വന്‍ പദ്ധതികളുടെ പൂര്‍ത്തീകരണം: ഇതാ ഒരു ബിപിസിഎല്‍ മാതൃക
Q. വന്‍ നിക്ഷേപത്തോടെയുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ നല്ല റെക്കോര്‍ഡല്ല കേരളത്തിനുള്ളത്. പക്ഷേ ബിപിസിഎല്‍ കൊച്ചി റിഫൈനറി അത് സാധ്യമാക്കി. എങ്ങനെയാണത് സാധ്യമാക്കിയത്?
16,500 കോടി രൂപ നിക്ഷേപമുള്ള റിഫൈനറി വിപുലീകരണ പദ്ധതിയാണ് ഞങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഇത്തരമൊരു വലിയ പദ്ധതി കൊച്ചിയില്‍ നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് കൊച്ചി റിഫൈനറി ടീമിനുണ്ടായിരുന്നു.
ഏതൊരു പദ്ധതിയുടെയും സാക്ഷാല്‍ക്കാരത്തിന് വേണ്ട ചില അത്യാവശ്യ ഘടകങ്ങളുണ്ട്. ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതികള്‍, മതിയായ ഫണ്ട്, തൊഴില്‍ സമരങ്ങളില്ലാത്ത സാഹചര്യം, പദ്ധതിയുടെ നിര്‍മാണത്തിനാവശ്യ മായ വസ്തുക്കളുടെ തടസമില്ലാത്ത സപ്ലൈ ഇവയൊക്കെ അതില്‍ പെടും. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ പദ്ധതി നിര്‍വഹണത്തിന്റെ പിന്നിലെ ഘടകങ്ങള്‍ പ്രധാനമായും ഇവയൊക്കെയാണ്.
1. പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള എല്ലാ സാധനസാമഗ്രികളുടെയും കൃത്യമായ സപ്ലൈ ഉറപ്പാക്കി. നിര്‍മാണ വസ്തുക്കള്‍ മുന്‍കൂട്ടി വാങ്ങി സംഭരിക്കാതെ കൃത്യമായ സമയത്ത് സപ്ലൈ സാധ്യമാക്കുന്ന വിധത്തിലായിരുന്നു ഇവയുടെ ഏകോപനം. സംസ്ഥാനത്തെ ക്വാറി സമരത്തിന്റെ വേളയില്‍ മെറ്റലിന് അല്‍പ്പം ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളുമെടുത്തു.
2. പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ വില്ലനാകുന്നത് പലപ്പോഴും തൊഴില്‍ സമരങ്ങളാണ്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് യഥാസമയം പരിഹാരം കാണാനും തൊഴില്‍ ദിനങ്ങള്‍ സമരം മൂലം നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കാനും ഞങ്ങള്‍ ഒരു കമ്മിറ്റി ആദ്യമേ രൂപീകരിച്ചു. മൂന്നു തലങ്ങളിലുള്ള കമ്മിറ്റിയായിരുന്നു. തൊഴിലാളി സംഘടനാപ്രതിനിധികള്‍, ബിപിസിഎല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവയ്‌ക്കൊപ്പം ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടുന്നതായിരുന്നു പ്രാഥമികതലത്തിലെ കമ്മിറ്റി. അതിനു മുകളില്‍ ജില്ലാ കളക്റ്റര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി, ഏറ്റവും മുകളിലായി മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സമിതി.
പ്രാഥമിക ഘട്ടത്തില്‍ തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ അതിനു മുകളിലെ കമ്മിറ്റികളിലേക്ക് വിടണം എന്നതായിരുന്നു ധാരണ. എന്നാല്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമേ കളക്റ്റര്‍ അടങ്ങുന്ന കമ്മിറ്റിയുടെ പരിഗണനയിലേക്ക് എത്തിയുള്ളൂ. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ പരിഹരിക്കപ്പെട്ടു. ഇത്തരമൊരു കമ്മിറ്റി ബിപിസിഎല്‍ കൊച്ചിയില്‍ ആദ്യമായിട്ടായിരുന്നു. ഫാക്റ്റ് കാപ്രോലാക്ടം പ്ലാന്റ് സ്ഥാപിക്കുന്ന വേളയില്‍ ഇങ്ങനെ ഒരു സംവിധാനം സൃഷ്ടിച്ചിരുന്നുവെന്നത് പോലും ഞങ്ങള്‍ പിന്നീടാണ് അറിഞ്ഞത്.
