സൂയസ് കനാലില്‍ പ്രതിസന്ധി: ഇന്ത്യന്‍ ക്യാപ്റ്റനും ക്രൂവും നിയമനടപടി നേരിടേണ്ടി വന്നേക്കും

സൂയസ് കനാലിന്റെ തീരത്ത് ഇടിച്ചുകയറി നിന്ന് ആറ് ദിവസം ഈജിപ്തിനെയും ലോകത്തെയാകെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ എവര്‍ ഗിവണ്‍ കണ്ടെയ്‌നര്‍ കപ്പലിലെ ക്യാപ്റ്റനും ക്രൂ അംഗങ്ങളും ഈജിപ്തില്‍ നിയമനടപടി നേരിടേണ്ടി വന്നേക്കും. കപ്പല്‍ തീരത്ത് ഇടിച്ചു കയറാനുണ്ടായ കാരണം വ്യക്തമാകാന്‍ വിശദമായ അന്വേഷണം ആവശ്യമായതിനാല്‍ ക്യാപ്റ്റനും ചില ക്രൂ അംഗങ്ങളും ഈജിപ്തില്‍ തന്നെ തുടരേണ്ടിവരുമെന്നാണ് സൂചന. അവരെ കരുതല്‍ തടങ്കലിലാക്കാനുള്ള സാധ്യതയും കപ്പല്‍ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തള്ളിക്കളയുന്നില്ല. കനാല്‍ പൈലറ്റുമാരെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ പൈലറ്റിനെയും ചില ക്രൂ അംഗങ്ങളെയും ഈജിപ്ഷ്യന്‍ അധികൃതര്‍ ബലിയടാക്കുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ രാജ്യാന്തര നിയമങ്ങളനുസരിച്ച് മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂവെന്നതിനാല്‍ കപ്പലിലെ ജീവനക്കാരെ ഇജിപ്തിന് വിട്ടുകൊടുക്കാന്‍ എവര്‍ ഗിവണിന്റെ ഉടമകള്‍ തയ്യാറാകില്ല. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ശ്കതമായ ഇടപെടലുണ്ടാകും.

സൂയസ് കനാലിലൂടെ കപ്പല്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി കപ്പലിന്റെ ക്യാപ്റ്റനാണെന്നാണ് ഈജിപ്ത്യന്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിയമനടപടിയുടെ മുന്നോടിയായി ഈജിപ്ഷ്യന്‍ കനാല്‍ പൈലറ്റുമാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കപ്പലുകള്‍ക്ക് സൂയസ് കനാലില്‍ വഴി കാട്ടാന്‍ കയറുന്നവരാണ് കനാല്‍ പൈലറ്റുമാര്‍. ഇവരും കപ്പലിന്റെ ക്യാപ്റ്റനും തമ്മിലുള്ള ആശയവിനിമയത്തില്‍ തകരാറുണ്ടായിരുന്നോ ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ തുടങ്ങിയവയാണ് തുടക്കത്തില്‍ അന്വേഷിക്കുന്നതെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റുമാര്‍ കപ്പല്‍ നയിക്കാന്‍ പ്രാപ്തരായിരുന്നോ എങ്ങനെയാണ് അവര്‍ ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എവര്‍ ഗിവണിനെ നിയന്ത്രിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ഇവര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും കപ്പലിന്റെ ക്യാപ്റ്റനില്‍ നിന്ന് വിവരം ശേഖരിക്കുക.
കനത്ത കാറ്റിലും തുടര്‍ന്നുണ്ടായ പൊടിക്കാറ്റിലും പെട്ടാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നായിരുന്നു ഈജിപ്ഷ്യന്‍ അധികൃതരില്‍ നിന്ന് നേരത്തെ ഉണ്ടായ വിശദീകരണം. എന്നാല്‍ സാങ്കേതിക തകരാറുണ്ടാകുകയോ കപ്പല്‍ കൈകാര്യം ചെയ്തവര്‍ക്ക് കൈയബദ്ധം സംഭവിക്കുകയോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളാനാകില്ലെന്ന് സൂയസ് കനാല്‍ അതോറിട്ടി ഉദ്യോഗസ്ഥനായ ജനറല്‍ ഒസാമാ റാബീ പറഞ്ഞു.
അതേസമയം അപകടത്തിനിടയാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എവര്‍ ഗിവണില്‍ കയറിയ കനാല്‍ പൈലറ്റുമാരും ക്യാപ്റ്റനുമായി തര്‍ക്കമുണ്ടായെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്ത. സൂയസ് കനാലിലൂടെ വരുന്ന കപ്പലുകളില്‍ കനാല്‍ പൈലറ്റുമാരായി എത്തുന്ന ഈജിപ്തുകാര്‍ പാരിതോഷികമായി സിഗരറ്റുകള്‍ ചോദിക്കുന്ന പതിവുണ്ട്. ഈജിപ്തില്‍ വിദേശ സിഗരറ്റുകള്‍ക്ക് വലിയ വിലയാണ്. എന്നാല്‍ സീറോ കറപ്ഷന്‍ പോളിസിയുള്ള ചില കപ്പലുകളിലെ ജീവനക്കാര്‍ ഇത് നല്‍കാന്‍ വിസമ്മതിക്കാറുണ്ട്. എവര്‍ ഗിവണിലെ ക്യാപ്റ്റന്‍ കനാല്‍ പൈലറ്റുമാര്‍ക്ക് സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ ഈഗോ ക്ലാഷിന്റെ ഫലമായി സംഭവിച്ച ആശയക്കുഴപ്പമാണ് കപ്പല്‍ തീരത്ത് ഇടിക്കാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എവര്‍ ഗിവണിലെ ക്യാപ്റ്റന്റെ പ്രസ്താവന എന്ന നിലയിലാണ് കപ്പലിലുണ്ടായ സംഭവങ്ങള്‍ വിവരിക്കുന്ന സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹമാണെന്നാണ് അധികൃതരുടെ വിശദീകരണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it