പരസ്യചെലവ്: കല്യാണും ജോയ് ആലുക്കാസും 100 കോടി ക്ലബ്ബിൽ
പരസ്യങ്ങളെ നിക്ഷേപമായി നോക്കിക്കാണുന്ന കോർപ്പറേറ്റുകളുടെ എണ്ണം രാജ്യത്ത് വർധിച്ചു വരികയാണെന്ന് റിപ്പോർട്ട്. പണ്ട് പലർക്കും പരസ്യം ഒരു അധിക ചെലവായിരുന്നെങ്കിൽ ഇന്ന് അത് നിക്ഷേപമാണെന്ന് 2018 പിച്ച് മാഡിസൺ അഡ്വെർടൈസിംഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പരസ്യങ്ങൾക്ക് 100 കോടി രൂപയിലധികം ചെലവഴിച്ച കമ്പനികളുടെ നിരയിലേക്ക് ഇപ്പോൾ കേരളത്തിലെ ജൂവലറി ഗ്രൂപ്പുകളായ കല്യാൺ ജൂവല്ലേഴ്‌സും ജോയ് ആലുക്കാസും എത്തിയിരിക്കുകയാണ്.
പുതുതായി ഈ 100 കോടി ക്ലബ്ബിലെത്തിയ സ്ഥാപനങ്ങൾക്ക് അവരുടെ പരസ്യത്തിലുള്ള നിക്ഷേപത്തിനനുസരിച്ച് സെയിൽസ് മെച്ചപ്പെടുന്നുണ്ടെന്നും വൻകിട കമ്പനികളുമായി മത്സരിക്കാൻ ഇത് അവരെ പ്രാപ്തരാക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
മടിച്ചുനിൽക്കുന്ന പല ആളുകളെയും ഉപഭോക്തൃ ശ്രേണിയിലേക്കെത്തിക്കാനും പുതിയ മാർക്കറ്റുകൾ കണ്ടെത്താനും പരസ്യം വലിയ പങ്കാണ് വഹിക്കുന്നതെന്ന് സംരംഭകർ സാക്ഷ്യപ്പെടുത്തുന്നു.