കൊച്ചി റിഫൈനറി ടീം ഒന്നടങ്കം, തൊഴിലാളികളും കോണ്‍ട്രാക്റ്റര്‍മാരും ബോര്‍ഡും മാനേജ്‌മെന്റും സര്‍ക്കാര്‍ സംവിധാനങ്ങളും അങ്ങേയറ്റം അനുകൂല നിലപാടുകളാണ് പദ്ധതി നിര്‍വഹണ കാര്യത്തില്‍ പുലര്‍ത്തിയത്. കൊച്ചി പോര്‍ട്ടില്‍ നിന്ന് വന്‍ മെഷിനറി ഭാഗങ്ങള്‍ റോഡ് മാര്‍ഗം കൊണ്ടുവരുമ്പോള്‍ മാസങ്ങളോളം ഞായറാഴ്ചകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പൊതുജനങ്ങള്‍ ഇവയോടൊക്കെ അങ്ങേയറ്റം സഹകരിച്ചു.
3. ഏതൊരു പദ്ധതിയുടെ നടത്തിപ്പും സുഗമമായി മുന്നോട്ടു പോകാന്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുക തന്നെ വേണം. തീരുമാനങ്ങള്‍ എടുക്കുന്നത് വൈകിയാല്‍ അത് പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. തീരുമാനങ്ങളെടുക്കാനുള്ള അധികാരം വികേന്ദ്രീകരിച്ച് നല്‍കണം. ബിപിസിഎല്ലില്‍ ആ സംസ്‌കാരമാണുള്ളത്. മാത്രമല്ല, മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയിലൂടെ വന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചവരുടെ വിജയമന്ത്രങ്ങളും ശൈലികളും പഠിക്കാനുള്ള അവസരം നിരന്തരം ഇവിടെ ഒരുക്കാറുണ്ട്.
Q. റിഫൈനറി വിപുലീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഉല്‍പ്പാദനവും റെക്കോര്‍ഡായി. എങ്ങനെയാണിത് സംഭവിച്ചത്?
ടീം വര്‍ക്കിന്റെ ഫലമാണത്. റിഫൈനറിയുടെ സ്ഥാപിത ശേഷി 1.55 കോടി ടണ്‍ ക്രൂഡോയ്ല്‍ സംസ്‌കരണമാണെങ്കില്‍ 2018-19ല്‍ 1.60 കോടി ടണ്‍ ക്രൂഡോയ്ല്‍ സംസ്‌കരിച്ചു. ഇതൊരു നേട്ടം തന്നെയാണ്. യുവത്വവും ചുറുചുറുക്കുമുള്ള യുവ ടീമാണ് കൊച്ചി റിഫൈനറിയുടെ കരുത്ത്. പ്ലാന്റിന്റെ വിപുലീകരണ ജോലികളിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലും അശ്രാന്തമായ പരിശ്രമമാണ് ടീം കാഴ്ചവെച്ചത്.
Q. ഭാരത് സ്റ്റേജ് ആറ് (ബി എസ് 6) നിലവാരത്തിലുള്ള ഇന്ധനം എന്നു മുതല്‍ കൊച്ചി റിഫൈനറിയില്‍ നിന്നു വിപണിയിലേക്കെത്തും?
ഫെബ്രുവരി ഒന്നു മുതല്‍ ഇന്ധനം ഇവിടെ നിന്ന് സപ്ലൈ തുടങ്ങും. 2020 ഏപ്രില്‍ ഒന്നു മുതല്‍ പമ്പുകളില്‍ നിന്ന് ബിഎസ് 6 നിലവാരമുള്ള ഇന്ധനമാകും ലഭ്യമാകുക. മലിനീകരണ തോത് കുറഞ്ഞ ഈ ഇന്ധനം വാഹനങ്ങളുടെ എന്‍ജിന്റെ ആയുസും ക്ഷമതയും കൂട്ടും. നിലവാരം ഉയരുന്നതിന്റെ പേരില്‍ വില വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ല.
Q. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ നടക്കുന്ന മറ്റ് വികസന പദ്ധതികളെന്തൊക്കെയാണ്?
ബിപിസിഎല്ലിന്റെ ഏറ്റവും വലിയ നിക്ഷേപം നടക്കുന്നത് കൊച്ചിയിലാണ്. 16,500 കോടി രൂപയുടെ റിഫൈനറി വിപുലീകരണ പദ്ധതിയാണ് പൂര്‍ത്തിയായത്. 5500 കോടി രൂപയുടെ നിക്ഷേപമുള്ള പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പിഡിപിപി) ഈ വര്‍ഷം പൂര്‍ത്തിയാകും. 11,500 കോടി രൂപ നിക്ഷേപമുള്ള പോളിയോള്‍ നിര്‍മാണത്തിനുള്ള രണ്ടാമത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്‌സ് 2022 അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതോടെ ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലെക്‌സായി ബിപിസിഎല്‍ കൊച്ചി മാറിക്കഴിഞ്ഞു.
