Begin typing your search above and press return to search.
ഒഴിവുദിവസങ്ങളില്‍ ഒരു മണിക്കൂര്‍! കുട്ടികളുടെ വീഡിയോ ഗെയിം സമയത്തിന് കര്‍ശന നിയന്ത്രണവുമായി ചൈന
വീഡിയോ ഗെയിമിംഗില്‍ ആസക്തരായ 18 വയസ്സില്‍ താഴെ പ്രായമുള്ളവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ചൈന. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങളില്‍ വീഡിയോ ഗെയിമിംഗ് നടത്താനാകില്ല. ആഴ്ചയില്‍ അവധി ദിനങ്ങളിലാകട്ടെ, പരമാവധി മൂന്നു മണിക്കൂര്‍ മാത്രമായിരിക്കും ഇവര്‍ക്ക് ഗെയിമിംഗിന് അനുമതി നല്‍കുക.
ഈ ആഴ്ച മുതല്‍ ഗെയിമിംഗിന് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ ഒമ്പത് വരെ മാത്രമായിരിക്കും വീഡിയോ ഗെയിമിംഗ് അനുമതി ഉണ്ടായിരിക്കുക. വാരാന്ത്യവും പൊതുഅവധികളും എല്ലാം ചേര്‍ന്ന് ഒരാഴ്ച 17 വയസ്സുവരെയുള്ളവര്‍ക്ക് കളിക്കാനാകുന്ന വീഡിയോ ഗെയിം പരിധി 3 മണിക്കൂര്‍ മാത്രമാണ്. നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ ഗെയിമിംഗിന് അഡിക്റ്റഡ് ആയ യുവതലമുറയെ കര്‍ശന നിയന്ത്രണങ്ങളോടെ അവര്‍ക്ക് വേണ്ട ഗെയിമുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. മുമ്പ് പ്രവര്‍ത്തി ദിവസങ്ങളിലെ പരമാവധി ഗെയിമിംഗ് സമയം 90 മിനിട്ട് അഥവാ 1.30 മണിക്കൂര്‍ ആയിരുന്നു. എന്നാല്‍ ഇത് എടുത്തുമാറ്റുകയാണ് ചെയ്തത്.
പദ്ധതി നടപ്പാക്കുമ്പോള്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയിമിംഗ് മാത്രമായിരിക്കും നിരോധിക്കപ്പെടുക. പക്ഷെ ഈ മേഖലയില്‍ അത് വലിയ തിരിച്ചടി സൃഷ്ടിച്ചേക്കാം. ഓഹരിവിപണിയിലും ഗെയിമിംഗ് കമ്പനികള്‍ക്ക് ഇത് തിരിച്ചടിയായേക്കും. തീരുമാനം പുറത്തു വന്നതോടെ നെറ്റ് ഈസ് (NTES) തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ പതിവ് വ്യാപാര സമയത്ത് 3.4% ഇടിവ് രേഖപ്പെടുത്തി. ടെന്‍സെന്റിനും (TCEHY) ചൊവ്വാഴ്ച ഏതാണ്ട് അതേ ഇടിവ് നേരിട്ടു.
ചൈനയെ സംബന്ധിച്ചിടത്തോളം കോടികള്‍ വാരുന്ന മേഖലയാണ് വീഡിയോ ഗെയിമിംഗ്. രാജ്യത്തെ പല ടെക് കമ്പനികളും ദിനംപ്രതി ഗെയിമിംഗ് അപ്‌ഡേഷനുകള്‍ക്കായി ജോലി ചെയ്യുന്നു. എന്നാല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ളവയ്ക്കായി കുട്ടികള്‍ ചെലവഴിക്കുന്ന 'ക്വാളിറ്റി ടൈം' ആണ് ഇത് അപഹരിക്കുന്നത്.
'ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള കൗമാരക്കാരുടെ ആസക്തി അവരുടെ പഠനത്തെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് നിരവധി രക്ഷിതാക്കള്‍ പറഞ്ഞിട്ടുണ്ട്, ഇത് നിരവധി സാമൂഹിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു,'ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്‍ഹ്വ എന്ന മാധ്യമ റിപ്പോര്‍ട്ടില്‍ ഒരു രക്ഷിതാവ് പ്രതികരിച്ചു. യഥാത്ഥ പേരും ഐഡന്റിറ്റിയും നല്‍കുന്നവര്‍ക്ക് ഗെയിമുകള്‍ നല്‍കുന്നത് നിജപ്പെടുത്താനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.
ഇന്ത്യയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. പബ്ജി നിരോധിച്ചെങ്കിലും ഇപ്പോഴും കോള്‍ ഓഫ് ഡ്യൂട്ടിയും കൗണ്ടര്‍ സ്‌ട്രൈക്ക് ഗ്ലോബല്‍ ഒഫെന്‍സീവുമുള്‍പ്പെടെ നിരവധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളാണ് വിദ്യാര്‍ത്ഥികളുടെ സമയം കൊല്ലികളാകുന്നത്.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജീവമായതോടെ സദാസമയവും ഓണ്‍ലൈന്‍ ഉപയോഗിക്കാമെന്നതിനാല്‍ അനിയന്ത്രിതമായാണ് ഗെയിമുകളുടെ ഉപയോഗം പൊയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ചൈനീസ് ആപ്പുകള്‍ക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടപ്പാക്കിയത് പോലെ പുതുതലമുറയെ ഗെയിമിംഗ് ആസക്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോന്ന പദ്ധതികളുടെ ആവശ്യകത ഏറുകയാണ്.
Next Story
Videos