തീന്മേശയിലേക്ക് പുതുരുചി പകരാന്‍ രണ്ട് പുത്തന്‍ നെയ്മീന്‍ കൂടി
നെയ്മീന്‍ പ്രേമികളെ കൊതിപ്പിക്കാന്‍ ഇന്ത്യയുടെ കടല്‍ മത്സ്യസമ്പത്തിലേക്ക് രണ്ട് ഇനങ്ങള്‍ കൂടി എത്തിയിരിക്കുന്നു. പുതുതായി കണ്ടെത്തിയ അറേബ്യന്‍ സ്പാരോ നെയ്മീനാണ് ഇതിലൊന്ന്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസല്‍സ് പുള്ളിനെയ്മീനാണ്. ഇതോടെ, ഇന്ത്യന്‍ കടലുകളില്‍ നെയ്മീന്‍ ഇനങ്ങളുടെ എണ്ണം നിലവിലെ നാലില്‍ നിന്ന് ആറായി ഉയര്‍ന്നു. രുചിയില്‍ കേമനായ നെയ്മീന്‍ ഏറെ ആവശ്യക്കാരുള്ളതും ഉയര്‍ന്ന വിപണി മൂല്യമുള്ളതുമാണ്.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സി.എം.എഫ്.ആര്‍.ഐ) പുതിയ കണ്ടെത്തല്‍. ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളില്‍ നടത്തിയ വിശദമായ വര്‍ഗീകരണ-ജനിതക പഠനമാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തില്‍ വ്യക്തമായി.