Q. പെട്രോകെമിക്കല്‍ രംഗത്തെ കൊച്ചി റിഫൈനറിയുടെ മുന്നേറ്റം എന്തെല്ലാം ബിസിനസ് - തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുക?
രാജ്യത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം തന്ത്രപ്രധാനമായ ഒന്നാണ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍. നമ്മള്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പ്രോജക്റ്റില്‍ നിന്നുള്ള ബ്യൂട്ടെയ്ല്‍ അക്രിലിക് ഇപ്പോള്‍ 100 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നമാണ്. അക്രിലിക് പെയ്ന്റിലെ പ്രധാന അസംസ്‌കൃത വസ്തുവായ ഇത് കേരളത്തില്‍ തന്നെ ലഭിക്കുന്നത് ഇവിടത്തെ പെയ്ന്റ്, ഇങ്ക് നിര്‍മാണ രംഗത്തുള്ളവര്‍ക്ക് അനുഗ്രഹമാകും.
ലോകത്തെല്ലായിടത്തും റിഫൈനറി ഒരു മദര്‍ പ്ലാന്റായാണ് നിലകൊള്ളുന്നത്. ഇതിനോട് അനുബന്ധിച്ചാണ് ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ വളര്‍ന്നുവരുക. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പെട്രോകെമിക്കല്‍ പാര്‍ക്ക്, കൊച്ചി റിഫൈനറിയില്‍ നിന്നുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അസംസ്‌കൃത വസ്തുവാക്കിയുള്ള സംരംഭങ്ങള്‍ക്കായുള്ളതാണ്. ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കാം.
പോളിയോള്‍ വരെ മാത്രമേ കൊച്ചി റിഫൈനറിയില്‍ നിര്‍മിക്കൂ. ഇതില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള ആര്‍ ആന്‍ഡ് ഡി നടക്കുകയാണ്. കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് മുന്നില്‍ വലിയ അവസരമാണ് പെട്രോകെമിക്കല്‍ രംഗം തുറക്കുന്നത്. അതുപോലെ തന്നെ നിലവില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊച്ചി റിഫൈനറി തന്നെ വാങ്ങുന്നുണ്ട്. ഇവയെല്ലാം ഇപ്പോള്‍ പുറത്തുനിന്നാണ് വരുന്നത്. റിഫൈനറി പോലുള്ള മദര്‍ പ്ലാന്റുകള്‍ ഒരുക്കുന്ന ബിസിനസ് - തൊഴില്‍ അവസരങ്ങള്‍ വ്യക്തമായി മനസിലാക്കി അവ മുതലെടുക്കാന്‍ തദ്ദേശീയര്‍ ശ്രമിക്കണം. ഒപ്പം അതിനുള്ള മികച്ച അന്തരീക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭരണാധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഒരുക്കുകയും വേണം.
പിന്‍നിരയിലുള്ളവരെ കൈപിടിച്ചുയര്‍ത്തി പ്രതിബദ്ധതയോടെ
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കാര്യത്തിലും ബിപിസിഎല്‍ കൊച്ചി റിഫൈനറി മുന്‍നിരയിലാണ്. ചരിത്രത്തിലാദ്യമായി 20 കോടി രൂപ സിഎസ്ആര്‍ ഇനത്തില്‍ കൊച്ചി റിഫൈനറി ചെലവിട്ടതും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ്. 3600 ഓളം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ക്ലാസ് മുറികളുടെയും അംഗനവാടികളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, റോഡ് നിര്‍മാണം എന്നിവയ്‌ക്കെല്ലാം പുറമേ മികച്ച മനുഷ്യവിഭവ ശേഷിയെ വാര്‍ത്തെടുക്കാന്‍ കൊച്ചിയില്‍ തുടക്കമിട്ട ഇന്‍സ്റ്റിറ്റ്യൂട്ട് സമൂഹത്തിലെ താഴെ തട്ടിലുള്ള ഒരുപാട് മിടുക്കരായ കുട്ടികളെ രാജ്യാന്തര കമ്പനികളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ഐടിഐ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആറ് മാസത്തെ പരിശീലന പരിപാടിയാണ് ബിപിസി എല്ലിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് നടത്തുന്നത്. നാല് വ്യത്യസ്ത ട്രേഡുകളില്‍ പരിശീലനം നല്‍കുന്ന ഇവിടെ മികച്ച ഫാക്കല്‍റ്റികളാണുള്ളത്. ഏറ്റുമാനൂരില്‍ രണ്ടാമത്തെ കേന്ദ്രം സജ്ജമായി വരുന്നു. ഇതിനു പുറമേ സീ ആംബുലന്‍സ് പോലുള്ള സംവിധാനങ്ങളും കൊച്ചി റിഫൈനറി ഒരുക്കിയിട്ടുണ്ട്.
Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ - http://bit.ly/2IjKw5Z OR send 'START' to +49 1579 2369 680