എന്‍എംസി ഹെല്‍ത്ത്: രാജി നല്‍കി ഷെട്ടി
യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള വന്‍ ആരോഗ്യ പരിപാലന ശൃംഖലയായ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബി ആര്‍ ഷെട്ടി രാജി വച്ചു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകന്റെ ഇറങ്ങിപ്പോക്ക്.
ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടരും.
ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഓഹരിനിക്ഷേപകര്‍ വലിയ പരിഭ്രാന്തിയിലാണെന്ന് നിരീക്ഷകര്‍ പറയുന്നു.
1970 കളില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ ആരംഭിച്ച്, പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍എംസിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു.
യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline