അടുത്ത 5 വര്‍ഷത്തില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍; പദ്ധതിക്ക് സര്‍ക്കാരുമായി കൈ കോര്‍ക്കുമെന്ന് സിഐഐ

കേരളത്തില്‍ നിലവിലുള്ള പതിനഞ്ചോളം വ്യവസായ സംരംഭകര്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് സര്‍വേ. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വേയിലാണ് 1500 കോടി രൂപ മതിയ്ക്കുന്ന സംരംഭകരുടെ വികസനപദ്ധതികള്‍ സംബന്ധിച്ച് നിക്ഷേപങ്ങള്‍ക്കുള്ള താല്‍പ്പര്യങ്ങള്‍ കണ്ടെത്തിയതെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാന്‍ സി കെ രംഗനാഥന്‍ വ്യക്തമാക്കി.

വ്യവസായങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വേ സംഘടിപ്പിച്ചതെന്നും സൂം വഴി സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വ്യവസായിക വളര്‍ച്ചയിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവിന്റെ കാര്യത്തിലും പിന്നില്‍ നില്‍ക്കുന്ന വടക്കന്‍ കേരളത്തിലാകും പുതിയ സാധ്യതകള്‍ ഏറെയും കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഡിമാന്‍ഡ് വര്‍ധനയും അടുത്ത അഞ്ചു വര്‍ഷത്തില്‍ 5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിയ്ക്കാനാണ് സിഐഐ ലക്ഷ്യമിടുന്നത്. എഫ്എംസിജി, ആയുര്‍വേദ, മെഡിക്കല്‍ ഉപകരണ പാര്‍ക്കുകളില്‍ സര്‍ക്കാരുമായി സഹകരിച്ച് നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ആണ് സിഐഐ പ്രധാനമായും ശ്രമിക്കുക.

ഒരു ഇന്‍ഡസ്ട്രീസ് ഫെസിലിറ്റേഷന്‍ സെല്‍ സ്ഥാപിക്കുക, ഡിജിറ്റല്‍ മികവില്‍ നൈപുണ്യം നല്‍കുന്ന പരിശീലനം ലഭ്യമാക്കുക, കുടുംബശ്രീ, അസാപ്, കേസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ മാനവവിഭവശേഷി സ്രോതസ്സുകളുടെ ശേഷി വികസനം തുടങ്ങിവ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.

സാധ്യതകള്‍ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനും വിദഗ്ധരുടെ സംഘം രൂപീകരിക്കാനും (കേഡര്‍ ഓഫ് ബെയര്‍ഫുട് കൗണ്‍സലേഴ്സ്) പരിപാടിയുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി രാജ്യമെമ്പാടുമായി വന്‍പദ്ധതികള്‍ക്കാണ് സിഐഐ നേതൃത്വം നല്‍കുന്നതെന്നും സി കെ രംഗനാഥന്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 15,411 എംഎസ്എംഇ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചെന്നും സിഐഐ കേരളാ സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടി. വ്യവസായ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ് സംസ്ഥാനത്തെ സാഹചര്യങ്ങളെന്ന് വിരല്‍ ചൂണ്ടുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് എംഎസ്എംഇ ലോണ്‍ മേള, എംഎംസ്എംഇളുടെ ബിസിനസ് വിപുലീകരിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി നിരവധി പദ്ധതികളാണ് സി ഐ ഐ നേതൃത്വം നൽകി നടത്തുന്നത്. ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഡിജിറ്റല്‍ പ്രാവീണ്യം ലക്ഷ്യമിട്ട് ഇന്ത്യ ഐടി സമ്മിറ്റും സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ട്.

എറണാകുളം കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടപ്പാക്കിയ 500 കിടയ്ക്കയുള്ള കോവിഡ് ഹോസ്പിറ്റല്‍, 8 കോടി രൂപ മുടക്കി നടപ്പാക്കിയ 1850 ഓക്‌സിജന്‍ കിടയ്ക്കകള്‍ എന്നിവയുള്‍പ്പെടെ കോവിഡ് ചെറുക്കുന്നതിനായി സിഐഐ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളേയും ശ്രീനാഥ് പരാമര്‍ശിച്ചു. സിഐഐ കേരളാ വൈസ് ചെയര്‍മാനും കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജീമോന്‍ കോരയും ചടങ്ങില്‍ സംസാരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it