ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: എല്ലാ കണ്ണുകളും റിലയന്‍സിലേക്ക്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ സംസ്‌കരണ, വിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സ്വകാര്യവല്‍ക്കരണത്തോട് അനുബന്ധിച്ചുള്ള താല്‍പ്പര്യപത്ര സമര്‍പ്പണത്തിനുള്ള അവസാന തിയതി ഇന്ന്. ബിപിഎല്ലിനെ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം പരന്നിരുന്ന ലോകത്തിലെ പ്രമുഖ എണ്ണ കമ്പനികളായ ബ്രിട്ടനിലെ ബിപിയുടെ ഫ്രാന്‍സിലെ ടോട്ടലും സൗദി അറേബ്യയിലെ അരാംകോയും ഇതുവരെ താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടില്ല. ഇവര്‍ താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരിന്റെ 52.98 ശതമാനം ഓഹരികളാണ് വിറ്റൊഴിക്കുന്നത്. നേരത്തെ നാല് സന്ദര്‍ഭങ്ങളില്‍ താല്‍പ്പര്യപത്രം സമര്‍പ്പിക്കാനുള്ള തീയതി നീട്ടിവെയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇനി തീയതി നീട്ടില്ലെന്ന സൂചനയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

കോവിഡ് ബാധയെ തുടര്‍ന്ന് ആഗോള എണ്ണ ഉല്‍പ്പാദന, ഉപഭോഗ രംഗത്തുണ്ടായ പ്രശ്‌നങ്ങളും ലോകം കൂടുതലായി പാരമ്പര്യേത ഊര്‍ജ്ജത്തിലേക്ക് മാറുന്നതും ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണ നീക്കങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന നാളുകളില്‍, ആഗോള കമ്പനികള്‍ ബിപിസിഎല്ലില്‍ കണ്ണുവെയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും ഇപ്പോള്‍ വില്‍പ്പന നീക്കം ഈ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, വന്‍കിട കമ്പനികള്‍ സജീവമായി രംഗത്തില്ല.

റിലയന്‍സ് വരുമോ?

നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനം വിപുലീകരണത്തിന്റെ ഭാഗമായി ബിപിസിഎല്ലിനെ ഏറ്റെടുത്തേക്കാം. അങ്ങനെയെങ്കില്‍ അതിന് സാധ്യത കല്‍പ്പിക്കുന്ന കമ്പനി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. എന്നാല്‍ ബിപിസിഎല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് ഒരു നീക്കവും ഇതുവരെ റിലയന്‍സും നടത്തിയിട്ടില്ല.

അതിനിടെ അടുത്തിടെ റിലയന്‍സ് ബിപിസിഎല്‍ മുന്‍ ചെയര്‍മാന്‍ സര്‍തക് ബറുയ, ഐഒസി മുന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് എന്നിവരെ ടീമിലേക്ക് നിയമിച്ചിരുന്നു. ബിപിസിഎല്ലിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നിയമിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

റിലയന്‍സിന്റെ ജാം നഗറിലെ റിഫൈനറിയും ബിപിസിഎല്ലിന്റെ മുംബൈ, കൊച്ചി, ബിന യൂണിറ്റുകളും എണ്ണ വിതരണ ശൃംഖലയും ചേര്‍ന്നാല്‍ രാജ്യത്ത് ശക്തമായ സംവിധാനമാകും അത്.

ഇതേ സാഹചര്യം തന്നെയാണ് റഷ്യന്‍ എണ്ണ ഭീമന്‍ റോസ്‌നെഫ്റ്റ് രംഗത്തുവന്നാലും ഉണ്ടാവുക. റോസ്‌നെഫ്റ്റിന്റെ കീഴിലുള്ള നയറ എനര്‍ജി ഗുജറാത്തില്‍ 20 ദശലക്ഷം ടണ്‍ ശേഷിയുള്ള എണ്ണ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് ബിപിസിഎല്ലിന്റെ എണ്ണ വിതരണ ശൃംഖല സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും റിഫൈനറികളുടെ കാര്യത്തില്‍ താല്‍പ്പര്യമില്ല. റഷ്യന്‍ വമ്പനും ഇതുവരെ താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it