അച്ഛന്റെ ബിസിനസ് വേണ്ടെന്നു വച്ച് ഈ മകള്‍;ബിസ്‌ലെരി ഇന്റര്‍നാഷണല്‍ ടാറ്റയുടെ കൈകളിലേക്കോ ?

ഇന്ത്യയിലെ കുടുംബ ബിസിനസുകളില്‍ പുതുതലമുറക്കാര്‍ തിളങ്ങുന്നത് പുതുമയല്ല. അംബാനി കുടുംബം അതിനുത്തമ ഉദാഹരണവുമാണ്. എന്നാല്‍ വ്യവസായ സമ്പന്നന്മാരുടെ മക്കളെല്ലാം ബിസിനസില്‍ അവരെ പിന്‍തുടരണമെന്നില്ല. അതിനാല്‍ തന്നെ ബിസിനസിന്റെ മുന്നോട്ട് പോക്ക് അവതാളത്തിലാകുകയും ചെയ്യും. അല്ലെങ്കിൽ അവരെക്കാൾ മിടുക്കർ കമ്പനിയുടെ മുൻ നിരയിലേക്ക് വരികയോ കമ്പനി ഏറ്റെടുക്കുകയോ ചെയ്യണം.അത്തരത്തിലൊരു വാര്‍ത്തയാണ് ബിസ്ലെരിയില്‍ നിന്നും കേള്‍ക്കുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് 7000 കോടിയോളം മൂല്യമുള്ള കമ്പനിയില്‍ തുടരാന്‍ബിസ്ലെരി ഉടമയായ രമേഷ് ചൗഹാന്റെ മകള്‍ ജയന്തി ചൗഹാന് താല്‍പര്യമില്ല എന്നും അതിനാലാണ് അദ്ദേഹം കമ്പനി വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നുമാണ്.

മൂന്ന് വര്‍ഷം മുന്‍പ് ബിസ്ലേരിക്ക് കീഴിലെ ശീതളപാനീയ ബിസിനസ് ചൗഹാന്‍ കൊക്കകോളയ്ക്ക് വിറ്റിരുന്നു. തംസ് അപ്, ഗോള്‍ഡ് സ്‌പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്‍ഡുകളെല്ലാം തന്നെ നേരത്തെ വിറ്റൊഴിഞ്ഞു. 2016 ല്‍ ശീതള പാനീയ ബിസിനസിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം പ്രതീക്ഷിച്ച വിജയം കൈവരിച്ചതുമില്ല.
ബിസ്ലെരി ഇന്റര്‍നാഷണലിന്റെ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ ആണ് ജയന്തി. ചെറുപ്പത്തില്‍ ഭൂരിഭാഗവും ദില്ലിയിലും മുംബൈയിലും ന്യൂയോര്‍ക്ക് സിറ്റിയിലുമാണ് ഇവര്‍ ചെലവഴിച്ചത്. ബിരുദം നേടിയ ശേഷം, ജയന്തി ചൗഹാന്‍ ഷാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിനായി ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ (എഫ്‌ഐഡിഎം) ചേര്‍ന്നു. പിന്നീട് ഫാഷന്‍ സ്റ്റൈലിംഗ് പഠനത്തിലായിരുന്നു 'ജെ ആര്‍ സി' എന്നു വിളിക്കുന്ന ജയന്തി രമേഷ് ചൗഹാന്‍.
24 വയസ്സുള്ളപ്പോഴാണ് ജയന്തി ബിസ്ലേരിയുടെ ഡയറക്ട് ബോര്‍ഡിലേക്കും മറ്റും എത്തുന്നതും. വൈസ് ചെയര്‍പേഴ്സണ്‍ ആകുന്നതും. ബിസ്ലേരി വെബ് സൈറ്റ് പ്രകാരം ദില്ലി ഓഫീസ് കേന്ദ്രീകരിച്ചാണ് ജയന്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബിസ്ലേരി ഫാക്ടറി നവീകരണത്തിലായിരുന്നു ജെആര്‍സിയുടെ ശ്രദ്ധ. വിവിധ ജോലികളില്‍ ഓട്ടോമേഷന്‍ കൊണ്ടുവരുന്നതിനുമുള്ള ദൌത്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുത്തതായി പറയുന്നു. എച്ച്ആര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളും ജയന്തി ചൗഹാന്‍ പുനഃക്രമീകരിച്ചതായി പറയുന്നു. 2011-ല്‍ അവര്‍ മുംബൈ ഓഫീസിന്റെ ചുമതല ഏറ്റെടുത്തുവെന്നും വെബ്സൈറ്റ് പറയുന്നു.
ബിസ്ലേരി മിനറല്‍ വാട്ടര്‍, ഹിമാലയത്തില്‍ നിന്നുള്ള വെള്ളത്തിനായുള്ള വേദിക നാച്ചുറല്‍ മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്, ഫിസ്സി ഫ്രൂട്ട് ഡ്രിങ്ക്സ്, ബിസ്ലേരി ഹാന്‍ഡ് പ്യൂരിഫയര്‍ എന്നിവയാണ് ബിസ്ലേരിയുടെ പ്രധാന ഉത്പന്നങ്ങള്‍. ബിസ്ലേരിയില്‍ പരസ്യങ്ങളിലും മറ്റും ജയന്തി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി വെബ് സൈറ്റ് പറയുന്നുണ്ട്.നിലവില്‍ കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീമുകള്‍ക്ക് ജയന്തി നേതൃത്വം നല്‍കുന്നു. ബിസ്ലേരിയുടെ പുതിയ ബ്രാന്‍ഡ് ഇമേജിനും വളര്‍ന്നുവരുന്ന ശക്തിക്കും അടിസ്ഥാനം ജയന്തിയാണെന്ന് വെബ്സൈറ്റ് പറയുന്നു. ഇതൊക്കെയാണെങ്കിലും രമേഷ് ചോഹാന്റെ വാക്കുകള്‍ വിഭിന്നമാണ്.
അതേ സമയം കാലാകാലങ്ങളായി ഇന്ത്യയുടെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ബ്രാന്‍ഡ് ആയ ബിസ്ലെരിയെ ടാറ്റ വാങ്ങിയേക്കുമെന്ന വിവരം ബിസ്ലേരി ചെയര്‍മാന്‍ രമേഷ് ചൗഹാന്‍ സ്ഥിരീകരിച്ചതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് തനിക്ക് പിന്‍ഗാമിയില്ലെന്നും തന്റെ മകള്‍ക്ക് ഈ ബിസിനസില്‍ താത്പര്യമില്ലെന്നതുമാണ് കമ്പനി വില്‍ക്കാന്‍ കാരണമായി ചൗഹാന്‍ പറയുന്നത്. വളരെ വേദനയോടെയാണ് താന്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡ് ആയിരുന്ന കുപ്പിവെള്ളത്തിന്റെ മുംബൈയില്‍ ആദ്യ സ്റ്റോര്‍ 1965 ലാണ്ആരംഭിക്കുന്ന്ത്. 1969 ല്‍ പാര്‍ലെ കമ്പനിയുടെ ഉടമകളായ ചൗഹാന്‍ ബ്രദേഴ്‌സ് ഈ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു. നാല് വര്‍ഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്പനിയെ രമേഷ് ചൗഹാന്‍ സ്വന്തമാക്കിയത്. പതിറ്റാണ്ടുകള്‍ കമ്പനിയെ മുന്നോട്ട് നയിച്ച ശേഷം 7000 കോടി മൂല്യത്തിലാണ് ചൗഹാന്‍ കമ്പനി വില്‍ക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it