കുറഞ്ഞ ചെലവിലുള്ള 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ജിയോഫോണ്‍ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്.
അതുപോലെ തന്നെ, എയര്‍ടെല്‍ അവരുടെ 2 ജി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്.
എന്നാല്‍ വോഡഫോണ്‍ ഐഡിയ ഇങ്ങനെ ഉള്ള 4 ജി ഉപഭോക്താക്കളെ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ എയര്‍ടെല്ലിനെക്കാളും വളരെ പിന്നിലാണ്.

പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍ ഒക്ടോബറില്‍ 8.80 മില്യനായി ഉയര്‍ന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ്.
ജൂലൈക്ക് ശേഷം നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള ആവശ്യം കൂടുകയാണ്.
ജൂലായിലും അഗസ്റ്റിലും നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള ആവശ്യം 7.53 മില്യണ്‍ വീതം ആയിരുന്നെങ്കില്‍ ഓഗസ്റ്റില്‍ സെപ്റ്റംബറില്‍ അത് 8.71 മില്ലിയനായി ഉയര്‍ന്നു.
മെച്ചപ്പെട്ട ഓഫര്‍ നേടുന്നതിനായി ഉപയോക്താക്കള്‍ വളരെ വേഗത്തില്‍ ഓപ്പറേറ്റര്‍മാരെ മാറ്റുന്നത് കൊണ്ടാണ് ഇത്തരത്തില്‍ എംഎന്‍പി ആവശ്യങ്ങള്‍ കൂടുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it