ബിപിസിഎല്‍ ഓഹരി വില്‍പ്പന രണ്ടു തവണയാക്കാന്‍ നീക്കം
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിപിസിഎല്‍) സര്‍ക്കാര്‍ ഓഹരികളുടെ വിറ്റഴിക്കല്‍ രണ്ടു ഘട്ടമായി നടത്തുന്ന കാര്യം പരിഗണിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒറ്റത്തവണയായി വന്‍തുക നിക്ഷേപിക്കേണ്ടിവരുമെന്നതിനാല്‍ കമ്പനികള്‍ ഓഹരി വാങ്ങാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് രണ്ടു തവണയായി വില്‍ക്കാനുള്ള നിര്‍ദ്ദേശം വന്നിരിക്കുന്നത്.
53.29% സര്‍ക്കാര്‍ ഓഹരികളുടെ വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.ബിപിസിഎല്‍ നിയന്ത്രണം സ്വന്തമാക്കാന്‍ മുന്നോട്ടുവരുമെന്നു പ്രതീക്ഷിക്കുന്ന സൗദി അരാംകോ, ടോട്ടല്‍, എക്‌സോണ്‍ മൊബീല്‍, ഷെല്‍ തുടങ്ങിയ വന്‍ വിദേശ എണ്ണക്കമ്പനികളില്‍ ഒന്നും തന്നെ ഒറ്റയടിക്ക് ഇത്രയും വലിയ മുതല്‍ മുടക്ക് നടത്താന്‍ തയ്യാറാകില്ലെന്ന ആശങ്കയുണ്ട്. അതിനാല്‍, സര്‍ക്കാര്‍ ഓഹരികളുടെ പകുതിയോ 26-27 ശതമാനമോ ആദ്യം വില്‍ക്കുകയെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ലോഹ, ഖനന പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ബാല്‍ക്കോ എന്നിവയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനിടെ സര്‍ക്കാര്‍ ഈ മാതൃക നേരത്തെ പരീക്ഷിച്ചിരുന്നു.
ഇതിനിടെ ബിപിസിഎല്‍ ഓഹരികള്‍ വാങ്ങി കമ്പനിയുടെ നിയന്ത്രണമെറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. മറ്റേതെങ്കിലും കമ്പനികള്‍ ബിപിസിഎല്‍ കയ്യടക്കുന്നപക്ഷം വിപണിയിലെ ഐഒസിയുടെ സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും ഈ നീക്കത്തിനു പിന്നില്‍. നിലവില്‍ രാജ്യത്ത് 43 ശതമാനം ഇന്ധന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ഐഒസിയുടെ കൈവശമുണ്ട്. ബിപിസിഎല്ലിന്റെ വിഹിതം 23%. ആഭ്യന്തര ഇന്ധന റീട്ടെയില്‍ ശൃംഖലയുടെ 24% എച്ച്പിസിഎല്ലിന് സ്വന്തമാണ്.
'ബര്‍മ്മ ഷെല്‍' എന്ന പേരില്‍ 1920ല്‍ ആരംഭിച്ച കമ്പനിയാണ് ബിപിസിഎല്‍ ആയത്. 1974ലെ എസോ ആക്ട്, 1976ലെ ബര്‍മ്മ ഷെല്‍ ആക്ട് എന്നിവ വഴി കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്ലിനെ ദേശസാല്‍ക്കരിച്ചു. ഈ നിയമം അനുസരിച്ച് ബിപിസിഎല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്നാണ് നിബന്ധന.
2003ല്‍ വാജ്പേയി സര്‍ക്കാര്‍ ബിപിസിഎല്‍ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിവാദങ്ങള്‍ രാജ്യത്ത് കത്തിപ്പടര്‍ന്നിരുന്നു. അന്ന് വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി 1974ലെ എസോ ആക്ട്, 1976ലെ ബര്‍മ്മ ഷെല്‍ ആക്ട് എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഓഹരി വില്‍പ്പന തടഞ്ഞു. രണ്ട് നിയമങ്ങളിലും പറയും പോലെ പാര്‍ലമെന്റിന്റെ അനുമതി തേടാനായിരുന്നു നിര്‍ദ്ദേശം. അതോടെ അന്ന് ബിപിസിഎല്‍ വില്‍ക്കാനുള്ള നീക്കം മുടങ്ങി.
എന്നാല്‍ ഇപ്പോള്‍ ഈ നിയമങ്ങള്‍ കാലഹരണപ്പെട്ടതായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ 'അനാവശ്യവും കാലഹരണപ്പെട്ടതുമായ' 187 നിയമങ്ങള്‍ റദ്ദാക്കിയ കൂട്ടത്തില്‍ ഈ ചട്ടവും ഇല്ലാതായി എന്ന് ക്യാബിനെറ്റ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline